'അന്താരാഷ്ട്ര കരിയർ അവസാനിപ്പിച്ചത് പോലെ ഹർഭജന്റെ കമന്ററിയും പൂട്ടിക്കും'; അശ്വിന്റെ ഹിന്ദി കമന്ററി അരങ്ങേറ്റത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ട്രോൾ; ചുട്ട മറുപടിയുമായി മുൻ ഇന്ത്യൻ സ്പിന്നർ

Update: 2026-03-29 11:43 GMT

മുംബൈ: സോഷ്യൽ മീഡിയയിലെ പരിഹാസത്തിന് കടുത്ത ഭാഷയിൽ മറുപടി നൽകി മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. 2026 ഐപിഎൽ കമന്ററി പാനലിൽ അംഗമായ ഹർഭജനെ ലക്ഷ്യമിട്ട് ഒരു ആരാധകൻ എക്സിൽ നടത്തിയ പരാമർശമാണ് താരത്തെ ചൊടിപ്പിച്ചത്. ആർ. അശ്വിൻ ഹിന്ദി കമന്ററിയിലേക്ക് എത്തുന്നതോടെ, അശ്വിൻ ഹർഭജന്റെ അന്താരാഷ്ട്ര കരിയർ അവസാനിപ്പിച്ചത് പോലെ കമന്ററി കരിയറും അവസാനിപ്പിക്കുമെന്നായിരുന്നു പരിഹാസം.

വിൻഡീസ് ഇതിഹാസം ഇയാൻ ബിഷപ്പിന് ഹർഭജനെക്കാളും സെവാഗിനെക്കാളും 'ഇന്ത്യൻ ടച്ച്' ഉണ്ടെന്ന ഒരു ട്രോൾ അക്കൗണ്ടിന്റെ പോസ്റ്റിൽ നിന്നാണ് തർക്കങ്ങളുടെ തുടക്കം. ഇതിന് പിന്നാലെയാണ് കമന്ററിയിൽ ശ്രദ്ധിച്ചില്ലെങ്കിൽ അശ്വിൻ ഈ കസേരയും തട്ടിയെടുക്കുമെന്ന പരിഹാസം വന്നത്.

ഇതോടെ നിയന്ത്രണം വിട്ട ഭജി കടുത്ത ഭാഷയിൽ തന്നെ തിരിച്ചടിച്ചു. "ആന ചന്തയിലൂടെ നടക്കുമ്പോൾ പട്ടികൾ ആയിരം വട്ടം കുരയ്ക്കും. ഇവിടുന്ന് പോ ടോമി..." എന്നായിരുന്നു ഹർഭജന്റെ ആദ്യ മറുപടി. തൊട്ടുപിന്നാലെ, "പട്ടിക്ക് നെയ്യ് ദഹിക്കില്ല, നിന്നെപ്പോലെയുള്ള തോൽവികൾക്ക് എന്റെ മറുപടിയും ദഹിക്കില്ല. പോയി പണി നോക്ക് ടോമി" എന്നും താരം കുറിച്ചു.

ശനിയാഴ്ച നടന്ന ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിട്ടപ്പോഴാണ് അശ്വിൻ ഹിന്ദി കമന്ററിയിൽ അരങ്ങേറ്റം കുറിച്ചത്. അശ്വിനോട് ഹർഭജന് അസൂയയുണ്ടെന്ന തരത്തിലുള്ള ചർച്ചകൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. കഴിഞ്ഞ വർഷം അശ്വിന്റെ യൂട്യൂബ് ചാനലിൽ അതിഥിയായി എത്തിയപ്പോൾ ഹർഭജൻ തന്നെ ഇക്കാര്യം ചോദിച്ചിരുന്നു.

"എനിക്ക് നിന്നോട് അസൂയയുണ്ടെന്ന് നിനക്ക് തോന്നുന്നുണ്ടോ? നമ്മൾ ഇത്രയും നേരം സംസാരിച്ചില്ലേ, ഞാൻ അങ്ങനെയുള്ള ഒരാളാണെന്ന് നിനക്ക് തോന്നുന്നുണ്ടോ?" എന്നായിരുന്നു ഹർഭജന്റെ ചോദ്യം. ഇതിന് അശ്വിൻ നൽകിയ മറുപടി ഇങ്ങനെയായിരുന്നു: "ഏതെങ്കിലും ഒരു ഘട്ടത്തിൽ നിങ്ങൾക്ക് അസൂയ തോന്നിയിട്ടുണ്ടെങ്കിൽ പോലും അതിൽ തെറ്റില്ല. നമ്മളെല്ലാം മനുഷ്യരാണ്. അങ്ങനെയൊക്കെ തോന്നുന്നത് സ്വാഭാവികം മാത്രമാണ്."

Tags:    

Similar News