ആദ്യ വിക്കറ്റിന് പിന്നാലെ, പ്രഭ്‌സിമ്രാന്റെ വെടിക്കെട്ട്, മധ്യനിര തകർന്നു, രക്ഷകനായി കൊണോലി; ഗുജറാത്ത് ഉയർത്തിയ വിജയലക്ഷ്യം 3 വിക്കറ്റ് ബാക്കി നിൽക്കെ മറികടന്ന് പഞ്ചാബ് കിങ്‌സ്

Update: 2026-04-01 03:38 GMT

ചണ്ഡീഗഢ്: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ പഞ്ചാബ് കിങ്‌സിന് ആവേശജയം. മൂന്ന് വിക്കറ്റിനാണ് പഞ്ചാബ് ഗുജറാത്തിനെ തകർത്തത്. ഗുജറാത്ത് ഉയർത്തിയ 163 റൺസ് വിജയലക്ഷ്യം ഒമ്പത് പന്ത് ബാക്കിനിൽക്കെ ഏഴ് വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് മറികടന്നു. 44 പന്തിൽ 72 റൺസെടുത്ത കൂപ്പർ കൊണോലിയുടെ പോരാട്ടമാണ് പഞ്ചാബിനെ ലക്ഷ്യത്തിലെത്തിച്ചത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് തുടക്കം പാളിയിരുന്നു. സ്കോർ 7-ൽ നിൽക്കെ ഓപ്പണർ പ്രിയാൻഷ് ആര്യയെ പഞ്ചാബിന് നഷ്ടമായി. എന്നാൽ രണ്ടാം വിക്കറ്റിൽ ഒന്നിച്ച പ്രഭ്‌സിമ്രാൻ സിങ്ങും കൂപ്പർ കൊണോലിയും ചേർന്ന് പഞ്ചാബിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. ഇരുവരും ഗുജറാത്ത് ബൗളർമാരെ കടന്നാക്രമിച്ചതോടെ ടീം സ്കോർ 9.3 ഓവറിൽ 80 കടന്നു. രണ്ടാം വിക്കറ്റിൽ 76 റൺസാണ് ഈ സഖ്യം അടിച്ചെടുത്തത്. 24 പന്തിൽ 37 റൺസുമായി പ്രഭ്‌സിമ്രാൻ മടങ്ങിയതോടെ ക്യാപ്റ്റൻ ശ്രേയസ് അയ്യർ ക്രീസിലെത്തി.

ശ്രേയസ് അയ്യർ (18) പുറത്തായതോടെ പഞ്ചാബ് ഒരു ഘട്ടത്തിൽ 110-ന് 3 എന്ന നിലയിലായി. തുടർന്ന് ക്രീസിലെത്തിയ നേഹൽ വധേര (3), ശശാങ്ക് സിങ് (4), മാർക്കസ് സ്‌റ്റോയിനിസ് (0) എന്നിവർ നിരാശപ്പെടുത്തിയതോടെ പഞ്ചാബ് പ്രതിരോധത്തിലായി. വിക്കറ്റുകൾ കൊഴിഞ്ഞപ്പോഴും ഒരറ്റത്ത് ഉറച്ചുനിന്ന കൂപ്പർ കൊണോലി പഞ്ചാബിന്റെ പ്രതീക്ഷകൾ കാത്തു. അർധസെഞ്ചുറി തികച്ച കൊണോലി പഞ്ചാബിനെ അനായാസം വിജയതീരമണച്ചു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 162 റൺസാണ് നേടിയത്. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും (27 പന്തിൽ 39), ജോസ് ബട്‌ലറും (33 പന്തിൽ 38) ചേർന്ന് ടീമിന് മികച്ച തുടക്കം നൽകിയെങ്കിലും മധ്യനിരയ്ക്ക് അത് മുതലാക്കാനായില്ല.

ഒരു ഘട്ടത്തിൽ 14 ഓവറിൽ മൂന്ന് വിക്കറ്റിന് 119 റൺസെന്ന കരുത്തുറ്റ നിലയിലായിരുന്നു ഗുജറാത്ത്. എന്നാൽ അവസാന ഓവറുകളിൽ പഞ്ചാബ് ബൗളർമാർ പിടിമുറുക്കിയതോടെ റൺറേറ്റ് കുറഞ്ഞു. 17 പന്തിൽ 25 റൺസെടുത്ത ഗ്ലെൻ ഫിലിപ്‌സാണ് സ്കോർ 160 കടത്തിയത്. പഞ്ചാബിനായി വിജയകുമാർ വൈശാഖ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.

Tags:    

Similar News