അര്‍ധസെഞ്ചുറിയുമായി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്; നിരാശപ്പെടുത്തി റിക്കെല്‍ട്ടണും തിലക് വര്‍മയും റൂഥര്‍റഫോര്‍ഡും; മുംബൈയെ 160 കടത്തിയത് വാലറ്റക്കാര്‍; ഡല്‍ഹിക്ക് 163 റണ്‍സ് വിജയലക്ഷ്യം
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ശനിയാഴ്ചത്തെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 163 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സടിച്ചു. അര്‍ധസെഞ്ചുറി തികച്ച ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവാണ് (51 റണ്‍സ്) മുംബൈയുടെ ടോപ് സ്‌കോറര്‍. 36 പന്തുകള്‍ നേരിട്ട സൂര്യ രണ്ട് സിക്‌സും മൂന്നു ഫോറുകളുമുള്‍പ്പടെ 51 റണ്‍സാണു നേടിയത്. രോഹിത് ശര്‍മ 26 പന്തില്‍ 35 റണ്‍സും നമന്‍ ധീര്‍ 21 പന്തില്‍ 28 റണ്‍സും എടുത്തു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈയെ ഡല്‍ഹി ബൗളര്‍മാര്‍ ഞെട്ടിച്ചു. 18 റണ്‍സിനിടെ തന്നെ രണ്ട് വിക്കറ്റുകള്‍ മുംബൈക്ക് നഷ്ടമായി. ഓപ്പണര്‍ റയാന്‍ റിക്കെല്‍ട്ടണും തിലക് വര്‍മയുമാണ് പുറത്തായത്. റിക്കെല്‍ട്ടണ്‍ ഒന്‍പത് റണ്‍സെടുത്തപ്പോള്‍ തിലക് വര്‍മ ഡക്കായി മടങ്ങി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒന്നിച്ച രോഹിത് ശര്‍മയും നായകന്‍ സൂര്യകുമാര്‍ യാദവും ടീമിനെ കരകയറ്റി. ഇരുവരും ഡല്‍ഹി ബൗളര്‍മാര്‍ക്ക് പിടികൊടുക്കാതെ സ്‌കോറുയര്‍ത്തി.
ഏഴോവറില്‍ മുംബൈ അമ്പത് കടന്നു. പതിയെ ആണ് തുടങ്ങിയതെങ്കിലും പിന്നീട് രോഹിത്തും സൂര്യകുമാറും ട്രാക്ക് മാറ്റിയതോടെയാണ് മുംബൈ സ്‌കോര്‍ ഏഴുപത് കടന്നത്. ഒടുക്കം പത്താം ഓവറില്‍ രോഹിത്തിനെ പുറത്താക്കി അക്ഷര്‍ പട്ടേല്‍ കൂട്ടുകെട്ട് പൊളിച്ചു. 26 പന്തില്‍ നിന്ന് 35 റണ്‍സെടുത്താണ് രോഹിത് പുറത്തായത്. 11 ഓവര്‍ അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സെന്ന നിലയിലായിരുന്നു മുംബൈ. പിന്നീടിറങ്ങിയ ഷെര്‍ഫെയ്ന്‍ റൂഥര്‍റഫോര്‍ഡ് അഞ്ച് റണ്‍സെടുത്ത് മടങ്ങി.
അഞ്ചാം വിക്കറ്റില്‍ സൂര്യ, നമാന്‍ ധിര്‍ ചേര്‍ന്ന് ടീമിനെ നൂറുകടത്തി. പിന്നാലെ സൂര്യ അര്‍ധസെഞ്ചുറിയും തികച്ചു. 16-ാം ഓവറില്‍ സൂര്യയും കൂടാരം കയറിതോടെ മുംബൈ പ്രതിരോധത്തിലായി. 36 പന്തില്‍ 51 റണ്‍സാണ് മുംബൈ നായകന്റെ സമ്പാദ്യം. എന്നാല്‍ അടിച്ചുകളിച്ച നമാന്‍ മുംബൈക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചു. താരം 21 പന്തില്‍ നിന്ന് 28 റണ്‍സെടുത്താണ് പുറത്തായത്. മിച്ചല്‍ സാന്റ്നര്‍ 13 പന്തില്‍ നിന്ന് 18 റണ്‍സും കോര്‍ബിന്‍ ബോഷ് 11 റണ്‍സെടുത്തും പുറത്താവാതെ നിന്നു.
