മഞ്ഞക്കുപ്പായത്തില്‍ നിരാശപ്പെടുത്തി അരങ്ങേറ്റം; രണ്ടക്കം കാണാതെ സഞ്ജു; തകര്‍ന്നടിഞ്ഞ് ചെന്നൈ; നൂറ് കടത്തിയത് ജാമി ഓവര്‍ടോണ്‍; രാജസ്ഥാന് കുഞ്ഞന്‍ വിജയലക്ഷ്യം
ഗുവാഹത്തി: ചെന്നൈയുടെ മഞ്ഞക്കുപ്പായത്തില്‍ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ മലയാളി താരം സഞ്ജു സാംസണ്‍ നിരാശപ്പെടുത്തിയതോടെ സിഎസ്‌കെ കുഞ്ഞന്‍ സ്‌കോറിന് പുറത്ത്. അവസാന ഓവറില്‍ തകര്‍ത്തടിച്ച ജാമി ഓവര്‍ട്ടണാണ് സിഎസ്‌കെയെ 120 കടത്തിയത്. ഗുവാഹത്തി, ബര്‍സപര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ചെന്നൈയെ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ നന്ദ്രെ ബര്‍ഗര്‍, ജോഫ്ര ആര്‍ച്ചര്‍, രവീന്ദ്ര ജഡേജ എന്നിവരാണ് തകര്‍ത്തത്. 19.4 ഓവറില്‍ എല്ലാവരും പുറത്താവുകയായിരുന്നു. 36 പന്തില്‍ 43 റണ്‍സെടുത്ത ഓവര്‍ട്ടണാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍.
സഞ്ജുവിന് ചെന്നൈയില്‍ നിരാശപ്പെടുത്തുന്ന തുടക്കമാണ് ലഭിച്ചത്. മുന്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിനെതിരായ പോരാട്ടത്തില്‍ ഓപ്പണിങ് ഇറങ്ങിയ സഞ്ജു 7 പന്തില്‍ 6 റണ്‍സുമായി മടങ്ങി. ഒരു ഫോറടിച്ചതു മാത്രമാണ് ആശ്വസിക്കാനുള്ളത്. ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദിനൊപ്പമാണ് സഞ്ജു ഓപ്പണിങ് ഇറങ്ങിയത്. രണ്ടാം ഓവറിലെ അവസാന പന്തില്‍ നാന്ദ്രേ ബര്‍ഗര്‍ സഞ്ജുവിന് ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. സ്‌കോര്‍ 14ല്‍ എത്തിയപ്പോഴാണ് സഞ്ജുവിന്റെ മടക്കം.
മൂന്നാം ഓവറിന്റെ അവസാന പന്തില്‍ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്കവാദും (6) മടങ്ങി. ജോഫ്ര ആര്‍ച്ചറുടെ പന്തില്‍ ബൗള്‍ഡായിട്ടാണ് ഗെയ്കവാദ് മടങ്ങിയത്. മൂന്നാമനായി എത്തിയ ആയുഷ് മാത്ര (0) നേരിട്ട ആദ്യ പന്തില്‍ തന്നെ കീഴടങ്ങി. ബര്‍ഗറിന്റെ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറലിന് ക്യാച്ച്. പവര്‍ പ്ലേ തീരുന്നതിന് തൊട്ടുമുമ്പ് മാത്യു ഷോര്‍ട്ടും (2) മടങ്ങി. സന്ദീപ് ശര്‍മയുടെ സ്ലോവറില്‍ മിഡ് ഓണില്‍ യശസ്വി ജയ്സ്വാളിന് ക്യാച്ച് നല്‍കുകയായിരുന്നു താരം.
സബ്സ്റ്റിറ്റിയൂട്ടായി അവസരം കിട്ടിയ സര്‍ഫറാസ് ഖാന്‍ (17), കാര്‍ത്തിക് ശര്‍മ (18) എന്നിവര്‍ അല്‍പനേരം ചെറുത്തുനിന്നെങ്കിലും കാര്യമൊന്നും ഉണ്ടായില്ല. സര്‍ഫറാസിനെ ജഡേജയും കാര്‍ത്തികിനെ ബ്രിജേഷ് ശര്‍മയും പുറത്താക്കി. തുടര്‍ന്നെത്തിയ ശിവം ദുബെയെ (6) ജഡേജയും മടക്കി. നൂര്‍ അഹമ്മദ് (1), മാറ്റ് ഹെന്റി (5) എന്നിവരും പുറത്തായതോടെ ഒമ്പതിന് 94 എന്ന നിലയിലായി ചെന്നൈ.
തുടര്‍ന്ന് ഓവര്‍ടോണ്‍ നടത്തിയ പ്രകടനമാണ് ചെന്നൈയെ പൊരുതാവുന്ന സ്‌കോറിലേക്കെങ്കിലും നയിച്ചത്. അവസാന ഓവറില്‍ ഓവര്‍ടോണ്‍ റണ്ണൗട്ടായി. രണ്ട് വീതം സിക്സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്സ്. അന്‍ഷൂല്‍ കാംബോജ് (7) പുറത്താവാതെ നിന്നു. പരിക്കേറ്റ എം എസ് ധോണിയും ഡിവാള്‍ഡ് ബ്രേവിസും ഇല്ലാതെയാണ് ചെന്നൈ ഇറങ്ങുന്നത്. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
രാജസ്ഥാന്‍ റോയല്‍സ്: യശസ്വി ജയ്‌സ്വാള്‍, വൈഭവ് സൂര്യവന്‍ഷി, റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), ധ്രുവ് ജൂറല്‍ (വിക്കറ്റ് കീപ്പര്‍), ഷിംറോണ്‍ ഹെറ്റ്മെയര്‍, രവീന്ദ്ര ജഡേജ, ജോഫ്ര ആര്‍ച്ചര്‍, നാന്ദ്രെ ബര്‍ഗര്‍, സന്ദീപ് ശര്‍മ, രവി ബിഷ്ണോയ്, ബ്രിജേഷ് ശര്‍മ.
ചെന്നൈ സൂപ്പര്‍ കിംഗ്സ്: സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഋതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), ആയുഷ് മാത്രെ, മാത്യു ഷോര്‍ട്ട്, ശിവം ദുബെ, കാര്‍ത്തിക് ശര്‍മ, ജാമി ഓവര്‍ട്ടണ്‍, നൂര്‍ അഹമ്മദ്, മാറ്റ് ഹെന്റി, അന്‍ഷുല്‍ കാംബോജ്, ഖലീല്‍ അഹമ്മദ്.
