തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം രക്ഷാപ്രവര്‍ത്തനവുമായി കിഷനും ക്ലാസനും; തകര്‍പ്പന്‍ ക്യാച്ചിലൂടെ കൂട്ടുകെട്ട് പൊളിച്ച് സാള്‍ട്ട്; വാലറ്റത്ത് തകര്‍ത്തടിച്ച് അങ്കിത്; ഹൈദരാബാദിനെതിരെ ബംഗളൂരുവിന് 202 റണ്‍സ് വിജയലക്ഷ്യം; 80 റണ്‍സുമായി കിഷന്‍ ടോപ്പ് സ്‌കോറര്‍; ഡഫിക്ക് 3 വിക്കറ്റ്

ഹൈദരാബാദിനെതിരെ ബംഗളൂരുവിന് 202 റണ്‍സ് വിജയലക്ഷ്യം

By :  Ankush
Update: 2026-03-28 16:29 GMT

ബംഗളൂരു:ഐപിഎല്ലിന്റെ പത്തൊന്‍പതാം പതിപ്പിലെ ആദ്യ മത്സരത്തില്‍ ബംഗളൂരുവിനെതിരെ 202 റണ്‍സ് വിജയലക്ഷ്യമൊരുക്കി സണ്‍റൈസേഴ്സ് ഹൈദരാബാദ്.80 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്റെ ബാറ്റിങ് മികവിലാണ് ഹൈദരാബാദ് ഭേദപ്പെട്ട സ്‌കോറിലെത്തിയത്.വാലറ്റത്തെ അങ്കിതിന്റെ തകര്‍പ്പന്‍ അടികളും കരുത്തായി.20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തിലാണ് ഹൈദരാബാദ് 201 റണ്‍സെടുത്തത്.

ജേക്കബ് ഡഫിയുടെ തകര്‍പ്പന്‍ പന്തുകള്‍ക്ക് മുന്നില്‍ തുടക്കത്തിലെ തകര്‍ന്ന ഹൈദരാബാദിനെ ഹെന്‍ട്രിച്ച് ക്ലാസനും ക്യാപ്റ്റന്‍ ഇഷാനും ഒന്നിച്ചുള്ള 97 റണ്‍സിന്റെ കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് തിരികെ കൊണ്ട് വന്നത്.29 ന് 3 എന്ന നിലയിലാണ് സഖ്യം ഒരുമിച്ചത്.എന്നാല്‍ തകര്‍പ്പന്‍ ക്യാച്ചിലൂടെ ക്ലാസനെ പുറത്താക്കി സാള്‍ട്ട് കൂട്ടുകെട്ട് പൊളിച്ചു.31 റണ്‍സെടുത്ത ക്ലാസന്‍ ഷെപ്പേര്‍ഡിന്റെ പന്തിലാണ് പുറത്തായത്.

ക്ലാസന്‍ പുറത്തായ ശേഷവും തകര്‍ത്തടിച്ച ഇഷാനെയും അവിശ്വസനീയ ക്യാച്ചിലൂടെ സാള്‍ട്ട് തന്നെയാണ് മടക്കിയത്.42 പന്തിലാണ് ഇഷാന്‍ 80 റണ്‍സെടുത്തത്.

അഞ്ച് സിക്സുകളും എട്ട് ഫോറുകളുമാണ് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇഷാന്‍ ബൗണ്ടറി കടത്തിയത്. ഹെന്റിച് ക്ലാസന്‍ (22 പന്തില്‍ 31), അനികേത് വര്‍മ (18 പന്തില്‍ 43) എന്നിവരാണ് ഹൈദരാബാദിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. മത്സരത്തിന്റെ മൂന്നാം ഓവറില്‍ അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ് എന്നിവരെ വീഴ്ത്തി ജേക്കബ് ഡഫിയാണ് ആര്‍സിബിക്കു മികച്ച തുടക്കം നല്‍കിയത്. നിതീഷ് കുമാര്‍ റെഡ്ഡിയും (ഒന്ന്) ഡഫിയുടെ പന്തില്‍ പുറത്തായതോടെ 29 റണ്‍സെടുക്കുന്നതിനിടെ ഹൈദരാബാദിന് മൂന്നു വിക്കറ്റുകള്‍ നഷ്ടമായി. പവര്‍പ്ലേയില്‍ 49 റണ്‍സാണ് ഹൈദരാബാദ് നേടിയത്. തകര്‍ത്തടിച്ച ഇഷാനൊപ്പം ഹെന്റിച് ക്ലാസന്‍ കൂടി ചേര്‍ന്നതോടെ ഹൈദരാബാദ് സ്‌കോര്‍ ഉയര്‍ത്തി. 11.3 ഓവറിലാണ് സണ്‍റൈസേഴ്സ് 100 പിന്നിട്ടത്.

സ്‌കോര്‍ 126 ല്‍ നില്‍ക്കെ ക്ലാസനെ റൊമാരിയോ ഷെഫേഡ് ഫില്‍ സോള്‍ട്ടിന്റെ കൈകളിലെത്തിച്ചു. മധ്യനിരയില്‍ സലില്‍ അറോറ ഒന്‍പതു റണ്‍സെടുത്തു പുറത്തായി. ഹൈദരാബാദിനെ സുരക്ഷിത നിലയിലെത്തിച്ച ശേഷമാണ് ഇഷാന്‍ കിഷന്റെ മടക്കം. അഭിനന്ദന്‍ സിങ്ങിന്റെ പന്തില്‍ ഫില്‍ സോള്‍ട്ടിന്റെ ക്യാച്ചില്‍ ഹൈദരാബാദ് ക്യാപ്റ്റന്‍ പുറത്തായി. ഇതോടെ ഹൈദരാബാദിന്റെ റണ്ണൊഴുക്കിന്റെ വേഗതയും കുറഞ്ഞു. വാലറ്റം പൊരുതിയില്ലെങ്കിലും അനികേത് വര്‍മയുടെ ചെറുത്തുനില്‍പ്പാണ് ഹൈദരാബാദിനെ 190 കടത്തിയത്. നാലു സിക്സുകളും മൂന്നു ഫോറുകളും ബൗണ്ടറി കടത്തിയ താരത്തെ റൊമാരിയോ ഷെഫേഡ് 19ാം ഓവറിലെ അവസാന പന്തില്‍ വിരാട് കോലിയുടെ കൈകളിലെത്തിച്ചു. ഇന്നിങ്സിന്റെ അവസാന പന്തില്‍ ഡബിള്‍ ഓടിയ ജയ്ദേവ് ഉനദ്ഘട്ട് ഹൈദരാബാദിനെ 200 കടത്തി.

ആര്‍സിബിക്കായി ജേക്കബ് ഡഫിയും റൊമാരിയോ ഷെഫേഡും മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തി. ഭുവനേശ്വര്‍ കുമാര്‍, അഭിനന്ദന്‍ സിങ്, സുയാഷ് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം നേടി.

Tags:    

Similar News