ഐപിഎല്‍ കളിക്കാന്‍ വിട്ടയച്ചില്ല; ശ്രീലങ്കന്‍ ബോര്‍ഡിനെതിരെ കോടതിയെ സമീപിച്ച് നുവാന്‍ തുഷാര; കരിയര്‍ നശിപ്പിക്കുന്നുവെന്ന് പരാതി; കരാര്‍ പുതുക്കാനില്ലെന്നും വിരമിക്കുമെന്നും ഭീഷണി; ലങ്കന്‍ ക്രിക്കറ്റില്‍ വന്‍ പൊട്ടിത്തെറി
കൊളംബോ: ഐപിഎല്ലില്‍ കളിക്കാന്‍ അനുമതി നല്‍കുന്നില്ലെന്ന് ആരോപിച്ച് ശ്രീലങ്കന്‍ പേസര്‍ നുവാന്‍ തുഷാര ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ (എസ്എല്‍സി) കോടതിയില്‍. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആര്‍സിബി) താരമായ തുഷാര, നിരാക്ഷേപ പത്രം (എന്‍ഒസി) നല്‍കാന്‍ ബോര്‍ഡിനോട് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് കൊളംബോ ജില്ലാ കോടതിയെ സമീപിച്ചു. എസ്എല്‍സി ഉന്നത ഉദ്യോഗസ്ഥരെ പ്രതി ചേര്‍ത്താണ് താരം കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
ഫിറ്റ്‌നസ് മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബോര്‍ഡ് തുഷാരയ്ക്ക് എന്‍ഒസി നിഷേധിച്ചത്. എന്നാല്‍ തന്റെ കരിയറിലുടനീളം ഇതേ ഫിറ്റ്‌നസ് നിലവാരമാണ് താന്‍ പുലര്‍ത്തിയിരുന്നതെന്നും മുന്‍പ് ഇതേ സാഹചര്യത്തില്‍ എന്‍ഒസി ലഭിച്ചിട്ടുണ്ടെന്നും തുഷാര കോടതിയെ ബോധിപ്പിച്ചു. ഐപിഎല്ലില്‍ കളിക്കാന്‍ സാധിച്ചില്ലെങ്കില്‍ വലിയ സാമ്പത്തിക നഷ്ടവും കരിയറിലെ മികച്ച അവസരവും തനിക്ക് നഷ്ടപ്പെടുമെന്നും താരം വാദിക്കുന്നു. ശ്രീലങ്കന്‍ ക്രിക്കറ്റ് പ്രസിഡന്റ് ഷമ്മി സില്‍വ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള പരാതി കോടതി ഏപ്രില്‍ 9-ലേക്ക് വാദം കേള്‍ക്കുന്നതിനായി മാറ്റി.
ബോര്‍ഡുമായുള്ള തര്‍ക്കം മുറുകിയതോടെ ശ്രീലങ്കന്‍ ക്രിക്കറ്റുമായുള്ള സെന്‍ട്രല്‍ കോണ്‍ട്രാക്ട് പുതുക്കാന്‍ താല്‍പ്പര്യമില്ലെന്ന് തുഷാര ബോര്‍ഡിനെ അറിയിച്ചു. മാര്‍ച്ച് 31-ന് കരാര്‍ കാലാവധി അവസാനിച്ച സാഹചര്യത്തില്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താരത്തിന്റെ നീക്കമെന്ന് ശ്രീലങ്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിരമിക്കല്‍ സന്നദ്ധത അറിയിച്ചുകൊണ്ട് താരം ബോര്‍ഡിന് കത്ത് നല്‍കിയതായും സൂചനയുണ്ട്.
2025-ലെ ഐപിഎല്‍ താരലേലത്തില്‍ 1.6 കോടി രൂപയ്ക്കാണ് ആര്‍സിബി തുഷാരയെ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ ആദ്യമായി ഐപിഎല്‍ കിരീടം നേടിയ ആര്‍സിബി ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. സീസണിലെ ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ പരാജയപ്പെടുത്തി ആര്‍സിബി മുന്നേറുന്നതിനിടെയാണ് ടീമിലെ ലങ്കന്‍ പേസര്‍ നിയമപോരാട്ടത്തിലേക്ക് കടന്നിരിക്കുന്നത്. താരത്തിന്റെ അസാന്നിധ്യം ആര്‍സിബി ക്യാമ്പിനും ആശങ്കയുണ്ടാക്കുന്നതാണ്.
