റാവല്‍പിണ്ടി എക്‌സ്പ്രസ് മുതല്‍ ബൂം ബൂം അഫ്രീദി വരെ; സൊഹൈല്‍ തന്‍വീറിന്റെ പര്‍പ്പിള്‍ ക്യാപ്പും കമ്രാന്‍ അക്മലിന്റെ ബാറ്റിങ് വെടിക്കെട്ടും; ഐപിഎല്ലില്‍ പാക് താരങ്ങള്‍ നിറഞ്ഞാടിയ 2008-ലെ ആ 'മിനി ലോകകപ്പ്'
മുംബൈ: ഗാലറികളില്‍ പാക് താരങ്ങളുടെ പേരുകള്‍ ആവേശമായിയിരുന്ന ഒരു ഐപിഎല്‍ സീസണുണ്ടായിരുന്നു. അതിര്‍ത്തിയിലെ പോരും വിലക്കുകളും മൈതാനത്തെ തൊടാതിരുന്ന 2008-ലെ പ്രഥമ സീസണില്‍, അഞ്ച് ടീമുകളിലായി 11 പാക് താരങ്ങളാണ് ബാറ്റും പന്തുമായി ഐപിഎല്ലില്‍ നിറഞ്ഞാടിയത്. കാലം ഏറെക്കഴിഞ്ഞെങ്കിലും ഐപിഎല്‍ ചരിത്ര പുസ്തകത്തില്‍ ആ പാക് മുദ്രകള്‍ ഇന്നും തിളങ്ങിനില്‍ക്കുന്നു.
ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാന്റെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സായിരുന്നു പാക് കരുത്തില്‍ ഏറ്റവുമധികം വിശ്വാസമര്‍പ്പിച്ചത്. ബ്ലാക്കും ഗോള്‍ഡും കലര്‍ന്ന ജഴ്‌സിയില്‍ അന്ന് നാല് പാക് താരങ്ങളാണ് അണിനിരന്നത്. 'റാവല്‍പിണ്ടി എക്‌സ്പ്രസ്' ഷോയിബ് അക്തര്‍ തീതുപ്പിയ പന്തുകളുമായി നയിച്ച ആ നിരയില്‍ ഉമര്‍ ഗുല്‍, സല്‍മാന്‍ ബട്ട്, മുഹമ്മദ് ഹഫീസ് എന്നിവരും കൊല്‍ക്കത്തയുടെ കരുത്തായി.
പ്രഥമ സീസണില്‍ ഷെയ്ന്‍ വോണിന്റെ കീഴില്‍ രാജസ്ഥാന്‍ റോയല്‍സ് കിരീടമുയര്‍ത്തിയപ്പോള്‍ അതില്‍ നിര്‍ണ്ണായകമായത് മൂന്ന് പാക് താരങ്ങളുടെ പ്രകടനമായിരുന്നു. അതില്‍ എടുത്തു പറയേണ്ടത് ഇടംകൈയ്യന്‍ പേസര്‍ സൊഹൈല്‍ തന്‍വീറിനെക്കുറിച്ചാണ്. 22 വിക്കറ്റുകള്‍ പിഴുത് ടൂര്‍ണമെന്റിലെ ആദ്യ 'പര്‍പ്പിള്‍ ക്യാപ്' സ്വന്തമാക്കിയ തന്‍വീര്‍ ലീഗ് ചരിത്രത്തിലെ തന്നെ വിസ്മയമായി. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ കമ്രാന്‍ അക്മല്‍, സ്റ്റാര്‍ ബാറ്റ്സ്മാന്‍ യൂനിസ് ഖാന്‍ എന്നിവരായിരുന്നു കിരീടം ചൂടിയ ടീമിലെ മറ്റ് പാക് സാന്നിധ്യങ്ങള്‍.
മറ്റ് പ്രമുഖ ടീമുകളിലും പാകിസ്ഥാന്‍ സാന്നിധ്യം ഒട്ടും കുറവായിരുന്നില്ല. ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ നീലക്കുപ്പായത്തില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷോയിബ് മാലിക്കും പേസര്‍ മുഹമ്മദ് ആസിഫും കളം നിറഞ്ഞപ്പോള്‍, ഡെക്കാന്‍ ചാര്‍ജേഴ്‌സിനായി വെടിക്കെട്ട് ബാറ്റിംഗുമായി ഷാഹിദ് അഫ്രീദി മൈതാനങ്ങളില്‍ തീപ്പൊരി ചിതറിച്ചു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ നിരയില്‍ മധ്യനിരയുടെ കരുത്തായി മുന്‍ പാക് നായകന്‍ മിസ്ബ ഉള്‍ ഹഖും അണിനിരന്നതോടെ ഐപിഎല്ലിന്റെ പ്രഥമ സീസണ്‍ അക്ഷരാര്‍ത്ഥത്തില്‍ ഒരു മിനി ലോകകപ്പിന്റെ ആവേശം പകര്‍ന്നു.
2008-ലെ മുംബൈ ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ-പാക് നയതന്ത്രബന്ധം വഷളായതോടെ ബിസിസിഐ പാക് താരങ്ങള്‍ക്ക് ഐപിഎല്ലില്‍ വിലക്കേര്‍പ്പെടുത്തി. പിന്നീട് പലപ്പോഴായി പല താരങ്ങളും ഐപിഎല്ലില്‍ കളിക്കാനുള്ള താല്‍പ്പര്യം പരസ്യമായി പ്രകടിപ്പിച്ചെങ്കിലും വിലക്ക് നീക്കാന്‍ ബിസിസിഐ തയ്യാറായില്ല. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് മാമാങ്കത്തില്‍ പാക് താരങ്ങള്‍ ഇന്നും അന്യമായി തുടരുന്നു.
