ജഡേജയുടെ പരിചയസമ്പത്തും ജയ്സ്വാളിന്റെ 'ക്യാപ്റ്റന്‍' മോഹവും തള്ളി; ടീമിനെ നയിക്കാന്‍ വേണ്ടത് യുവരക്തം; ടീം മാനേജ്‌മെന്റിന്റെ താല്‍പര്യം തിരിച്ചറിഞ്ഞ് സംഗക്കാര; സഞ്ജുവിന്റെ പിന്‍ഗാമിയെ പ്രഖ്യാപിച്ച് രാജസ്ഥാന്‍ റോയല്‍സ്; ഇനി 'പരാഗ്' യുഗം!

Update: 2026-02-13 11:53 GMT

ജയ്പൂര്‍: കാത്തിരിപ്പിന് ഒടുവില്‍ സഞ്ജു സാംസന്റെ പിന്‍ഗാമിയെ പ്രഖ്യാപിച്ച് രാജസ്ഥാന്‍ റോയല്‍സ്. ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗാണ് രാജസ്ഥാന്റെ പുതിയ ക്യാപ്റ്റന്‍. സമൂഹമാധ്യമങ്ങളിലെ ഔദ്യോഗിക പേജിലൂടെയാണ് രാജസ്ഥാന്‍ പ്രഖ്യാപനം നടത്തിയത്. അടുത്ത മാസം ഐപിഎല്‍ സീസണ്‍ ആരംഭിക്കുന്നതിനു മുന്നോടിയായിട്ടാണ് തീരുമാനം. സീനിയര്‍ താരം രവീന്ദ്ര ജഡേജയെയും യുവതാരം യശസ്വി ജയ്സ്വാളിനെയും തഴഞ്ഞാണ് രാജസ്ഥാന്‍ ടീം മാനേജ്മെന്റ് സഞ്ജുവിന്റെ പിന്‍ഗാമിയെ കണ്ടെത്തിയത്. മുഖ്യ പരിശീലകന്‍ കുമാര്‍ സംഗക്കാര ടീമിലെ താരങ്ങളുമായി അഭിമുഖം നടത്തിയാണ് പുതിയ ക്യാപ്റ്റനായി റിയാന്‍ പരാഗിന്റെ പേര് നിര്‍ദേശിച്ചതെന്ന് 'ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോ' റിപ്പോര്‍ട്ട് ചെയ്തു. ജയ്സ്വാളിനും പരാഗിനുമൊപ്പം യുവതാരം ധ്രുവ് ജുറെലിനെയും രാജസ്ഥാന്‍ നായകസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു.

കഴിഞ്ഞ അഞ്ച് സീസണുകളില്‍ ടീമിനെ നയിച്ച മലയാളി താരം സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് ചേക്കേറിയതോടെയാണ് രാജസ്ഥാനു പുതിയ ക്യാപ്റ്റനെ തേടേണ്ടി വന്നത്. സഞ്ജുവിന്റെ പിന്‍ഗാമിയായി പരാഗ് ഇനി രാജസ്ഥാനെ നയിക്കും. ടീമിന്റെ ഏഴാമത്തെ ക്യാപ്റ്റനാണ് താരം. സഞ്ജുവിനെ കൂടാതെ ഷെയ്ന്‍ വോണ്‍, രാഹുല്‍ ദ്രാവിഡ്, ഷെയ്ന്‍ വാട്‌സന്‍, അജിന്‍ക്യാ രഹാനെ, സ്റ്റീവ് സ്മിത്ത് എന്നിവരാണ് ഇതിന് മുന്‍പ് രാജസ്ഥാനെ നയിച്ചവര്‍.

