ചിന്നസ്വാമിയിലെ വിജയാഘോഷത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട 11 പേര്‍ക്ക് ആദരം; ഐപിഎല്‍ 19 ആം പതിപ്പ് തുടങ്ങുന്നത് ആഘോഷ പൊലിമകളില്ലാതെ; ഉദ്ഘാടനപ്പോരില്‍ ഏറ്റുമുട്ടുക ബംഗളൂരുവും ഹൈദരാബാദും; ഉദ്ഘാടനവും സമാപനവും ബംഗളൂരുവില്‍;12 വേദികള്‍.. 84 മത്സരങ്ങള്‍. ഐപിഎല്‍ പോരാട്ടത്തിന് നാളെ തുടക്കം

ചിന്നസ്വാമിയിലെ വിജയാഘോഷത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട 11 പേര്‍ക്ക് ആദരം

Update: 2026-03-27 05:40 GMT

ബംഗളുരൂ: ഇന്ത്യന്‍ പ്രീമിയര്‍ ക്രിക്കറ്റ് ലീഗിന് നാളെ കൊടിയേറും.ശനിയാഴ്ച്ച ബംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും സണ്‍റൈസേഴ്സ് ഹൈദരാബാദും ഏറ്റുമുട്ടുന്നതോടെയാണ് രണ്ട് മാസക്കാലം നീളുന്ന ഐപിഎല്ലിന്റെ 19 ാം എഡിഷന് തുടക്കമാകുന്നത്.രാത്രി 7.30 മുതലാണ് മത്സരം.കഴിഞ്ഞ വര്‍ഷം ബംഗളുരുവിന്റെ വിജയാഘോഷച്ചടങ്ങിനായി സ്റ്റേഡിയത്തിനകത്ത് കയറിപ്പറ്റുന്നതിനിടെ ഉണ്ടായ ഉന്തിലും തള്ളിലും അകപ്പെട്ട് 11 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.മരിച്ചവര്‍ക്കുള്ള ആദരസൂചകമായി ഇത്തവണ ഐപിഎല്ലിന്റെ ഉദ്ഘാടന ചടങ്ങുകള്‍ ഒഴിവാക്കിയിട്ടുണ്ട്.കഴിഞ്ഞ വര്‍ഷം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ തന്നെയായിരുന്നു അപകടത്തിനിടയാക്കിയ വിജയാഘോഷം നടന്നത്.

സാധാരണ ബോളിവുഡ് സിനിമാതാരങ്ങളും ലേസര്‍ഷോയും ഉള്‍പ്പടെ വിപുലമായ രീതിയിലാണ് ഒരോ എഡിഷനും തുടക്കം കുറിക്കാറുള്ളത്.എന്നാല്‍ മെയ് 31 ന് നടക്കുന്ന സമാപന ചടങ്ങ് ഗംഭീരമാക്കാനാണ് ബിസിസിഐയുടെ തീരുമാനം.മെയ് 31-നാണ് ഫൈനല്‍ മത്സരം നിശ്ചയിച്ചിരിക്കുന്നത്.ശനി, ഞായര്‍ ദിവസങ്ങളില്‍ രണ്ട് മത്സരമുണ്ട്. വൈകുന്നേരം 4 മണിക്ക് ആദ്യ മത്സരവും രാത്രി 7 .30 ന് രണ്ടാം മത്സരവും നടക്കും.മറ്റ് ദിവസങ്ങളില്‍ രാത്രി 7.30 ന് മത്സരം ആരംഭിക്കും.ഇത്തവണ ഉദ്ഘാടന മത്സരവും ഫൈനലും ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ്.2024 മുതല്‍ 2028 വരെ 2500 കോടി രൂപയ്ക്കാണ് ടാറ്റ ട്രൂപ്പ് ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പ് സ്വന്തമാക്കിയിരിക്കുന്നത്.

പത്ത് ടീമുകള്‍.. 12 വേദികള്‍..84 മത്സരങ്ങള്‍

തിരഞ്ഞെടുപ്പ് പ്രമാണിച്ച് ആദ്യ 20 മത്സരങ്ങളുടെ സമയ ക്രമമാണ് ബി സി സി ഐ ആദ്യം പുറത്തുവിട്ടത്.കഴിഞ്ഞ ദിവസം രണ്ടാംഘട്ട മത്സരക്രമവും പുറത്ത് വിട്ടതോടെ ഈ വര്‍ഷത്തെ ഐപിഎല്‍ ഷെഡ്യൂള്‍ വ്യക്തമായി.രണ്ടാംഘത്തില്‍ 50 മത്സരങ്ങളാണുള്ളത്.ഏപ്രില്‍ 13 മുതല്‍ മെയ് 24 വരെയുള്ള മത്സരങ്ങളുടെ പട്ടികയാണ് രണ്ടാംഘട്ടത്തില്‍ പുറത്തുവിട്ടിരിക്കുന്നത്.ആദ്യഘട്ടത്തില്‍ 20 മത്സരങ്ങലാണ് പ്രഖ്യാപിച്ചിരുന്നത്.ആകെ 84 മത്സരങ്ങളാണ് ഇക്കുറിയുള്ളത്.

