ഹാർദിക്കിനെ മാറ്റുന്നത് മുംബൈയുടെ അടുത്ത പിഴവാകും; രോഹിത്തിന്റെ കാര്യത്തിൽ സംഭവിച്ചത് ആവർത്തിക്കരുത്; സൂര്യകുമാർ നായകനാകണമെന്ന വാദങ്ങൾക്കിടെ മുന്നറിയിപ്പുമായി മുഹമ്മദ് കൈഫ്

Update: 2026-03-27 10:50 GMT

മുംബൈ: ഐപിഎൽ 2026 സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, മുംബൈ ഇന്ത്യൻസിലെ നായകമാറ്റ ചർച്ചകളിൽ നിലപാട് വ്യക്തമാക്കി മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ഹാർദിക് പാണ്ഡ്യയെ മാറ്റി സൂര്യകുമാർ യാദവിനെ നായകനാക്കുന്നത് മുംബൈ ഇന്ത്യൻസ് ആവർത്തിക്കുന്ന തെറ്റായിരിക്കുമെന്ന് കൈഫ് ചൂണ്ടിക്കാട്ടി. ഇന്ത്യയെ ട്വന്റി20 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച സൂര്യകുമാർ യാദവിന് മുംബൈയിൽ നായക സ്ഥാനം ലഭിക്കാത്തതിൽ ക്രിക്കറ്റ് ലോകത്ത് ചർച്ചകൾ കൊഴുക്കുകയാണ്.

രോഹിത് ശർമയെ മാറ്റി ഹാർദിക്കിനെ കൊണ്ടുവന്നപ്പോൾ മുംബൈ വലിയ തിരിച്ചടി നേരിട്ടിരുന്നു. ആ തെറ്റ് ആവർത്തിക്കരുതെന്ന് കൈഫ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. "രോഹിത്തിനെ മാറ്റി ഹാർദിക്കിനെ കൊണ്ടുവന്ന സീസണിൽ മുംബൈയ്ക്ക് പിഴച്ചു. എന്നാൽ ഇപ്പോൾ ഹാർദിക് തന്റെ റോളിൽ സെറ്റായിക്കഴിഞ്ഞു. കഴിഞ്ഞ സീസണിൽ (2025) ടീമിനെ ക്വാളിഫയർ 2 വരെ എത്തിക്കാൻ ഹാർദിക്കിന് സാധിച്ചു. അത് മികച്ച പ്രകടനമാണ്," കൈഫ് നിരീക്ഷിച്ചു.

സൂര്യകുമാർ യാദവ് ഇപ്പോൾ മികച്ച ഫോമിലാണെന്ന് കരുതി നായകസ്ഥാനം നൽകുന്നത് ശരിയല്ലെന്ന് കൈഫ് പറഞ്ഞു. "ഗുജറാത്തിനെ ചാമ്പ്യന്മാരാക്കിയ ഹാർദിക് അന്ന് ട്രെൻഡായിരുന്നു, അതുകൊണ്ട് മുംബൈ അദ്ദേഹത്തെ നായകനാക്കി. ഇന്ന് സൂര്യകുമാറാണ് ചർച്ചാവിഷയം. നാളെ മറ്റൊരാളാകും താരം. അപ്പോൾ സൂര്യയെയും മാറ്റുമോ?" കൈഫ് ചോദിക്കുന്നു. താരങ്ങളുടെ ജനപ്രീതി നോക്കിയല്ല ക്യാപ്റ്റനെ തീരുമാനിക്കേണ്ടതെന്ന നിലപാടാണ് അദ്ദേഹം പങ്കുവെച്ചത്.

രവിചന്ദ്രൻ അശ്വിൻ അടക്കമുള്ള പ്രമുഖർ സൂര്യകുമാറിന് വേണ്ടി വാദിക്കുമ്പോഴാണ് കൈഫിന്റെ ഈ പ്രതികരണം ശ്രദ്ധേയമാകുന്നത്. 2024-ൽ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തായിരുന്ന മുംബൈ, 2025-ൽ ഹാർദിക്കിന് കീഴിൽ ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു.

Tags:    

Similar News