എന്തുകൊണ്ടാണ് മുംബൈയുടെ മത്സരങ്ങളില്‍ ഇങ്ങനെ സംഭവിക്കുന്നത്? ഐപിഎല്ലില്‍ 'ടോസ് വിവാദം'; ടോസ് കോയിന്റെ ക്ലോസ് ഷോട്ട് കാണിച്ചില്ലെന്ന് ആക്ഷേപം
ഐപിഎല്ലില്‍ 'ടോസ് വിവാദം'; ടോസ് കോയിന്റെ ക്ലോസ് ഷോട്ട് കാണിച്ചില്ലെന്ന് ആക്ഷേപം
മുംബൈ: ഐപിഎല്ലില്‍ മുംബൈ - കൊല്‍ക്കത്ത മത്സരത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ടോസ് തര്‍ക്കം. യഥാര്‍ഥത്തില്‍ ഏതു ടീമിനാണ് ടോസ് ലഭിച്ചതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പലരും സംശയം ഉന്നയിച്ച് രംഗത്തെത്തിയത്. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയാണ് ടോസ് ഇട്ടത്. കൊല്‍ക്കത്ത ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ 'ടെയില്‍സ്' വിളിച്ചു. എന്നാല്‍ തൊട്ടുപിന്നാലെ കാമറ ആംഗിള്‍ മാറുകയായിരുന്നു. മാച്ച് റഫറി മുംബൈയ്ക്കാണ് ടോസ് വീണതെന്നു പറഞ്ഞെങ്കിലും കോയിന്റെ ക്ലോസ് ഷോട്ട് കാണിച്ചില്ലെന്നതാണ് വിവാദത്തിന് കാരണം.
സാധരണഗതിയില്‍ ടോസ് ഇട്ടതിനു തൊട്ടുപിന്നാലെ കാമറ കോയിനെയാണ് ഫോക്കസ് ചെയ്യാറുള്ളത്. എന്നാല്‍ ഇത്തവണ അതുണ്ടായില്ല. ഇതോടെയാണ് പലരും സംശയം ഉന്നയിച്ച് രംഗത്തെത്തിയത്. എക്സില്‍ ഇതു സംബന്ധിച്ച് ചര്‍ച്ച കൊഴുക്കുകയും ചെയ്തു. മുംബൈയെ സഹായിക്കുന്നതിനു വേണ്ടിയാണ് ഇതെന്നാണ് ചിലരുടെ ആരോപണം.
ഹര്‍ദിക് പാണ്ഡ്യ കോയിന്‍ മുകളിലേക്കിടുന്നു... കാമറ ആംഗിള്‍ മാറുന്നു. ഹെഡാണോ ടെയിലാണോ എന്ന് കണ്ടില്ല, പക്ഷേ മുംബൈ ഇന്ത്യന്‍സ് ടോസ് ജയിച്ചു! ഇതുപോലൊരു അദ്ഭുതം മുംബൈ ടീമിന് മാത്രമേ സാധ്യമാകൂ.'' ഒരാള്‍ എക്സില്‍ കുറിച്ചു. ''എന്തുകൊണ്ടാണ് മുംബൈ ഇന്ത്യന്‍സ് മത്സരങ്ങളില്‍ മാത്രം എപ്പോഴും ഇങ്ങനെ സംഭവിക്കുന്നത്?'' എന്നാണ് മറ്റൊരാളുടെ ചോദ്യം.
ഐപിഎലിന്റെ ഡിജിറ്റല്‍ സംപ്രേക്ഷണാവകാശം ജിയോ വാങ്ങിക്കുന്നതിന്റെ പിന്നിലെ താല്‍പര്യം ഇതാണോ എന്നു വരെ ചോദ്യങ്ങളുയരുന്നുണ്ട്. മത്സരത്തില്‍ ആറു വിക്കറ്റ് വിജയമാണ് മുംബൈ സ്വന്തമാക്കിയത്. കൊല്‍ക്കത്ത ഉയര്‍ത്തിയ 221 റണ്‍സ് വിജയലക്ഷ്യം 19.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ മറികടന്നത്.
റിയാന്‍ റിക്കല്‍ടനും രോഹിത് ശര്‍മയും ചേര്‍ന്ന ഓപ്പണിങ് സഖ്യം ആദ്യ പോരില്‍ തന്നെ ക്ലിക്കായി. ഇരുവരും ചേര്‍ന്നു അതിവേഗമാണ് ചെയ്സിങ് തുടങ്ങിയത്. മുംബൈയുടെ ആദ്യ വിക്കറ്റ് വീഴ്ത്താന്‍ കെകെആര്‍ 148 റണ്‍സ് വരെ കാക്കേണ്ടി വന്നു. പക്ഷേ അപ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു. പിന്നീട് അനായാസം അവര്‍ ലക്ഷ്യത്തിലെത്തുകയും ചെയ്തു.
