ഫിറ്റായി സെറ്റായി എത്തുന്ന ഹിറ്റ്മാനും പിള്ളാരും; ബുംറയും ബോള്‍ട്ടും നയിക്കുന്ന പേസ് പടയും; ആദ്യ അങ്കത്തിന് ഒരുങ്ങി ദൈവത്തിന്റെ പോരാളികള്‍; എതിരാളികള്‍ രഹാനെ നയിക്കുന്ന കൊല്‍ക്കത്ത; വാംഖഡെയില്‍ ഇന്ന് തീപാറും പോരാട്ടം
മുംബൈ: മുംബൈ ഇന്ത്യന്‍സിന്റെ പ്രൗഢിയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പോരാട്ടവീര്യവും ഇന്ന് നേര്‍ക്കുനേര്‍. വാംഖഡെ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. അഞ്ച് ഐപിഎല്‍ കിരീടങ്ങളുള്ള മുംബൈ ഇന്ത്യന്‍സും മൂന്ന് ഐപിഎല്‍ കിരീടങ്ങളുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും നേര്‍ക്കുനേര്‍ വരുമ്പോള്‍ വാങ്കഡെയലിന്ന് പോരാട്ടം തീപാറുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ദൈവത്തിന്റെ പോരാളികളെന്ന വിളിപ്പേരുള്ള മുംബൈയ്ക്കിത് അഭിമാന പോരാട്ടത്തിന്റെ സീസണ്‍ കൂടിയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ തിരിച്ചടികള്‍ക്ക് അറുതി വരുത്തി ഒരു കിരീടനേട്ടത്തോടെ പ്രതാപകാലത്തേക്ക് മടങ്ങിയെത്താനൊരുങ്ങുന്ന മുംബൈയ്ക്ക് ഈ സീസണ്‍ അഭിമാനപ്പോരാട്ടമാണ്.
ബാറ്റിങ് നിരയില്‍ 'ഹിറ്റ്മാന്‍' രോഹിത് ശര്‍മ തന്നെയാണ് മുംബൈയുടെ പ്രധാന കരുത്ത്. പൂര്‍ണ്ണ കായികക്ഷമതയോടെ ക്രീസിലെത്തുന്ന രോഹിത് തകര്‍ത്തടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. രോഹിതിനൊപ്പം വെടിക്കെട്ട് ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്ക് കൂടി ചേരുന്നതോടെ മുംബൈയ്ക്ക് മികച്ച തുടക്കം ലഭിക്കുമെന്ന് ഉറപ്പാണ്. മധ്യനിരയില്‍ സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, യുവതാരം നമന്‍ ധീര്‍ എന്നിവരടങ്ങുന്ന നിര ഏത് വമ്പന്‍ സ്‌കോറും പടുത്തുയര്‍ത്താന്‍ പ്രാപ്തിയുള്ളവരാണ്.
മറുഭാഗത്ത്, കഴിഞ്ഞ സീസണിലെ എട്ടാം സ്ഥാനത്തിന്റെ നിരാശ മായ്ക്കാന്‍ ഉറച്ചാണ് കൊല്‍ക്കത്ത എത്തുന്നത്. ഫിന്‍ അലന്‍, ടിം സൈഫര്‍ട്ട് എന്നിവരടങ്ങുന്ന ബാറ്റിങ് നിര കെകെആറിന് മുതല്‍ക്കൂട്ടാണ്. വന്‍തുകയ്ക്ക് ടീമിലെത്തിയ കാമറണ്‍ ഗ്രീനിന്റെ മാച്ച് വിന്നിങ് പ്രകടനങ്ങള്‍ക്കായി മാനേജ്മെന്റ് കാത്തിരിക്കുന്നു. പരിശീലന മത്സരത്തില്‍ സെഞ്ച്വറി നേടി തിളങ്ങിയ യുവതാരം അംഗ്രിഷ് രഘുവംശിയുടെ പ്രകടനം ഇന്നത്തെ മത്സരത്തില്‍ നിര്‍ണ്ണായകമാകും.
ബൗളിങ് ഡിപ്പാര്‍ട്ട്മെന്റിലേക്ക് നോക്കിയാല്‍ മുംബൈയ്ക്കാണ് വ്യക്തമായ മേല്‍ക്കൈയുള്ളത്. ജസ്പ്രീത് ബുംറയും ട്രെന്റ് ബോള്‍ട്ടും നയിക്കുന്ന പേസ് നിരയ്ക്കൊപ്പം ദീപക് ചഹര്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ കൂടി ചേരുന്നതോടെ മുംബൈയുടെ ബോളിങ് അതിശക്തമാണ്. അതേസമയം, പരിക്കിന്റെ പിടിയിലായ കൊല്‍ക്കത്തയുടെ പേസ് നിര പ്രതിസന്ധിയിലാണ്. ഹര്‍ഷിത് റാണയും ആകാശ് ദീപും പുറത്തായതും മതീഷ പതിരാനയുടെ അഭാവവും ടീമിനെ അലട്ടുന്നുണ്ട്. എങ്കിലും സുനില്‍ നരെയ്നും വരുണ്‍ ചക്രവര്‍ത്തിയും നയിക്കുന്ന സ്പിന്‍ നിര മുംബൈയെ സമ്മര്‍ദ്ദത്തിലാക്കാന്‍ കെല്‍പ്പുള്ളവരാണ്.
നായകന്മാരുടെ പോരാട്ടത്തിലും മത്സരം ശ്രദ്ധേയമാണ്. മുംബൈയെ നയിക്കുന്ന ഹാര്‍ദിക് പാണ്ഡ്യയ്ക്ക് ഈ സീസണ്‍ വ്യക്തിപരമായും ടീമിനും ഒരുപോലെ പ്രധാനപ്പെട്ടതാണ്. മറുഭാഗത്ത് അജിങ്ക്യ രഹാനെയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലിറങ്ങുന്ന കൊല്‍ക്കത്തയ്ക്ക് രഹാനെയുടെ ബാറ്റിങ് ഫോം ആശങ്കയുണ്ടാക്കുന്നുണ്ട്. ഇതിന് പരിഹാരമായിട്ടാണ് വെടിക്കെട്ട് താരം റിങ്കു സിങ്ങിനെ വൈസ് ക്യാപ്റ്റനായി നിശ്ചയിച്ചിരിക്കുന്നത്. ചരിത്രപരമായ കണക്കുകളില്‍ മുംബൈയ്ക്കാണ് മുന്‍തൂക്കമെങ്കിലും അവസാന പത്ത് മത്സരങ്ങളിലെ തുല്യശക്തികളുടെ പോരാട്ടം ഇന്നത്തെ മത്സരത്തെ പ്രവചനാതീതമാക്കുന്നു. വാംഖഡെയിലെ കാണികള്‍ക്ക് മുന്നില്‍ വീണ്ടും ഒരു ഐപിഎല്‍ ക്ലാസിക് അരങ്ങേറുമെന്ന് തീര്‍ച്ച.
