അവസാന ആറ് വിക്കറ്റുകള്‍ വീണത് 16 റണ്‍സിനിടെ; മികച്ച തുടക്കം ലഭിച്ചിട്ടും നിരാശപ്പെടുത്തി ബാറ്റര്‍മാര്‍; കേരളത്തെ എറിഞ്ഞിട്ട് യാഷ് താക്കൂര്‍; മുഷ്താഖ് അലി ട്രോഫിയിലും വിദര്‍ഭക്ക് മുന്നില്‍ കീഴടങ്ങി കേരളം
ലക്‌നൗ: ആഭ്യന്തര ക്രിക്കറ്റില്‍ വിദര്‍ഭയുടെ പോരാട്ടവീര്യത്തിന് മുന്നില്‍ കീഴടങ്ങി കേരളം. കഴിഞ്ഞ സീസണിലെ രഞ്ജി ട്രോഫി ഫൈനലില്‍ കേരളത്തില്‍ നിന്ന് കിരീടം തട്ടിയെടുത്ത വിദര്‍ഭ ഇത്തവണ മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റിലാണ് കേരളത്തെ വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം 19.2 ഓവറില്‍ 164 റണ്‍സിന് പുറത്തായപ്പോള്‍ 18.3 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ വിദര്‍ഭ ലക്ഷ്യത്തിലെത്തി. അര്‍ധസെഞ്ചുറി നേടിയ രോഹന്‍ കുന്നുമ്മലും വിഷ്ണു വിനോദിനും പുറമെ അബ്ദുള്‍ ബാസിത് മാത്രമാണ് കേരളത്തിനായി രണ്ടക്കം കടന്നത്. അവസാന ആറ് വിക്കറ്റുകള്‍ 16 റണ്‍സിനിടെ കേരളം വലിച്ചെറിഞ്ഞപ്പോള്‍ ഓപ്പണറായി ഇറങ്ങിയ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ നാലു പന്തില്‍ ഒരു റണ്‍സ് മാത്രമെടുത്ത് മടങ്ങി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ വിദര്‍ഭയ്ക്ക് ഓപ്പണര്‍ അഥര്‍വ ടൈഡെ വെടിക്കെട്ട് തുടക്കമാണ് സമ്മാനിച്ചത്. ടീം ഏഴോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 68 റണ്‍സിലെത്തി. ആധ്യായന്‍ ഡാഗ(22), ധ്രുവ് ഷോറെ(22)എന്നിവരുമായി ചേര്‍ന്ന് ടൈഡെ ടീം സ്‌കോറുയര്‍ത്തി. 36 പന്തില്‍ 54 റണ്‍സെടുത്താണ് താരം പുറത്തായത്. ഏഴുഫോറുകളും രണ്ട് സിക്സറുകളും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്. അഞ്ചാം വിക്കറ്റില്‍ ശിവം ദേശ്മുഖും(29) വരുണ്‍ ബിഷ്തും(22) ചേര്‍ന്ന് ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു.
165 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ വിദര്‍ഭക്കായി ഓപ്പണര്‍ അഥര്‍വ ടൈഡെ 36 പന്തില്‍ 54 റണ്‍സടിച്ചപ്പോള്‍ ധ്രൂവ് ഷോറെ 16 പന്തില്‍ 22 റണ്‍സടിച്ചു. ഓപ്പണിംഗ് വിക്കറ്റില്‍ 4.2 ഓവറില്‍ 48 റണ്‍സടിച്ച അഥര്‍വ ടൈഡെ അമാന്‍ മൊഖാഡെ സഖ്യം വിദര്‍ഭക്ക് മികച്ച തുടക്കമാണ് നല്‍കിയത്. 8 റണ്‍സെടുത്ത അമാന്‍ മൊഖാഡെയെ ഷറഫുദ്ദീന്‍ മടക്കിയെങ്കിലും ആധ്യയാന്‍ ദാഗയെ(15 പന്തില്‍ 16) കൂട്ടുപിടിച്ച് ടൈഡെ പൊരുതി. സ്‌കോര്‍ 112ല്‍ നില്‍ക്കെ ധ്രുവ് ഷോറെയെയും(16 പന്തില്‍ 22) അഥര്‍വ ടൈഡെയെയും നഷ്ടമായെങ്കിലും ശിവം ദേശ്മുഖും(18 പന്തില്‍ 29*) വരുണ്‍ ബിഷ്ടും(20 പന്തില്‍ 22*) ചേര്‍ന്ന് വിദര്‍ഭയെ വിജയവര കടത്തി.
നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ കേരളം വിഷ്ണു വിനോദിന്റെയും രോഹന്‍ കുന്നുമ്മലിന്റെയും അര്‍ധസെഞ്ചുറികളുടെ മികവിലാണ് മികച്ച സ്‌കോര്‍ കുറിച്ചത്. രോഹന്‍ കുന്നുമ്മല്‍ 35 പന്തില്‍ 58 റണ്‍സടിച്ചപ്പോള്‍ വിഷ്ണു വിനോദ് 37 പന്തില്‍ 65 റണ്‍സെടുത്തു. 16 റണ്‍സെടുത്ത അബ്ദുള്‍ ബാസിത് മാത്രമാണ് കേരള നിരയില്‍ രണ്ടക്കം കടന്ന മറ്റൊരു താരം. പതിനാറാം ഓവറില്‍ 148-4 എന്ന മികച്ച നിലയില്‍ നിന്ന് കേരളം 16 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ 19.2 ഓവറില്‍ 164 റണ്‍സിന് പുറത്താവുകയായിരുന്നു. വിദര്‍ഭക്കായി യാഷ് താക്കൂര്‍ 16 റണ്‍സിന് അഞ്ച് വിക്കറ്റെടുത്തപ്പോള്‍ ആധ്യയാന്‍ ദാഗ 22 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.
നാലു കളികളില്‍ കേരളത്തിന്റെ രണ്ടാം തോല്‍വിയാണിത്. ആദ്യ മത്സരത്തില്‍ ഒഡിഷയെ തോല്‍പ്പിച്ച കേരളം രണ്ടാം മത്സരത്തില്‍ റെയില്‍വേയോട് തോറ്റിരുന്നു. മൂന്നാം മത്സരത്തില്‍ ഛത്തീസ്ഗഡിനെ തോല്‍പിച്ച് വീണ്ടും വിജയവഴിയിലെത്തിയെങ്കിലും ഇന്നത്തെ തോല്‍വി കേരളത്തിന് കനത്ത തിരിച്ചടിയാകും. അടുത്ത മത്സരത്തില്‍ കരുത്തരായ മുംബൈ ആണ് കേരളത്തിന്‍രെ എതിരാളികള്‍.
