അക്രമിച്ച് കളിക്കാന്‍ ഇറങ്ങി ദേവദത്ത് ഷോയ്ക്കുമുന്നില്‍ ടീമിന്റെ കാവലാളായ വിരാട് കോഹ്ലി; തുടക്കത്തിലെ ആളിക്കത്തിയ റിക്കില്‍ട്ടണെ കാഴ്ച്ചക്കാരനാക്കി വെടിക്കെട്ട് നടത്തിയ ഹിറ്റ്മാന്‍; ഒരറ്റത്ത് വിക്കറ്റ് വീണപ്പോഴും തകര്‍പ്പന്‍ ഇന്നിങ്ങ്സിലൂടെ ടീമന്റെ നെടുംതൂണായ രഹാനെ; ക്ലാസ് പെര്‍മെനന്റാണെന്ന് അടിവരയിട്ട് ആരംഭത്തില്‍ തന്നെ സീസണെ തീപിടിപ്പിച്ച് 'സീനിയേഴ്‌സ്'
ഒരറ്റത്ത് വിക്കറ്റ് വീണപ്പോഴും തകര്‍പ്പന്‍ ഇന്നിങ്ങ്സിലൂടെ ടീമന്റെ നെടുംതൂണായ രഹാനെ; ക്ലാസ് പെര്‍മെനന്റാണെന്ന് അടിവരയിട്ട് ആരംഭത്തില്‍ തന്നെ സീസണെ തീപിടിപ്പിച്ച് 'സീനിയേഴ്‌സ്'
മുംബൈ: ഹലോ സിനിമയില്‍ നായകന് വേണ്ടി അടിപിടിക്കെത്തുന്ന റിട്ട.ഗുണ്ടകള്‍ പറയുന്ന ഒരു ഡയലോഗ് ഉണ്ട്..നിനക്കൊക്കെ പഴയ ഗുണ്ടകളെ പുഛമാണ് അല്ലേട! പിന്നെയുള്ള രംഗം പൊരിഞ്ഞ അടിയാണ്..ബാറ്റ് കൊണ്ട് സംഭാഷണത്തിന് ദൃശ്യഭാഷ്യം നല്‍കുകയാണ് ഐപിഎല്ലിന്റെ പത്തൊന്‍പതാം സീസണില്‍ മുതിര്‍ന്ന താരങ്ങളായ വിരാട് കോഹ്ലിലും രോഹിത് ശര്‍മ്മയും അജിന്‍ക്യാ രഹാനെയും.കഴിഞ്ഞ രണ്ട് മത്സരങ്ങളിലും അവരവരുടെ ടീമിന് തുണയായത് ഈ സീനിയേഴ്സിന്റെ നിര്‍ണ്ണായ ഇന്നിങ്ങ്സ് തന്നെയാണ്.ദേവദത്ത് പടിക്കല്‍ തകര്‍ത്തടിച്ചപ്പോള്‍ വിക്കറ്റു നഷ്ടപ്പെടാതെയും കൃത്യമായി സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്തും കളിച്ച് പടിക്കല്‍ മടങ്ങിയപ്പോള്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് അക്രമിച്ച് കളിച്ച കോഹ്ലിയും തുടക്കത്തില്‍ കത്തിക്കയറിയ റിക്കള്‍ട്ടനെ സാക്ഷിയാക്കി വെടിക്കെട്ട് നടത്തി മുംബൈയുടെ റൊക്കോര്‍ഡ് ചേസിങ്ങിന് ഇന്ധനമായ രോഹിത്തും ഒരറ്റത്ത് വിക്കറ്റ് വീണപ്പോഴും ഗിയര്‍മാറ്റാതെ തകര്‍ത്തടിച്ച് ടീമിന്റെ ടോപ് സ്‌കോററും നെടുംതുണുമായ രഹാനയെും തുടക്കത്തില്‍ തന്നെ സീസണിനെ തീപിടിപ്പിക്കുകയാണ്.
കളിക്കളത്തില്‍ വരുന്ന ദീര്‍ഘമായ ഇടവേളകള്‍ താരങ്ങളുടെ ഫോമിനെ ചോദ്യമുനയില്‍ നിര്‍ത്താറുണ്ട്.എന്നാല്‍ അതിനൊന്നും ഒരു പ്രസക്തിയുമില്ലെന്ന് അടിവരയിട്ടാണ് മൂവരും കളിക്കളത്തില്‍ തകര്‍ത്താടിയത്.
