സിഎസ്കെയ്ക്ക് കനത്ത തിരിച്ചടി; ധോണിക്ക് പരിക്ക്, ആദ്യ രണ്ടാഴ്ച കളിക്കില്ല; സഞ്ജു സാംസൺ വിക്കറ്റിന് പിന്നിലെത്തും

Update: 2026-03-28 05:55 GMT

ചെന്നൈ: ഐപിഎൽ 2026 സീസൺ ആരംഭിക്കാനിരിക്കെ ചെന്നൈ സൂപ്പർ കിങ്‌സിന് കനത്ത തിരിച്ചടി. കാലിലെ പേശിക്കുണ്ടായ പരിക്കിനെ തുടർന്ന് ഇതിഹാസ താരം എം.എസ്. ധോണിക്ക് ആദ്യ രണ്ടാഴ്ചത്തെ മത്സരങ്ങൾ നഷ്ടമാകും. ശനിയാഴ്ച സിഎസ്കെ മാനേജ്‌മെന്റാണ് ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്. തിങ്കളാഴ്ച ഗുവാഹത്തിയിൽ രാജസ്ഥാൻ റോയൽസിനെതിരെയാണ് ചെന്നൈയുടെ ആദ്യ മത്സരം. ധോണിയുടെ അഭാവത്തിൽ മലയാളി താരം സഞ്ജു സാംസൺ ചെന്നൈയുടെ വിക്കറ്റ് കീപ്പറാകും.

മെഗാ ലേലത്തിന് മുന്നോടിയായി രാജസ്ഥാനിൽ നിന്നും ട്രേഡിലൂടെയാണ് സഞ്ജു ചെന്നൈ പാളയത്തിലെത്തിയത്. രവീന്ദ്ര ജഡേജ, സാം കറൻ എന്നിവരെ ഒഴിവാക്കിയാണ് ചെന്നൈ സഞ്ജുവിനെ ടീമിലെത്തിച്ചത്. പരിക്കേറ്റ സാം കറന് ഈ സീസൺ പൂർണ്ണമായും നഷ്ടമാകും. തിങ്കളാഴ്ച തന്റെ പഴയ ടീമായ രാജസ്ഥാനെതിരെ സഞ്ജു ചെന്നൈ കുപ്പായത്തിൽ ഇറങ്ങുമ്പോൾ ആരാധകർ വലിയ ആവേശത്തിലാണ്.

മുട്ടിലെ പരിക്ക് അലട്ടുന്ന ധോണിക്ക് ഇത്തവണത്തെ ഫിറ്റ്‌നസ് വലിയ വെല്ലുവിളിയാണ്. അടുത്തിടെ ചെന്നൈയിൽ നടന്ന 'റോർ 26' ഫാൻ ഇവന്റിൽ തന്റെ ഫിറ്റ്‌നസ് കുറയുന്നതായി ധോണി തന്നെ സൂചിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിൽ 2026 ധോണിയുടെ അവസാന സീസണായേക്കുമെന്നാണ് വിലയിരുത്തൽ. ധോണിക്ക് ശേഷം വിക്കറ്റിന് പിന്നിൽ മികച്ചൊരു പകരക്കാരനെ കണ്ടെത്താനാണ് സഞ്ജുവിനെ ചെന്നൈ ടീമിലെത്തിച്ചത്. കൂടാതെ 14.20 കോടി രൂപയ്ക്ക് അൺക്യാപ്ഡ് താരം കാർത്തിക് ശർമ്മയെയും ചെന്നൈ സ്വന്തമാക്കിയിട്ടുണ്ട്.

ഐപിഎല്ലിൽ ഇതുവരെ 278 മത്സരങ്ങളിൽ നിന്നായി 5,439 റൺസാണ് ധോണിയുടെ സമ്പാദ്യം. ടൂർണമെന്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ആറാമത്തെ താരമാണ് അദ്ദേഹം. കഴിഞ്ഞ സീസണിൽ 13 ഇന്നിങ്‌സുകളിൽ നിന്നായി 135-ന് മുകളിൽ സ്ട്രൈക്ക് റേറ്റിൽ 196 റൺസ് ധോണി നേടിയിരുന്നു. നിലവിൽ റുതുരാജ് ഗെയ്‌ക്‌വാദ് നയിക്കുന്ന ചെന്നൈ, ആറാം കിരീടമെന്ന റെക്കോർഡ് ലക്ഷ്യമിട്ടാണ് ഇത്തവണ കളത്തിലിറങ്ങുന്നത്.

Tags:    

Similar News