'എന്തുകൊണ്ടാണ് അവര്‍ ലോര്‍ഡ്സിലെ രാജ്ഞിയെപ്പോലെ പരിഗണിക്കപ്പെടുന്നത്'; മറിയം നവാസിനെതിരെ നടത്തിയ വിവാദ പരാമര്‍ശം;മാപ്പ് പറഞ്ഞിട്ടും നസിം ഷായ്ക്ക് തിരിച്ചടി; വന്‍തുക പിഴയിട്ട് പിസിബി

Update: 2026-03-30 16:47 GMT

ലാഹോര്‍: പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ (PSL) ആവേശം മൈതാനത്ത് നിറയുന്നതിനിടെ, സമൂഹമാധ്യമത്തിലെ ഒരൊറ്റ പരാമര്‍ശത്തിന്റെ പേരില്‍ വന്‍ തിരിച്ചടി നേരിട്ടിരിക്കുകയാണ് പാക് യുവ പേസര്‍ നസീം ഷാ. പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസിനെതിരെ നടത്തിയ വിവാദ പോസ്റ്റിനെത്തുടര്‍ന്ന് 20 മില്യണ്‍ പാകിസ്ഥാനി രൂപയാണ് (ഏകദേശം രണ്ട് കോടി ഇന്ത്യന്‍ രൂപ) പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (PCB) താരത്തിന് പിഴയായി വിധിച്ചത്. കളിക്കളത്തിലെ അച്ചടക്കലംഘനത്തേക്കാള്‍ രാഷ്ട്രീയമായ ഇടപെടലാണ് നസീമിന് ഇത്രയും വലിയ തുക പിഴയൊടുക്കേണ്ട സാഹചര്യം സൃഷ്ടിച്ചത്.

ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന പിഎസ്എല്‍ ഉദ്ഘാടന ചടങ്ങില്‍ വിശിഷ്ടാതിഥിയായി എത്തിയ മറിയം നവാസിനെ പരിഹസിച്ചുകൊണ്ടായിരുന്നു നസീം ഷായുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്. 'എന്തുകൊണ്ടാണ് അവര്‍ ലോര്‍ഡ്സിലെ രാജ്ഞിയെപ്പോലെ പരിഗണിക്കപ്പെടുന്നത്' എന്ന താരത്തിന്റെ ചോദ്യം നിമിഷങ്ങള്‍ക്കകം വൈറലായി. വിവാദമായതോടെ പോസ്റ്റ് പിന്‍വലിക്കുകയും തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് താരം അവകാശപ്പെടുകയും ചെയ്‌തെങ്കിലും പിസിബി ഇത് മുഖവിലയ്ക്കെടുത്തില്ല. ബോര്‍ഡിന്റെ മാധ്യമ നയവും സെന്‍ട്രല്‍ കോണ്‍ട്രാക്റ്റിലെ വ്യവസ്ഥകളും നസീം ലംഘിച്ചതായി മൂന്നംഗ അച്ചടക്ക സമിതി കണ്ടെത്തുകയായിരുന്നു.

തിങ്കളാഴ്ച സമിതിക്ക് മുന്‍പാകെ ഹാജരായ നസീം ഷാ നിരുപാധികം മാപ്പ് പറയുകയും തന്റെ സോഷ്യല്‍ മീഡിയ കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്ന അഡൈ്വസറെ മാറ്റുകയും ചെയ്തു. ഈ അഡൈ്വസറെ പാക് ക്രിക്കറ്റ് താരങ്ങളുമായി സഹകരിക്കുന്നതില്‍ നിന്നും ബോര്‍ഡ് ആജീവനാന്തം വിലക്കി. രാഷ്ട്രീയ നിലപാടുകളുടെ പേരില്‍ പാക് താരങ്ങള്‍ നടപടി നേരിടുന്നത് ഇതാദ്യമല്ല. 2025-ല്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് പിന്തുണ പ്രഖ്യാപിച്ചതിന്റെ പേരില്‍ ആമിര്‍ ജമാലിനും സമാനമായ രീതിയില്‍ പിഴ ചുമത്തിയിരുന്നു.

ഇറാന്‍ സംഘര്‍ഷത്തെത്തുടര്‍ന്നുള്ള പ്രാദേശിക പ്രശ്‌നങ്ങളും സാമ്പത്തിക പ്രതിസന്ധിയും കാരണം കാണികളില്ലാതെയാണ് ഇത്തവണത്തെ പിഎസ്എല്‍ നടക്കുന്നത്. ഇന്ധനവില വര്‍ദ്ധനവും സര്‍ക്കാര്‍ നിയന്ത്രണങ്ങളും ടൂര്‍ണമെന്റിനെ സാരമായി ബാധിച്ചിട്ടുണ്ട്. ആറ് വേദികളില്‍ നടക്കേണ്ടിയിരുന്ന മത്സരങ്ങള്‍ ഇപ്പോള്‍ ലാഹോറിലും കറാച്ചിയിലുമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. ഈ പ്രതിസന്ധികള്‍ക്കിടയിലാണ് നസീം ഷായെപ്പോലൊരു പ്രമുഖ താരം വിവാദത്തില്‍ ചാടുന്നത്.

പുറത്തെ വിവാദങ്ങള്‍ നസീം ഷായുടെ കളിമിടുക്കിനെയും ബാധിച്ചതായാണ് സൂചന. തന്റെ പുതിയ ഫ്രാഞ്ചൈസിയായ റാവല്‍പിണ്ടി പിണ്ടിസിനായി പെഷവാര്‍ സാല്‍മിക്കെതിരെ ഇറങ്ങിയ നസീം തീര്‍ത്തും നിരാശപ്പെടുത്തി. എറിഞ്ഞ നാലോവറില്‍ 51 റണ്‍സ് വഴങ്ങിയ താരത്തിന് ഒരു വിക്കറ്റ് പോലും നേടാനായില്ല. കനത്ത പിഴയും മോശം പ്രകടനവും പാക് ക്രിക്കറ്റിലെ ഈ യുവതാരത്തിന് വലിയൊരു തിരിച്ചടിയായിരിക്കുകയാണ്.

Similar News