അന്ന് സീനിയേഴ്‌സ് ടീമില്‍ ഉണ്ടായിരുന്നു; ഞാനായിരുന്നു വൈസ് ക്യാപ്റ്റന്‍; പക്ഷേ ധോണി പെട്ടെന്നു നായകനായി; ഹൈദരാബാദ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് അഭിഷേകിനെ പരിഗണിക്കാത്തതില്‍ അതൃപ്തി തുറന്നു പറഞ്ഞ് യുവരാജ് സിങ്

Update: 2026-04-04 13:55 GMT

മുംബൈ: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് അഭിഷേക് ശര്‍മയെ പരിഗണിക്കാത്തതിലുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്. ഒരു പോഡ്കാസ്റ്റിലാണ് തന്റെ ശിഷ്യന്‍ കൂടിയായ അഭിഷേകിന് വേണ്ടി യുവരാജ് ശബ്ദമുയര്‍ത്തിയത്. ഏഴ് വര്‍ഷമായി സണ്‍റൈസേഴ്‌സ് ടീമിനായി ആത്മാവും ഹൃദയവും നല്‍കി കളിക്കുന്ന താരമാണ് അഭിഷേക് ശര്‍മയെന്ന് യുവരാജ് ഓര്‍മ്മിപ്പിച്ചു. തന്റെ വാദത്തിന് ശക്തിപകരാന്‍ മഹേന്ദ്ര സിങ് ധോണി ഇന്ത്യന്‍ നായകനായ സാഹചര്യത്തെയും യുവരാജ് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നുണ്ട്. താന്‍ ഇന്ത്യന്‍ ടീമില്‍ വൈസ് ക്യാപ്റ്റനായിരുന്ന കാലത്തെ അനുഭവം പങ്കുവെച്ചുകൊണ്ടാണ് ധോണിയുടെ ഉദാഹരണം യുവരാജ് മുന്നോട്ടുവെച്ചത്. ഇന്ത്യന്‍ കളിച്ചിരുന്ന കാലത്ത് സീനിയര്‍ താരങ്ങള്‍ ടീമിലുണ്ടായപ്പോഴും പല കാരണങ്ങള്‍കൊണ്ടും എം.എസ്. ധോണി ഇന്ത്യന്‍ ക്യാപ്റ്റനായെന്നു യുവരാജ് സിങ് പറയുന്നു.

വര്‍ഷങ്ങളോളം അഭിഷേക് ശര്‍മ യുവരാജ് സിങ്ങിനു കീഴില്‍ പരിശീലിച്ചിരുന്നു. ഇഷാന്‍ കിഷനോട് താല്‍പര്യമുണ്ടെങ്കിലും ക്യാപ്റ്റന്‍ സ്ഥാനം നല്‍കിയതില്‍ തൃപ്തിയില്ലെന്നും യുവരാജ് ഒരു പോഡ്കാസ്റ്റില്‍ പ്രതികരിച്ചു. അഭിഷേകും ഇഷാനും തമ്മില്‍ നല്ല സൗഹൃദമാണുള്ളതെന്നും എന്നാല്‍ ടീം മാനേജ്മെന്റിന്റെ തീരുമാനത്തോടാണ് തനിക്ക് വിയോജിപ്പെന്നും അദ്ദേഹം പറഞ്ഞു.

''എനിക്കു കുറച്ചു സങ്കടമുണ്ട്. പക്ഷേ ഇഷാന്‍ കിഷനെ ഇഷ്ടവുമാണ്. ഞാന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ വളര്‍ച്ച കണ്ട ആളാണ്. ഒരു കളിക്കാരന്റെ കാഴ്ചപ്പാടില്‍ ഉദാഹരണം എടുത്തുനോക്കാം. ലോകകപ്പിനു മുന്‍പ് അഭിഷേക് ശര്‍മ ടീമിലേക്കു വരികയാണ്. അദ്ദേഹത്തിന്റെ സ്റ്റേറ്റ് ടീം വിജയിച്ചു. സെഞ്ചറി നേടി. തുടര്‍ന്നു ലോകകപ്പിലും സ്‌കോര്‍ കണ്ടെത്തി. ഇന്ത്യ ലോകകപ്പ് വിജയിച്ചു. തുടര്‍ന്ന് അദ്ദേഹം ക്യാപ്റ്റന്‍ സ്ഥാനത്തേക്കു വരുന്നു. എന്നാല്‍ ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ ഒരു താരം ഫ്രാഞ്ചൈസിക്കൊപ്പം ഏഴു വര്‍ഷം കളിക്കുകയാണ്. ഹൃദയവും ആത്മാവും ടീമിനായി നല്‍കുന്നു. സംസ്ഥാന ടീമിനെ നയിക്കുന്നു. എന്നിട്ടും ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റന്‍സി ലഭിക്കുന്നില്ല. എന്ത് മാനസികാവസ്ഥയിലാണ് അവന്‍ കളിക്കുക? പക്ഷേ ഇഷാന്‍ കിഷനുമായി അഭിഷേകിനു നല്ല ബന്ധമാണുള്ളത്.''- യുവരാജ് വ്യക്തമാക്കി.

''ഉദാഹരണത്തിന്, ഞാന്‍ ഇന്ത്യന്‍ ടീമില്‍ കളിക്കുമ്പോള്‍ സീനിയേഴ്‌സായ ഹര്‍ഭജന്‍ സിങ്ങും വീരേന്ദര്‍ സേവാഗും അവിടെയുണ്ട്. ഞാനായിരുന്നു ആ സമയത്തെ വൈസ് ക്യാപ്റ്റന്‍. പക്ഷേ ധോണി പെട്ടെന്ന് ക്യാപ്റ്റനായി. ഇന്ത്യന്‍ ടീമിനെ നയിക്കാനും വലിയ കാര്യങ്ങള്‍ ചെയ്യാനും ഒരാളെ നിയോഗിക്കപ്പെട്ടപോലെയായിരുന്നു അത്. പക്ഷേ ഒരു ടീമിനായി വര്‍ഷങ്ങളോളം ഒരുപാടു കാര്യങ്ങള്‍ ചെയ്തിട്ട് ഇങ്ങനെ സംഭവിച്ചാല്‍ താരത്തിന് അതു വേദനയുണ്ടാക്കും.''- യുവരാജ് പ്രതികരിച്ചു. ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കമിന്‍സ് കളിക്കാത്ത സാഹചര്യത്തിലാണ് ഇഷാന്‍ കിഷനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ക്യാപ്റ്റനാക്കിയത്.

Similar News