സഞ്ജുവിനു പകരം ടീമിലേക്ക് എത്തിയ വെറ്ററന്‍ താരം രവീന്ദ്ര ജഡേജ, യുവതാരം യശസ്വി ജയ്സ്വാള്‍, വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേല്‍ എന്നിവരുടെ പേരും നായകസ്ഥാനത്തേയ്ക്കു പറഞ്ഞുകേട്ടിരുന്നു. എന്നാല്‍ റിയാന്‍ പരാഗിനാണ് മുഖ്യ പരിശീലകന്‍ കുമാര്‍ സംഗക്കാര മുന്‍ഗണന നല്‍കിയത്. കഴിഞ്ഞ സീസണില്‍ പരുക്കിനെ തുടര്‍ന്ന് സഞ്ജു ചില മത്സരങ്ങളില്‍ കളിക്കാതിരുന്നപ്പോള്‍ പരാഗാണ് രാജസ്ഥാനെ നയിച്ചിരുന്നത്.

ഇന്ത്യന്‍ ടീമിലെ സ്ഥിരം സാന്നിധ്യം എന്ന നിലയില്‍ ജഡേജയ്‌ക്കോ ജയ്സ്വാളിനോ ആയിരുന്നു ആരാധകര്‍ കൂടുതല്‍ സാധ്യത കല്‍പ്പിച്ചിരുന്നത്. നായകസ്ഥാനം വാഗ്ദാനം ചെയ്താണ് ജഡേജയെ ടീമിലെത്തിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജയ്സ്വാളാകാട്ടെ രാജസ്ഥാന്‍ നായകനാവാനുള്ള ആഗ്രഹം മുന്‍പു പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ദീര്‍ഘകാലാടിസ്ഥാനത്തില്‍ ടീമിനെ നയിക്കാന്‍ യുവതാരമായ പരാഗാണ് നല്ലതെന്ന് ടീം മാനേജ്മെന്റ് ഒടുവില്‍ തീരുമാനിക്കുകയായിരുന്നു. ഇന്ത്യയ്ക്കു വേണ്ടി 9 ട്വന്റി 20കളിലും ഒരു ഏകദിനത്തിലും പരാഗ് കളിച്ചിട്ടുണ്ട്.

ചെന്നൈയില്‍ നിന്ന് ട്രേഡിംഗിലൂടെ എത്തിയ രവീന്ദ്ര ജഡേജയുടെ പരിചയസമ്പത്തിനെക്കാള്‍ പരാഗിന്റെ യുവത്വത്തിനാണ് സംഗക്കാര മുന്‍ഗണന നല്‍കിയത്. ഇതാദ്യമായല്ല പരാഗ് രാജസ്ഥാന്റെ നായകനാകുന്നത്. കഴിഞ്ഞ സീസണുകളില്‍ സഞ്ജു പരിക്കിന്റെ പിടിയിലായപ്പോള്‍ 8 മത്സരങ്ങളില്‍ പരാഗ് ടീമിനെ നയിച്ചിരുന്നു. അന്ന് ബാറ്റിംഗില്‍ മികച്ച പ്രകടനം പുറത്തെടുത്ത പരാഗ്, കൊല്‍ക്കത്തയ്ക്കെതിരെ 95 റണ്‍സെടുത്ത് തിളങ്ങുകയും ചെയ്തു. എന്നാല്‍ പരാഗ് നയിച്ച 8 മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമേ രാജസ്ഥാന് ജയിക്കാനായുള്ളു.

11 വര്‍ഷം നീണ്ട ബന്ധം അവസാനിപ്പിച്ചാണ് സഞ്ജു സാംസണ്‍ കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ വിട്ടത്. പരസ്പര ധാരണപ്രകാരമുള്ള കൈമാറ്റത്തിലൂടെ 18 കോടി രൂപക്ക് സഞ്ജുവിനെ ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്വന്തമാക്കിയപ്പോള്‍ പകരം രവീന്ദ്ര ജഡേജയും സാം കറനും രാജസ്ഥാനിലെത്തി. സഞ്ജുവിന്റെ കീഴില്‍ 2022-ല്‍ രാജസ്ഥാന്‍ റണ്ണറപ്പുകളായിരുന്നു.

Similar News