പാകിസ്ഥാൻ സൂപ്പർ ലീഗിൽ പന്ത് 'ചുവന്നു'; കരിയറിൽ ഇത്തരമൊരു അനുഭവം ഉണ്ടായിട്ടില്ലെന്ന് ലബുഷെയ്ൻ; ജേഴ്‌സി വിവാദത്തിനൊപ്പം ടീം ലിസ്റ്റ് പരിഷ്കാരവും; ആദ്യ മത്സരത്തിന് പിന്നാലെ വിവാദം പുകയുന്നു

Update: 2026-03-27 09:03 GMT

ലാഹോർ: സീസണിലെ ആദ്യ മത്സരത്തിന് പിന്നാലെ പാകിസ്ഥാൻ സൂപ്പർ ലീഗിൽ ആദ്യ വിവാദം പുകയുകയാണ്. ലീഗിലെ ആദ്യ മത്സരത്തിൽ ഉപയോഗിച്ച പന്തുകളുടെയും താരങ്ങൾ ധരിച്ച ജേഴ്‌സിയുടെയും ഗുണനിലവാരമാണ് ഇപ്പോൾ ആരാധകർക്കിടയിലെ പ്രധാന ചർച്ചാവിഷയം. ലാഹോർ ഖലന്ദേഴ്സും ഹൈദരാബാദ് കിംഗ്‌സ്‌മെനും തമ്മിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ, വെളുത്ത പന്ത് പെട്ടെന്ന് ചുവപ്പായി മാറിയത് താരങ്ങളെയും അമ്പയർമാരെയും ഒരുപോലെ അമ്പരപ്പിച്ചു.

ഗദ്ദാഫി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ രണ്ടാം ഓവറിൽത്തന്നെ പന്തിന്റെ നിറം മാറുന്നത് ഹൈദരാബാദ് നായകൻ മാർനസ് ലബുഷെയ്‌ന്റെ ശ്രദ്ധയിൽപ്പെട്ടു. വെളുത്ത പന്ത് പതുക്കെ മെറൂൺ നിറമായി മാറുകയായിരുന്നു. ഉടൻ തന്നെ ലബുഷെയ്ൻ അമ്പയറെ സമീപിച്ച് പരാതിപ്പെട്ടു. "രണ്ടാം ഓവർ കഴിഞ്ഞപ്പോൾ തന്നെ ഞാൻ അമ്പയറോട് കാര്യം തിരക്കി. എന്റെ കരിയറിൽ ഇന്നുവരെ ഇത്തരമൊരു അനുഭവം ഉണ്ടായിട്ടില്ല." ലബുഷെയ്ൻ പറഞ്ഞു.

എന്നാൽ ഈ 'നിറംമാറ്റത്തിന്' പിന്നിൽ ദുരൂഹതകളൊന്നുമില്ലെന്ന് പിന്നീട് വ്യക്തമായി. ഹൈദരാബാദ് താരങ്ങൾ ധരിച്ചിരുന്ന മെറൂൺ ജേഴ്‌സിയിൽ നിന്നുള്ള ചായം പന്തിലേക്ക് പടർന്നതായിരുന്നു കാരണം. പന്ത് മിനുസപ്പെടുത്താനായി താരങ്ങൾ ജേഴ്‌സിയിൽ ഉരസിയപ്പോൾ ഗുണനിലവാരം കുറഞ്ഞ തുണിയിലെ ചായം പന്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയായിരുന്നു. ബാറ്റിന്റെയോ പാഡിന്റെയോ നിറം പന്തിൽ പറ്റിപ്പിടിക്കുന്നത് സാധാരണമാണെങ്കിലും വസ്ത്രത്തിൽ നിന്ന് നിറം പടരുന്നത് ആദ്യ സംഭവമാണെന്നും ലബുഷെയ്ൻ കൂട്ടിച്ചേർത്തു.

വിവാദങ്ങൾക്കിടയിലും പാകിസ്ഥാൻ സൂപ്പർ ലീഗിൽ (പിഎസ്‌എൽ) നടപ്പിലാക്കിയ പുതിയ നിയമം ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയാവുകയാണ്. ഉപഭൂഖണ്ഡത്തിലെ രാത്രികാല മത്സരങ്ങളിൽ മഞ്ഞുവീഴ്ച ടോസ് ജയിക്കുന്ന ടീമിന് വലിയൊരു അനുകൂല ഘടകമായി മാറാറുണ്ട്. ഈ സാഹചര്യം ഒഴിവാക്കാനായി, ഓരോ ടീമും ടോസിന് മുൻപായി രണ്ട് വ്യത്യസ്ത ടീം ലിസ്റ്റുകൾ സമർപ്പിക്കണമെന്ന പരിഷ്കാരമാണ് ലീഗിൽ കൊണ്ടുവന്നിട്ടുള്ളത്. ടോസ് ഫലം അറിഞ്ഞ ശേഷം, സാഹചര്യത്തിനനുസരിച്ച് ബാറ്റിംഗിനോ ബൗളിംഗിനോ ഏറ്റവും അനുയോജ്യമായ പ്ലെയിംഗ് ഇലവനെ തിരഞ്ഞെടുക്കാൻ നായകൻമാർക്ക് ഇതിലൂടെ സാധിക്കും. മഞ്ഞുവീഴ്ച മൂലം പന്ത് നനയുന്നതും ബൗളർമാർക്ക് ഗ്രിപ്പ് ലഭിക്കാത്തതും വഴിയുണ്ടാകുന്ന അസന്തുലിതത്വം പരിഹരിക്കാൻ ഈ നീക്കം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Tags:    

Similar News