റിക്കല്‍ടനാണ് ടോപ് സ്‌കോറര്‍. താരം 43 പന്തില്‍ 8 സിക്സും 4 ഫോറും സഹിതം 81 റണ്‍സെടുത്തു. രോഹിത് ശര്‍മ 23 പന്തില്‍ അര്‍ധ സെഞ്ച്വറിയിലെത്തി. 38 പന്തില്‍ 6 വീതം സിക്സും ഫോറും സഹിതം രോഹിത് 78 റണ്‍സ് തൂക്കി. ഇംപാക്ട് പ്ലെയറായി ബാറ്റ് ചെയ്ത സൂര്യകുമാര്‍ യാദവ് 8 പന്തില്‍ 16 റണ്‍സുമായി മടങ്ങി. തിലക് വര്‍മ 14 പന്തില്‍ 20 റണ്‍സെടുത്തും പുറത്തായി. ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ 11 പന്തില്‍ 18 റണ്‍സുമായി പുറത്താകാതെ നിന്നു. ഒപ്പം 2 പന്തില്‍ 5 റണ്‍സുമായി നമാന്‍ ധിറും ക്യാപ്റ്റനൊപ്പം ക്രീസില്‍ നിന്നു.
കൊല്‍ക്കത്തയുടെ ബൗളിങ് പോരായ്മ ആദ്യ മത്സരത്തില്‍ തന്നെ തെളിഞ്ഞു നിന്നു. പന്തെറിഞ്ഞവരെല്ലാം നല്ല തല്ല് വാങ്ങി. എല്ലാവരും 10ല്‍ കൂടുതല്‍ റണ്‍സ് ഓവറില്‍ വിട്ടു നല്‍കി. വൈഭവ് അറോറ, കാര്‍ത്തിക് ത്യാഗി, സുനില്‍ നരെയ്ന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. നേരത്തെ ടോസ് നേടി മുംബൈ ഇന്ത്യന്‍സ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ, നാലാമനായി ക്രീസിലെത്തിയ അംഗ്കൃഷ് രഘുവംശി എന്നിവരുടെ അര്‍ധ സെഞ്ച്വറിയുടെ ബലത്തിലാണ് കെകെആര്‍ മികച്ച സ്‌കോറിലെത്തിയത്. കൊല്‍ക്കത്തയ്ക്കായി ബാറ്റെടുത്തവരെല്ലാം ഭേദപ്പെട്ട രീതിയില്‍ പൊരുതി.
രഹാനെയാണ് ടോപ് സ്‌കോറര്‍. താരം 5 സിക്സും 4 ഫോറും സഹിതം 40 പന്തില്‍ 67 റണ്‍സടിച്ചു. രഹാനെയും ന്യൂസിലന്‍ഡ് ഓപ്പണര്‍ ഫിന്‍ അലനും ചേര്‍ന്നാണ് ഇന്നിങ്സ് തുടങ്ങിയത്. അലന്‍ ടി20 ലോകകപ്പിലെ ഫോം തുടര്‍ന്നു. താരം 17 പന്തില്‍ 2 സിക്സും 6 ഫോറും സഹിതം 37 റണ്‍സെടുത്തു മടങ്ങി. രഹാനെ- അലന്‍ സഖ്യം 5.2 ഓവറില്‍ 69 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്.
കോടികള്‍ മുടക്കി ടീമിലെത്തിച്ച കാമറൂണ്‍ ഗ്രീന്‍ മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും അധികം മുന്നോട്ടു പോയില്ല. താരം 10 പന്തില്‍ ഓരോ സിക്സും ഫോറും സഹിതം 18 റണ്‍സുമായി പുറത്തായി. ഗ്രീന്‍ പുറത്താകുമ്പോള്‍ കൊല്‍ക്കത്ത സ്‌കോര്‍ 8.5 ഓവറില്‍ 109 റണ്‍സിലെത്തി. പിന്നീട് അംഗ്കൃഷ് രഘുവംശിയും രഹാനെയും ചേര്‍ന്നു വീണ്ടും ഇന്നിങ്സ് ട്രാക്കിലാക്കി. അതിനിടെ 145ല്‍ സ്‌കോര്‍ എത്തിയപ്പോള്‍ രഹാനെ മടങ്ങി. അപ്പോഴും അംഗ്കൃഷ് പോരാട്ടം തുടര്‍ന്നു. സ്‌കോര്‍ 200 കടത്തിയാണ് താരം മടങ്ങിയത്. 29 പന്തില്‍ 2 സിക്സും 6 ഫോറും സഹിതം അംഗ്കൃഷ് 51 റണ്‍സടിച്ചാണ് പുറത്തായത്.
പിന്നീട് റിങ്കു സിങാണ് സ്‌കോര്‍ 220ല്‍ എത്തിച്ചത്. താരം 21 പന്തില്‍ 4 ഫോറുകള്‍ സഹിതം 33 റണ്‍സുമായി പുറത്താകാതെ നിന്നു. മുംബൈക്കായി ശാര്‍ദുല്‍ ഠാക്കൂര്‍ 3 വിക്കറ്റുകള്‍ വീഴ്ത്തി ബൗളിങില്‍ തിളങ്ങി. കെകെആറിനു നഷ്ടമായ 4 വിക്കറ്റില്‍ ഒരെണ്ണം മുംബൈ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയും നേടി.