പ്രതാപകാലത്തെ ഒര്‍മ്മിപ്പിച്ച ലോഫ്റ്റഡ് സ്ട്രെയ്റ്റ് ഡ്രൈവ്.. ദേവദത്തിനായി ഗിയര്‍ മാറ്റിയ കോഹ്ലി
ഹൈദരാബാദിനെതിരായ മത്സരശേഷം കോഹ്ലി പറഞ്ഞത് ഇങ്ങനെയായിരുന്നു..കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്‍ ഫൈനലായിരുന്നു എന്റെ അവസാന ട്വന്റി20 മത്സരം.അതിനു ശേഷം ഏകദിനത്തില്‍ മാത്രമാണ് ഞാന്‍ കളിച്ചത്.കഴിഞ്ഞ 3 മാസക്കാലത്തെ ഇടവേള എന്നെ തീര്‍ച്ചയായും സഹായിച്ചിട്ടുണ്ട്.മാനസികമായും ശാരീരികമായും ഞാന്‍ എനിക്കു വിശ്രമം ലഭിച്ചു.സീസണിനു മുന്‍പു നല്ല രീതിയില്‍ പരിശീലനം നടത്തി. ശരീരക്ഷമത വീണ്ടെടുത്താണ് ഐപിഎലിലേക്കു തിരിച്ചെത്തിയത്.മത്സരത്തില്‍ തുടക്കം മുതല്‍ ആക്രമിച്ചു കളിക്കാനാണ് ഞാന്‍ ആലോചിച്ചിരുന്നത്.എന്നാല്‍ ദേവ്ദത്തിന്റെ ബാറ്റിങ് കണ്ടപ്പോള്‍,അദ്ദേഹത്തിനു പിന്തുണ നല്‍കിക്കൊണ്ട്, സ്ട്രൈക്ക് കൈമാറാമെന്നു തീരുമാനിച്ചു.ടീം ആവശ്യപ്പെടുന്ന രീതിയില്‍ ബാറ്റ് ചെയ്യാനാണ് ഞാന്‍ എപ്പോഴും ശ്രമിക്കാറുള്ളത്.
ഇ വാക്കുകളില്‍ നിന്ന് തന്നെ വ്യക്തമാണ് കോഹ്ലി എന്ന താരത്തിന്റെ കളിക്കളത്തിലെ മാറാത്ത നിലപാട്.ഈ തലമുറയിലെ ഏറ്റവും കഠിനാധ്വാനിയായ കളിക്കാരന്‍ താന്‍ തന്നെയാണെന്നു മുപ്പത്തിയേഴുകാരന്‍ വിരാട് കോലി ഒരിക്കല്‍കൂടി പ്രഖ്യാപിക്കുകയായിരുന്നു ടീമിന്റെ കാവലാളായ ആ ഇന്നിങ്ങ്സിലൂടെ.ഒരു വര്‍ഷത്തിനിടെ ട്വന്റി20 ഫോര്‍മാറ്റില്‍ ഒരു മത്സരം പോലും കളിച്ചിട്ടില്ലാത്തൊരാളാണ് ഐപിഎല്‍ 19ാം സീസണിലെ ഉദ്ഘാടന മത്സരം സ്വന്തം പേരില്‍ എഴുതിച്ചേര്‍ക്കുന്ന പ്രകടനം കഴിഞ്ഞദിവസം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ പുറത്തെടുത്തത്.
ഹൈദരാബാദ് പേസര്‍ ഇഷാന്‍ മലിംഗയെറിഞ്ഞ ഫുള്‍ ലെങ്ത് പന്ത് ഒരു ലോഫ്റ്റഡ് സ്ട്രെയ്റ്റ് ഡ്രൈവിലൂടെ ഗാലറിയിലെത്തിച്ച കോലി, തന്റെ പ്രതാപകാലത്തെയും ഓര്‍മിപ്പിക്കുകയും ചെയ്തു.
