ഐപിഎല്ലിൽ മഞ്ഞപ്പടയുടെ ഓപ്പണിങ് സഖ്യം ഇവരാണ്; ഋതുരാജിനൊപ്പം സഞ്ജു സാംസൺ ഇറങ്ങും; സൂചന നൽകി ചെന്നൈ സൂപ്പർ കിങ്‌സ് നായകൻ

Update: 2026-03-26 12:52 GMT

മുംബൈ: ഐപിഎല്ലിന്റെ പുതിയ സീസണിൽ ചെന്നൈ സൂപ്പർ കിങ്‌സിന്റെ ഇന്നിങ്‌സ് ഓപ്പൺ ചെയ്യാൻ നായകൻ ഋതുരാജ് ഗെയ്‌ക്‌വാദിനൊപ്പം മലയാളി താരം സഞ്ജു സാംസണുമെത്തുമെന്ന സൂചന. മുംബൈയിൽ നടന്ന ഐപിഎൽ ക്യാപ്റ്റന്മാരുടെ സംഗമത്തിലാണ് ഗെയ്‌ക്‌വാദ് ടീമിന്റെ പുതിയ തന്ത്രം വെളിപ്പെടുത്തിയത്. കഴിഞ്ഞ സീസണിലെ തകർച്ചയിൽനിന്ന് കരകയറാൻ പരിചയസമ്പന്നരായ ഈ സഖ്യത്തിന് കഴിയുമെന്നാണ് ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷ.

രവീന്ദ്ര ജഡേജയെയും സാം കറനെയും രാജസ്ഥാൻ റോയൽസിന് നൽകി സഞ്ജുവിനെ ടീമിലെത്തിച്ച ചെന്നൈയുടെ നീക്കം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു. കഴിഞ്ഞ സീസണിൽ ഓപ്പണിങ് സഖ്യം പരാജയപ്പെട്ടത് ചെന്നൈയ്ക്ക് വലിയ തിരിച്ചടിയായിരുന്നു. ഗെയ്‌ക്‌വാദ് മൂന്നാം നമ്പറിലേക്ക് മാറിയപ്പോൾ രചിൻ രവീന്ദ്ര, ഡെവോൺ കോൺവേ, രാഹുൽ ത്രിപാഠി എന്നിവരെ മാറി മാറി പരീക്ഷിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല. ഒടുവിൽ പകരക്കാരായി എത്തിയ യുവതാരങ്ങളായ ആയുഷ് മ्हाത്രെയും ഡെവാൾഡ് ബ്രെവിസുമാണ് ടീമിന് അല്പമെങ്കിലും ആശ്വാസം നൽകിയത്.

കഴിഞ്ഞ സീസണിൽ ഏഴ് ഇന്നിങ്‌സുകളിൽനിന്ന് 188.97 സ്ട്രൈക്ക് റേറ്റിൽ 240 റൺസ് അടിച്ചുകൂട്ടിയ ആയുഷ് മാത്രെ ചെന്നൈയുടെ കണ്ടെത്തലായിരുന്നു. ആർസിബിക്കെതിരെ താരം നേടിയ 94 റൺസ് ഏറെ ശ്രദ്ധിക്കപ്പെട്ടു. ആറ് ഇന്നിങ്‌സിൽനിന്ന് 180 സ്ട്രൈക്ക് റേറ്റിൽ 225 റൺസ് നേടിയ ബ്രെവിസും മോശമാക്കിയില്ല. എന്നാൽ, നിർണായകമായ പുതിയ സീസണിൽ പരീക്ഷണമൊഴിവാക്കി അനുഭവസമ്പത്തിന് മുൻതൂക്കം നൽകാനാണ് സിഎസ്‌കെയുടെ തീരുമാനം.

മാർച്ച് 30-ന് ഗുവാഹത്തിയിലെ ബർസാപര സ്റ്റേഡിയത്തിൽ സഞ്ജുവിന്റെ പഴയ തട്ടകമായ രാജസ്ഥാൻ റോയൽസിനെതിരെയാണ് ചെന്നൈയുടെ ആദ്യ മത്സരം. ഏപ്രിൽ 3-ന് പഞ്ചാബ് കിങ്‌സിനെതിരെയാണ് ചെപ്പോക്കിലെ ആദ്യ ഹോം മാച്ച്. ഏപ്രിൽ 11-ന് ഡൽഹി ക്യാപിറ്റൽസുമായും ചെന്നൈ തങ്ങളുടെ തട്ടകത്തിൽ ഏറ്റുമുട്ടും.

Tags:    

Similar News