ചെന്നൈ സൂപ്പര്‍ കിങ്ങസ്,രാജസ്ഥാന്‍ റോയല്‍സ്,മുംബൈ ഇന്ത്യന്‍സ്,ഡല്‍ഹി ക്യാപിറ്റല്‍സ്,ഗുജറാത്ത് ടൈറ്റന്‍സ്,കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്,പഞ്ചാബ് കിങ്ങ്സ്,ലഖ്നൗ സൂപ്പര്‍ ജയന്റ്സ്,റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു,സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നീ പത്തു ടീമുകളാണ് ഇക്കുറിപോരിനിറങ്ങുന്നത്.അഹമ്മദാബാദ്,ചെന്നൈ,ബംഗളൂരു,ഡല്‍ഹി,ധരംശാല,ഗുവാഹത്തി,ജയ്പൂര്‍,ഹൈദരാബാദ്,കൊല്‍ക്കത്ത,ലഖ്നൗ,മുല്ലന്‍പൂര്‍,മുംബൈ,റായ്പൂര്‍,വിശാഖപട്ടണം എന്നീ 12 വേദികളിലായാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.പോയന്റ് നിലയില്‍ ആദ്യ രണ്ട് സ്ഥാനത്ത് എത്തുന്ന ടീമുകള്‍ ക്വാളിഫൈയറിലേക്കും മൂന്നും നാലും സ്ഥാനക്കാര്‍ എലിമിനേറ്ററിലേക്കും കടക്കും.

ധോണിയുടെ അവസാന സീസണ്‍ ആകുമോ? തകര്‍ത്തടിക്കാന്‍ താരങ്ങളേറെ

കളിക്കാരനെന്ന നിലയില്‍ മഹേന്ദ്രസിങ്ങ് ധോണിയുടെ അവസാന സീസണ്‍ ആയിരിക്കുമിതെന്നാണ് വിലയിരുത്തപ്പെടുന്നത്.ഈ സീസണില്‍ എല്ലാ മത്സരവും അദ്ദേഹം കളിക്കാനും സാധ്യതയില്ല.അതിനാല്‍ ധോണിയിറങ്ങുന്ന മത്സരങ്ങളൊക്കെ തന്നെയും ക്രിക്കറ്റ് പ്രേമികള്‍ക്കും ചെന്നൈ ആരാധകര്‍ക്കും ഒരുപോലെ ആവേശം നിറയ്ക്കുന്നതാവും.ധോണിയുടെ പിന്‍ഗാമിയായി ചെന്നൈ ടീമിലെത്തിച്ച സഞ്ജുവിന്റെ പ്രകടനവും ഇക്കുറി ഏവരും ഉറ്റുനോക്കുന്നതാണ്.

ധോണിക്കുപുറമെ വിരാട് കോഹ്ലി,രോഹിത് ശര്‍മ്മ,ശുഭ്മാന്‍ ഗില്‍,ജസ്പ്രീത് ബുംറ,ഋഷഭ് പന്ത്,ശ്രേയസ്സ് ഐയ്യര്‍,അഭിഷേക് ശര്‍മ്മ,ഇഷാന്‍ കിഷന്‍,വൈഭവ് സൂര്യവംശി തുടങ്ങി ഇന്ത്യന്‍ ക്രിക്കറ്റിലെയും ജോസ് ബട്ലര്‍,ഗ്ലെന്‍ഫിലിപ്സ്,പാറ്റ് കമ്മിന്‍സ്,മിച്ചല്‍ സ്റ്റാര്‍ക്ക്,ട്രാവിസ് ഹൈഡ്,സുനില്‍ നരെയ്ന്‍,എയഡ്ന്‍ മാര്‍ക്രം,ഡേവിഡ് മില്ലര്‍,റാഷിദ്ഖാന്‍ തുടങ്ങി പ്രമുഖരുടെ വമ്പന്‍നിരയും ഇക്കുറിയുമുണ്ട്.ഇന്ത്യന്‍ താരങ്ങളെ സംബന്ധിച്ച് ഏകദിന ക്രിക്കറ്റ് ലോകകപ്പ് ടീമിലേക്കുള്ള ചവിട്ട് പടികൂടിയാണ് ഇത്തവണത്തെ ഐപിഎല്‍.

Tags:    

Similar News