തകര്‍ത്തടിക്കണമെന്ന തീരുമനത്തോടെ ഇറങ്ങിയെങ്കിലും ദേവദത്തിന്റെ തകര്‍പ്പനടികള്‍ കണ്ടപ്പോള്‍ ഒരു എന്‍ഡില്‍ കരുതലോടെ വിക്കറ്റ് കാത്തുസൂക്ഷിക്കുന്നതിലായിരുന്നു കോലിയുടെ ശ്രദ്ധ. ഇതിനിടെ റണ്‍നിരക്ക് കുറയാതിരിക്കാനും പ്രത്യേകം ശ്രദ്ധിച്ചു.രജത്തിനെയും ജിതേഷ് ശര്‍മയെയും അടുത്തടുത്ത പന്തുകളില്‍ നഷ്ടപ്പെട്ട ബെംഗളൂരു സമ്മര്‍ദത്തിലായി. 33 പന്തില്‍ 50 റണ്‍സിലായിരുന്നു അപ്പോള്‍ വിരാട് കോലി. പിന്നാലെ, മത്സരം ഫിനിഷ് ചെയ്യേണ്ട ചുമതല സ്വയം ഏറ്റെടുത്ത കോലി, താന്‍ നേരിട്ട അടുത്ത 6 പന്തുകളില്‍ 19 റണ്‍സ് അടിച്ചെടുത്ത്, 15.4 ഓവറില്‍ 6 വിക്കറ്റ് ശേഷിക്കെ ടീമിനെ വിജയത്തിലെത്തിച്ചു.38 പന്തില്‍ 5 വീതം ഫോറും സിക്സും അടങ്ങുന്നതാണ് കോലിയുടെ ഇന്നിങ്സ്. ഐപിഎല്‍ മത്സരങ്ങളിലെ റണ്‍ ചേസുകളില്‍ 4000 റണ്‍സ് നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും ഈ ഇന്നിങ്സില്‍ കോലി സ്വന്തമാക്കി.
തടി കുറയ്ക്കും.. പക്ഷെ അടി കുറയ്ക്കില്ല..റിക്കിള്‍ട്ടണെ കാഴ്ച്ചക്കാരനാക്കിയ അര്‍ധശതകം
തങ്ങളുടെ ഏറ്റവും വലിയ ചേസിങ്ങിലേക്ക്് ബാറ്റെടുത്ത മുംബൈയ്ക്കായി റിക്കിള്‍ട്ടണ്‍ മിന്നുന്ന തുടക്കമാണ് നല്‍കി.തുടക്കത്തില്‍ തന്നെ മൂന്ന് സിക്സും രണ്ട് ഫോറും ഉള്‍പ്പടെ റിക്കില്‍ട്ടണ്‍ വേഗത്തില്‍ ഇന്നിങ്ങ്സ് മുന്നോട്ട് കൊണ്ട് പോകുമ്പോള്‍ രോഹിത് ശാന്തനായിരുന്നു.എന്നാല്‍ 23 ല്‍ നിന്ന് 25 ലേക്ക് റിക്കി എത്തിയപ്പോഴേക്കും രോഹിത് തന്റെ അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു.ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ 23 ന് ശേഷം റിക്കിള്‍ട്ടണ് ബാറ്റിങ്ങ് ലഭിക്കുന്നത് തന്നെ രോഹിത് 50 ല്‍ എത്തിയ ശേഷമാണ്.ഐപിഎല്ലിന്‍ രോഹിന്റെ അമ്പതാം അര്‍ധസെഞ്ച്വറി കൂടിയായിരുന്നു ഇത്.
തുനിഞ്ഞിറങ്ങിയാല്‍ തനെ തളയ്ക്കാന്‍ ട്വന്റി20 ക്രിക്കറ്റില്‍ ഒരു ടീമും വളര്‍ന്നിട്ടില്ലെന്നു ഒരിക്കല്‍കൂടി എല്ലാവരെയും ബോധ്യപ്പെടുത്തുന്ന ഇന്നിങ്സായിരുന്നു ഇന്നലെ വാങ്കഡെ സ്റ്റേഡിയത്തില്‍ രോഹിത് ശര്‍മ കളിച്ചത്.ഓഫ് സൈഡ് ബൗണ്ടറിക്കു മുകളിലൂടെ പറക്കുന്ന 'ടൈമിങ് ചാരുത',ലെഗ് സൈഡ് ഗാലറിയില്‍ പതിക്കുന്ന പവര്‍ പുള്ളുകള്‍...രോഹിത് കളിക്കുമ്പോള്‍ മാത്രം അതിന്റെ പൂര്‍ണ്ണസൗന്ദര്യത്തില്‍ കാണാവുന്ന പല ഷോട്ടുകളും ഇന്നലെ മുംബൈയില്‍ കണ്ടു.അര്‍ഹിച്ച സെഞ്ചറിയിലേക്കു കുതിച്ച രോഹിത്തിനെ അസാധ്യ ക്യാച്ചിലൂടെ അന്‍കുല്‍ റോയ് പുറത്താക്കുകയായിരുന്നു.
