കൈവിട്ട കളി തിരിച്ച് പിടിച്ച് റിസ്വിയും സ്റ്റബ്സും; അഞ്ചാം വിക്കറ്റില്‍ പിറന്നത് 119 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ട്; 47 പന്തില്‍ 70 റണ്‍സോടെ ഇംപാക്ട് പ്ലെയറായി സമീര്‍ റിസ്വി; ആവേശപ്പോരില്‍ ലക്നൗവിനെ കീഴടക്കിയത് 6 വിക്കറ്റിന്
ഡല്‍ഹിക്ക് ജയം
ലക്നൗ: കൈവിട്ട കളി തകര്‍പ്പന്‍ കൂട്ടുകെട്ടിലൂടെ തിരിച്ചുപിടിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്.ലക്നൗ സൂപ്പര്‍ ജയന്റ്സിനെ 6 വിക്കറ്റിന് തോല്‍പ്പിച്ച് ഡല്‍ഹി സീസണ്‍ ജയത്തോടെ തുടങ്ങി.ഇംപാക്ട് പ്ലെയര്‍ ആയി ക്രീസിലെത്തി 47 പന്തില്‍ 70 റണ്‍സോടെ അര്‍ദ്ധ സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന 22കാരന്‍ സമീര്‍ റിസ്വിയാണ് ഡല്‍ഹിയെ വിജയത്തിലേക്ക് നയിച്ചത്.പിരിയാത്ത അഞ്ചാം വിക്കറ്റില്‍ സമീര്‍ റിസ്വി - ട്രിസ്റ്റന്‍ സ്റ്റബ്‌സ് സഖ്യം നേടിയ 119 റണ്‍സിന്റെ കൂട്ടുകെട്ട് ജയമൊരുക്കുന്നതില്‍ നിര്‍ണായകമായി.17.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യമായ 142 റണ്‍സ് ഡല്‍ഹി മറികടക്കുകയായിരുന്നു.
4.3 ഓവറില്‍ നാലിന് 26 റണ്‍സെന്ന നിലയില്‍നിന്നാണ് ഡല്‍ഹിയെ യുവതാരം രക്ഷിച്ചെടുത്തത്.ഇന്നിങ്സിന്റെ ആദ്യ പന്തില്‍ തന്നെ ഡല്‍ഹി ഓപ്പണര്‍ കെ.എല്‍. രാഹുലിനെ ഗോള്‍ഡന്‍ ഡക്കാക്കി പേസര്‍ മുഹമ്മദ് ഷമി ലക്നൗവിന് മികച്ച തുടക്കമാണു നല്‍കിയത്. നിതിഷ് റാണ (15), പതും നിസംഗ (ഒന്ന്), ക്യാപ്റ്റന്‍ അക്ഷര്‍ പട്ടേല്‍ (പൂജ്യം) എന്നിവരെ ഡല്‍ഹിക്കു പവര്‍പ്ലേ ഓവറുകളില്‍ തന്നെ നഷ്ടമായി. ലക്നൗ മികച്ചൊരു വിജയം പ്രതീക്ഷിച്ചിരിക്കെയാണ് സമീര്‍ റിസ്വിയിലൂടെ ഡല്‍ഹിയുടെ തിരിച്ചുവരവ്.ദക്ഷിണാഫ്രിക്കന്‍ താരം ട്രിസ്റ്റന്‍സ് സ്റ്റബ്സും റിസ്വിക്കു പിന്തുണയുമായി നിലയുറപ്പിച്ചതോടെ പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നില്ല.
32 പന്തുകള്‍ നേരിട്ട സ്റ്റബ്സ് 39 റണ്‍സുമായി പുറത്താകാതെനിന്നു. 37 പന്തില്‍ റിസ്വി അര്‍ധ സെഞ്ചറി പിന്നിട്ടു. അബ്ദുല്‍ സമദ് എറിഞ്ഞ 18ാം ഓവറിലെ ആദ്യ പന്ത് സിക്സര്‍ തൂക്കി സമീര്‍ റിസ്വി ഡല്‍ഹിയുടെ വിജയമാഘോഷിക്കുകയായിരുന്നു.47 പന്തില്‍ 70 റണ്‍സുമായി പുറത്താകാതെ നിന്ന റിസ്വിയാണു കളിയിലെ താരം.ലക്നൗവിനായി പ്രിന്‍സ് യാദവ് രണ്ടും മൊഹ്സിന്‍ ഖാന്‍, മുഹമ്മദ് ഷമി എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതവും വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലക്നൗ 18.4 ഓവറില്‍ 141 റണ്‍സെടുത്തു പുറത്തായി. 25 പന്തില്‍ 36 റണ്‍സടിച്ച അബ്ദുല്‍ സമദാണ് ലക്നൗവിന്റെ ടോപ് സ്‌കോറര്‍. മിച്ചല്‍ മാര്‍ഷും (28 പന്തില്‍ 35) ബാറ്റിങ്ങില്‍ പിടിച്ചുനിന്നു. ക്യാപ്റ്റന്‍ ഋഷഭ് പന്തുള്‍പ്പടെ നാലു മുന്‍നിര ബാറ്റര്‍മാര്‍ തുടക്കത്തില്‍ തന്നെ പുറത്തായതാണ് ലക്നൗവിനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്.ഒരു ഭാഗത്ത് ഓപ്പണര്‍ മിച്ചല്‍ മാര്‍ഷ് പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചപ്പോഴും ഋഷഭ് പന്ത് (ഏഴ്), എയ്ഡന്‍ മാര്‍ക്രം (11), ആയുഷ് ബദോനി (പൂജ്യം), നിക്കോളാസ് പുരാന്‍ (എട്ട്) എന്നിവര്‍ അതിവേഗം പുറത്തായതാണ് ലക്നൗവിന് തിരിച്ചടിയായത്.
71 റണ്‍സെടുക്കുന്നതിനിടെ ലക്നൗവിന്റെ അഞ്ച് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായിരുന്നു. പവര്‍പ്ലേയില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 48 റണ്‍സെടുത്ത ശേഷമായിരുന്നു കൂട്ടത്തകര്‍ച്ച. മധ്യനിരയില്‍ അബ്ദുല്‍ സമദിനു പുറമേ, മുകുള്‍ ചൗധരി (14), ഇംപാക്ട് പ്ലേയര്‍ ഷഹബാസ് അഹമ്മദ് (15) എന്നിവരും രണ്ടക്കം കടന്നു. ഡല്‍ഹിക്കു വേണ്ടി ലുങ്കി എന്‍ഗിഡി, ടി. നടരാജന്‍ എന്നിവര്‍ മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തി. കുല്‍ദീപ് യാദവ് രണ്ടും അക്ഷര്‍ പട്ടേല്‍ ഒരു വിക്കറ്റും സ്വന്തമാക്കി.
