'ധോണിയില്ല, പകരം സഞ്ജു വിക്കറ്റ് കീപ്പർ; ആഗ്രഹിക്കുന്ന ഇംപാക്ട് നൽകാൻ താരത്തിനാകും'; ആദ്യ പോരാട്ടത്തിന് മുന്നോടിയായി ആത്മവിശ്വാസത്തിൽ ചെന്നൈ ക്യാമ്പ്
ഗുവഹാത്തി: ഐപിഎൽ 2026 സീസണിലെ തങ്ങളുടെ ആദ്യ അങ്കത്തിന് മുൻപ് ചെന്നൈ സൂപ്പർ കിങ്‌സ് ക്യാമ്പിൽ ആശങ്ക പടർത്തി താരങ്ങളുടെ പരിക്ക്. രാജസ്ഥാൻ റോയൽസിനെതിരായ ഉദ്ഘാടന മത്സരത്തിന് മുന്നോടിയായി പ്രധാന താരങ്ങൾ പരിക്കേറ്റ് പുറത്തായത് അഞ്ച് തവണ ചാമ്പ്യന്മാരായ ചെന്നൈക്ക് വലിയ തിരിച്ചടിയായി. എന്നാൽ മലയാളി താരം സഞ്ജു സാംസൺ ചെന്നൈ ജേഴ്സിയിൽ അരങ്ങേറുന്നു എന്ന ആവേശത്തിലാണ് ആരാധകർ. പരിക്കിനെത്തുടർന്ന് ഇതിഹാസ താരം എം.എസ്. ധോണി ഗുവഹാത്തിയിലേക്ക് ടീമിനൊപ്പം യാത്ര ചെയ്തിട്ടില്ല.
ഏപ്രിൽ അവസാനം വരെ ധോണിക്ക് വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ. ധോണിയുടെ അഭാവത്തിൽ സഞ്ജു സാംസൺ തന്നെ ചെന്നൈയുടെ വിക്കറ്റ് കീപ്പറാകുമെന്ന് സിഎസ്‌കെ സിഇഒ കാശി വിശ്വനാഥൻ സ്ഥിരീകരിച്ചു. "ധോണി കളിക്കാത്ത സാഹചര്യത്തിൽ സഞ്ജു തന്നെയായിരിക്കും വിക്കറ്റ് കീപ്പർ. സഞ്ജു മികച്ച ഫോമിലാണ്, നെറ്റ്സിലും അദ്ദേഹം തകർപ്പൻ പ്രകടനമാണ് നടത്തുന്നത്. ചെന്നൈ ടീം ആഗ്രഹിക്കുന്ന തരത്തിലുള്ള ഇംപാക്ട് നൽകാൻ സഞ്ജുവിന് കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു," റെവ് സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
പേസർ നഥാൻ എല്ലിസ് പരിക്കേറ്റ് ടീമിൽ നിന്നും പിന്മാറിയത് ചെന്നൈയുടെ ബൗളിങ് നിരയെ ബാധിക്കും. ഇതിനു പുറമെ യുവതാരം ഡെവാൾഡ് ബ്രെവിസും സൈഡ് സ്ട്രെയിൻ മൂലം രാജസ്ഥാനെതിരായ മത്സരത്തിൽ കളിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. ഈ പരിക്കുകൾക്കിടയിലും നായകൻ റുതുരാജ് ഗെയ്‌ക്‌വാദിന്റെ നേതൃത്വത്തിൽ ടീം മികച്ച പോരാട്ടം കാഴ്ചവെക്കുമെന്ന ആത്മവിശ്വാസത്തിലാണ് മാനേജ്‌മെന്റ്. രവീന്ദ്ര ജഡേജയെയും സാം കറനെയും രാജസ്ഥാൻ റോയൽസിന് നൽകി നടത്തിയ വമ്പൻ ട്രേഡിലൂടെയാണ് സഞ്ജു ചെന്നൈയിലെത്തിയത്.
2026-ലെ ഐസിസി ടി20 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്കുവഹിച്ച സഞ്ജുവിന്റെ ഫോം ചെന്നൈക്ക് വലിയ പ്രതീക്ഷ നൽകുന്നുണ്ട്. ലോകകപ്പിൽ തുടർച്ചയായി മൂന്ന് അർധസെഞ്ചുറികളുമായി പ്ലെയർ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ കരുത്തുമായാണ് സഞ്ജു ഇന്ന് തന്റെ മുൻ ടീമിനെതിരെ കളത്തിലിറങ്ങുന്നത്. "സഞ്ജുവിന്റെ കഴിവിൽ ഞങ്ങൾക്ക് പൂർണ്ണ വിശ്വാസമുണ്ട്. അദ്ദേഹത്തിന് മേൽ വലിയ സമ്മർദ്ദം ചെലുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല," കാശി വിശ്വനാഥൻ കൂട്ടിച്ചേർത്തു. വിക്കറ്റ് കീപ്പിംഗിലും ബാറ്റിംഗിലും സഞ്ജു നൽകുന്ന കരുത്തിൽ സീസൺ വിജയത്തോടെ തുടങ്ങാനാണ് മഞ്ഞപ്പടയുടെ നീക്കം.
