ഐപിഎല്‍ ആവേശത്തിലേക്ക് ബംഗ്ലാദേശും; സംപ്രേക്ഷണത്തിന് പച്ചക്കൊടി; രാഷ്ട്രീയവും കായികവും കലര്‍ത്തേണ്ടതില്ല; വാണിജ്യപരമായ താല്‍പ്പര്യങ്ങള്‍ പരിഗണിക്കുമെന്നും പുതിയ സര്‍ക്കാര്‍!
ധാക്ക: ബംഗ്ലാദേശിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) തടസ്സമില്ലാതെ കാണാം. സംപ്രേക്ഷണത്തിന് രാജ്യത്ത് നിലനിന്നിരുന്ന കടുത്ത നിയന്ത്രണങ്ങള്‍ നീക്കാന്‍ പുതിയ സര്‍ക്കാര്‍ തീരുമാനിച്ചു. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള മുന്‍ ഇടക്കാല സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന കര്‍ശന നിലപാടുകളില്‍ നിന്നാണ് നിലവിലെ ഭരണകൂടം പിന്മാറിയത്. കായികരംഗത്തെ രാഷ്ട്രീയവുമായി കൂട്ടിക്കുഴയ്ക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും വാണിജ്യപരമായ കാഴ്ചപ്പാടിലൂടെ മാത്രമേ ഇതിനെ കാണുന്നുള്ളൂ എന്നും പുതുതായി ചുമതലയേറ്റ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി സാഹിര്‍ ഉദ്ദീന്‍ സ്വപന്‍ വ്യക്തമാക്കി. ഇതോടെ, ഐപിഎല്‍ 2026 സീസണ്‍ മത്സരങ്ങള്‍ തത്സമയം കാണുന്നതിന് ബംഗ്ലാദേശില്‍ ഇനി തടസ്സമുണ്ടാകില്ല.
ഐപിഎല്‍ സംപ്രേക്ഷണം ചെയ്യുന്നതിനായി ഇതുവരെ ആരും ഔദ്യോഗികമായി സമീപിച്ചിട്ടില്ലെങ്കിലും, താല്‍പ്പര്യമുള്ള ചാനലുകള്‍ അനുമതി തേടിയാല്‍ അത് അനുകൂലമായി പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സ്‌പോര്‍ട്‌സ് നെറ്റ്വര്‍ക്കുകള്‍ക്ക് രാജ്യത്ത് ഐപിഎല്‍ സംപ്രേക്ഷണം ചെയ്യുന്നതില്‍ തടസ്സമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരെയും നിര്‍ബന്ധിക്കില്ലെന്നും എന്നാല്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അനുമതി നല്‍കുമെന്നുമാണ് സര്‍ക്കാരിന്റെ നയം.
സര്‍ക്കാരിന്റെ ഈ നീക്കത്തെ കേബിള്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഓഫ് ബംഗ്ലാദേശ് സ്വാഗതം ചെയ്തു. ഔദ്യോഗികമായി നിരോധന ഉത്തരവുകള്‍ ഒന്നുമില്ലാത്ത സാഹചര്യത്തില്‍ ഐപിഎല്‍ ഫീഡ് തടയില്ലെന്ന് അസോസിയേഷന്‍ അറിയിച്ചു. മുന്‍ ഇടക്കാല സര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ക്ക് നിലവില്‍ പ്രസക്തിയില്ലെന്നും അവര്‍ വ്യക്തമാക്കി.
ബംഗ്ലാദേശിലുണ്ടായ ആഭ്യന്തര കലാപങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്കും പിന്നാലെ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള കായിക ബന്ധത്തിലും വിള്ളലുകള്‍ വീണിരുന്നു. ഇതിന്റെ ഭാഗമായി ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്‌മാനുമായുള്ള കരാര്‍ അവസാനിപ്പിക്കാന്‍ ബിസിസിഐ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ സംഭവവികാസങ്ങളെത്തുടര്‍ന്നാണ് മുന്‍ സര്‍ക്കാര്‍ ഐപിഎല്‍ സംപ്രേക്ഷണത്തിന് രാജ്യത്ത് വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കിടയിലും ക്രിക്കറ്റ് ആരാധകരുടെ വികാരം കണക്കിലെടുത്ത് നിലവിലെ സര്‍ക്കാര്‍ സ്വീകരിച്ച ഈ നയതന്ത്രപരമായ നിലപാട് ഇരുരാജ്യങ്ങളും തമ്മിലുള്ള കായിക ബന്ധം മെച്ചപ്പെടാന്‍ സഹായിച്ചേക്കും.