പവര്‍പ്ലേയില്‍ 41 റണ്‍സാണു മുംബൈ നേടിയത്. സ്‌കോര്‍ 71 ല്‍ നില്‍ക്കെ രോഹിത് ശര്‍മയെ ഡല്‍ഹി ക്യാപ്റ്റന്‍ അക്ഷര്‍ പട്ടേല്‍ നിതീഷ് റാണയുടെ കൈകളിലെത്തിച്ചു. അഞ്ച് റണ്‍സെടുത്ത ഷര്‍ഫെയ്ന്‍ റുഥര്‍ഫോഡ് വിപ്രജ് നിഗമിന്റെ പന്തിലാണു പുറത്താകുന്നത്. 14 ഓവറിലാണ് മുംബൈ 100 പിന്നിട്ടത്. അര്‍ധ സെഞ്ചറി നേടിയ സൂര്യകുമാര്‍ യാദവ് കൂടി പുറത്തായതോടെ മുംബൈ പ്രതിരോധത്തിലായി.
മിച്ചല്‍ സാന്റ്‌നറെ കൂട്ടുപിടിച്ച് നമന്‍ ധീര്‍ മികച്ചൊരു കൂട്ടുകെട്ട് ഉണ്ടാക്കാന്‍ ശ്രമിക്കുന്നതിനിടെ, ടി. നടരാജന്റെ പന്തില്‍ ട്രിസ്റ്റന്‍ സ്റ്റബ്‌സ് ക്യാച്ചെടുത്ത് മടങ്ങി. വാലറ്റത്ത് മിച്ചല്‍ സാന്റ്‌നറും (13 പന്തില്‍ 18), കോര്‍ബിന്‍ ബോഷും (നാലു പന്തില്‍ 11) ചേര്‍ന്നാണ് മുംബൈയെ 160 കടത്തിയത്. ഡല്‍ഹി ക്യാപിറ്റല്‍സിനായി മുകേഷ് കുമാര്‍ രണ്ടും ലുങ്കി എന്‍ഗിഡി, അക്ഷര്‍ പട്ടേല്‍, വിപ്രജ് നിഗം, ടി. നടരാജന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതവും വീഴ്ത്തി.
ടോസ് നേടിയ ഡല്‍ഹി ക്യാപ്റ്റന്‍ അക്ഷര്‍ പട്ടേല്‍ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ അസാന്നിധ്യത്തില്‍ സൂര്യകുമാര്‍ യാദവാണ് മുംബൈയുടെ ക്യാപ്റ്റന്‍. കൊല്‍ക്കത്തയ്‌ക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ ഇംപാക്ട് പ്ലെയറായിട്ടായിരുന്നു സൂര്യ കളിച്ചിരുന്നത്. ഇന്ത്യയുടെ ട്വന്റി20 ക്രിക്കറ്റ് ടീം ക്യാപ്റ്റനായ സൂര്യ, ഇതിനു മുന്‍പ് രണ്ടു മത്സരങ്ങളിലാണ് മുംൈബയെ നയിച്ചിട്ടുള്ളത്. ട്വന്റി20 ലോകകപ്പ് വിജയത്തിനു ശേഷം സൂര്യ നയിക്കുന്ന ആദ്യ ട്വന്റി20 മത്സരം കൂടിയാണിത്. സുഖമില്ലാത്തതിനെ തുടര്‍ന്നാണ് ഹാര്‍ദിക് കളിക്കാതിരിക്കുന്നതെന്നാണ് ടോസ് സമയത്ത് സൂര്യ പറഞ്ഞത്.