ഇംപാക്ട് പ്ലയറായി കളിക്കുമെന്നായിരുന്നു ചര്‍ച്ചകള്‍ എങ്കിലും അതല്ലാതെ തന്നെ ഗ്രൗണ്ടിര്‍ രോഹിത് എത്തി.ഈ സീസണില്‍ തന്നെ ഇംപാക്ട് പ്ലെയറാക്കരുതെന്നും മുഴുവന്‍ സമയം കളിപ്പിക്കണമെന്നും രോഹിത് നേരത്തെ ടീം മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ വരും മത്സരങ്ങളില്‍ രോഹിത്തിനേയും ഇംപാക്ട് പ്ലെയറാക്കുമെന്നാണ് ടീം മാനേജ്‌മെന്റ് നല്‍കുന്ന സൂചന. സീനിയര്‍ താരങ്ങളായ സൂര്യയേയും രോഹിത്തിനേയും മാറ്റി കളിപ്പിക്കാനാണ് ടീം മാനേജ്‌മെന്റ് ആലോചിക്കുന്നത്.പക്ഷെ ഏകദിന ലോകകപ്പിന് തയ്യാറെടുക്കുന്ന രോഹിത്തിന് പ്രധാനമാച്ചുകളില്‍ മുഴുവന്‍ സമയവും കളത്തിലിറങ്ങുന്നത് ഗുണം ചെയ്യുമെന്നും ചര്‍ച്ചകളുണ്ട്.ഇതിന് പുറമെ ബാറ്റിങ്ങിലെ മികവില്‍ മാത്രമല്ല കോഹ്ലിയുടെയും രോഹിത്തിന്റെയും സാമ്യത.ഒരോ ക്യാച്ചുകള്‍ ഇരുവരും നഷ്ടപ്പെടുത്തുകയും ചെയ്തു.
കൊല്‍ക്കത്തയുടെ നെടുംതൂണായി രഹാനെ
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്തയ്ക്കു നല്ല തുടക്കമാണ് ഫിന്‍ അലനും (17 പന്തില്‍ 37) ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയും (40 പന്തില്‍ 67) നല്‍കിയത്. തകര്‍ത്തടിച്ചു മുന്നേറിയ ഇരുവരും സ്‌കോര്‍ അതിവേഗം ഉയര്‍ത്തി. ഹാര്‍ദിക് പാണ്ഡ്യ എറിഞ്ഞ നാലാം ഓവറില്‍ 2 സിക്സും 3 ഫോറുമടക്കം 26 റണ്‍സാണ് അലന്‍ രഹാനെ സഖ്യം നേടിയത്. 5.1 ഓവറില്‍ 69 റണ്‍സ് നേടിയ സഖ്യം മുംബൈയ്ക്കു ഭീഷണി ഉയര്‍ത്തിയ ഘട്ടത്തിലാണ്, ഷാര്‍ദൂല്‍ ഠാക്കൂറിന്റെ പന്തില്‍ അലന്‍ പുറത്തായത്. ഇതോടെ പവര്‍പ്ലേ അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റിന് 78 റണ്‍സ് എന്ന നിലയിലായിരുന്നു കൊല്‍ക്കത്ത.
എന്നാല്‍ വിക്കറ്റ് വീണപ്പോഴും പതറാതെ തുടക്കത്തിലേയുള്ള തകര്‍പ്പന്‍ ഷോട്ടുകളിലൂടെ രഹാനെ സ്‌കോര്‍ ഉയര്‍ത്തുകയായിരുന്നു.തെറ്റായ ഒരു ഷോട്ടുപോലും ഇന്നലെ രഹാനെ കളിച്ചില്ലെന്നതാണ് എടുത്തുപറയേണ്ടത്.പാളിപ്പോയ ഒരു ഷോട്ടില്‍ തന്നെ താരം പുറത്താവുകയും ചെയ്തു.ഗ്യാപ്പുകള്‍ കണ്ടെത്തി ബൗണ്ടറി നേടിയ രഹാനെ കൃത്യമായ ഇടവേളകളില്‍ പന്ത് അതിര്‍ത്തി കടത്തുകയും ചെയ്തു.ബുംറയുള്‍പ്പടെ പ്രമുഖരെയെല്ലാം തന്നെ കൃത്യമായ രീതിയില്‍ നേരിട്ട ഇന്നിങ്ങ്സായിരുന്നു രഹാനയുടെത്.ടോപ് സ്‌കോററായ രഹാനെയുടെ ഇന്നിങ്ങ്സില്‍ താരം 5 സിക്‌സും 4 ഫോറും ഉള്‍പ്പെടുന്നു.
