'എന്തിനാണ് ലോര്‍ഡ്സിലെ റാണിയെപ്പോലെ അവരെ പരിഗണിക്കുന്നത്?' മറിയം നവാസിനെ ഉന്നമിട്ട് പാക്ക് പേസര്‍ നസീം ഷായുടെ പോസ്റ്റ്; കടുത്ത പ്രതിഷേധം; കടുത്ത നടപടിയിലേക്ക് പിസിബി

Update: 2026-03-28 07:38 GMT

ലാഹോര്‍: പാക്കിസ്ഥാന്‍ ക്രിക്കറ്റ് ലോകത്തെയും രാഷ്ട്രീയ കേന്ദ്രങ്ങളെയും ഒരുപോലെ പിടിച്ചുലയ്ക്കുന്ന വിവാദമായി മാറിയിരിക്കുകയാണ് യുവ പേസര്‍ നസീം ഷായും പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസും തമ്മിലുള്ള പോര്. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ (PSL) ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തില്‍ പങ്കുവെച്ച ഒരു പോസ്റ്റാണ് നസീം ഷായെ കുരുക്കിലാക്കിയത്. സംഭവത്തിന് പിന്നാലെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (PCB) താരത്തിന് കാരണംകാണിക്കല്‍ നോട്ടീസ് അയച്ചു. കേന്ദ്ര കരാറിലെ നിബന്ധനകളും മാധ്യമ നിയന്ത്രണങ്ങളും ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന പിഎസ്എല്‍ ഉദ്ഘാടന മത്സരത്തില്‍ മുഖ്യാതിഥിയായി എത്തിയത് മറിയം നവാസായിരുന്നു. പിസിബി മേധാവി മൊഹ്സിന്‍ നഖ്വി അവരെ സ്വീകരിക്കുകയും ടീമുടമകള്‍ക്കും കളിക്കാര്‍ക്കും പരിചയപ്പെടുത്തുകയും ചെയ്തു. ഈ ചടങ്ങിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് നസീം ഷായുടെ എക്‌സ് (ട്വിറ്റര്‍) അക്കൗണ്ടില്‍ നിന്ന് പരിഹാസരൂപേണയുള്ള കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. 'എന്തിനാണ് ലോര്‍ഡ്സിലെ റാണിയെപ്പോലെ അവരെ പരിഗണിക്കുന്നത്?' എന്നായിരുന്നു നസീമിന്റെ പോസ്റ്റ്. പദവിയിലെത്തിയ ശേഷം മറിയം നവാസിന് ലഭിക്കുന്ന അമിത പ്രാധാന്യത്തെ ചോദ്യം ചെയ്യുന്നതായിരുന്നു ഈ പരാമര്‍ശം.

വിവാദം കടുത്തതോടെ നസീം ഷാ പോസ്റ്റ് ഉടന്‍ തന്നെ നീക്കം ചെയ്യുകയും തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് വിശദീകരണം നല്‍കുകയും ചെയ്തു. എന്നാല്‍, കേന്ദ്ര കരാറിലെ നിബന്ധനകളും മാധ്യമ നിയന്ത്രണങ്ങളും ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പിസിബി താരത്തിനെതിരെ അച്ചടക്ക നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. റാവല്‍പിണ്ടി പിന്‍ഡിസ് താരമായ നസീം, പെഷവാര്‍ സാല്‍മിക്കെതിരായ അടുത്ത മത്സരത്തില്‍ കളിക്കുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്.

പാക്കിസ്ഥാന്‍ രാഷ്ട്രീയത്തിലെ കരുത്തുറ്റ വ്യക്തിത്വമായ മറിയം നവാസിനെതിരെയുള്ള പരാമര്‍ശം ഗൗരവകരമായാണ് അധികൃതര്‍ കാണുന്നത്. മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകളായ മറിയം, 2024 ഫെബ്രുവരിയിലാണ് പഞ്ചാബ് പ്രവിശ്യയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയായി ചുമതലയേറ്റത്. പാക്കിസ്ഥാന്റെ സാമ്പത്തിക-ജനസംഖ്യാ മേഖലകളില്‍ നിര്‍ണ്ണായക സ്വാധീനമുള്ള പഞ്ചാബ് ഭരിക്കുന്ന ഷെരീഫ് കുടുംബത്തിലെ നാലാമത്തെ അംഗം കൂടിയാണവര്‍. മികച്ച പ്രസംഗകയും രാഷ്ട്രീയ തന്ത്രജ്ഞയുമായ മറിയത്തിനെതിരെയുള്ള ക്രിക്കറ്റ് താരത്തിന്റെ നീക്കം പാക്കിസ്ഥാനിലെ രാഷ്ട്രീയ ചേരിതിരിവുകള്‍ കളിക്കളത്തിലേക്കും പടരുന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

Similar News