ലേലത്തില്‍ ആരും വാങ്ങിയില്ല; പകരക്കാരായി വിളിച്ചപ്പോള്‍ കളിക്കാനില്ലെന്ന് ഇംഗ്ലണ്ട് താരങ്ങള്‍; ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഓഫര്‍ തള്ളിക്കളഞ്ഞ് സ്മിത്തും ടോങ്ങും! ബെന്‍ ഡക്കറ്റിനടക്കം പകരക്കാരെ തേടി നെട്ടോട്ടമോടി ഫ്രാഞ്ചൈസി

Update: 2026-03-29 11:21 GMT

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2026 സീസണിന് തുടക്കമായെങ്കിലും പ്രമുഖ താരങ്ങള്‍ക്ക് പരിക്കേറ്റതിന്റെ ആശങ്കയിലാണ് ഒട്ടുമിക്ക ടീമുകളും. പരുക്കേറ്റും മറ്റു കാരണങ്ങളാലും താരങ്ങള്‍ പിന്‍മാറുമ്പോള്‍ പകരക്കാരെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണു ഫ്രാഞ്ചൈസികള്‍. സിംബാബ്‌വെ താരം ബ്ലസിങ് മുസറബനിയും ഓസ്‌ട്രേലിയയുടെ സ്‌പെന്‍സര്‍ ജോണ്‍സണും അടക്കം വന്നപ്പോള്‍, ഐപിഎലില്‍ പകരക്കാരായി കളിക്കാനുള്ള അവസരം വേണ്ടെന്നു വച്ചിരിക്കുകയാണ് രണ്ട് ഇംഗ്ലണ്ട് താരങ്ങള്‍. ജെയ്മി സ്മിത്തും ജോഷ് ടോങ്ങുമാണ് ഐപിഎല്‍ ഓഫര്‍ വേണ്ടെന്നുവച്ചത്. ഓഫര്‍ നിരസിക്കാനുള്ള കാരണം എന്താണെന്ന് ഇവര്‍ വ്യക്തമാക്കിയിട്ടില്ലെന്ന് ഒരു രാജ്യാന്തര മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ഇരുവരും ഐപിഎല്‍ താരലേലത്തില്‍ പങ്കെടുത്തിരുന്നെങ്കിലും ആരും വാങ്ങിയിരുന്നില്ല. ലേലത്തില്‍ സ്മിത്തിന് രണ്ടു കോടി രൂപയായിരുന്നു അടിസ്ഥാന വില. ടോങ്ങിന് 1 കോടിയായിരുന്നു വില. എന്നാല്‍ രണ്ടു താരങ്ങളിലും ഒരു ഫ്രാഞ്ചൈസിക്കും താല്‍പര്യമുണ്ടായിരുന്നില്ല. വ്യക്തിപരമായ കാരണങ്ങള്‍ പറഞ്ഞ് ഐപിഎല്‍ വിട്ട ഇംഗ്ലണ്ട് താരം ബെന്‍ ഡക്കറ്റിനു പകരമായാണ് ഇംഗ്ലിഷ് താരങ്ങളെ തന്നെ ഐപിഎലില്‍ കളിപ്പിക്കാന്‍ ശ്രമിച്ചതെന്നു റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഓഫര്‍ താരങ്ങള്‍ തള്ളിക്കളഞ്ഞതോടെ, പുതിയ കളിക്കാരനുവേണ്ടിയുള്ള അന്വേഷണത്തിലാണു ഫ്രാഞ്ചൈസി.

ഇംഗ്ലണ്ട് ദേശീയ ടീമില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ബെന്‍ ഡക്കറ്റ് ഐപിഎല്‍ ഒഴിവാക്കിയത്. താരത്തിന് അടുത്ത മൂന്നു സീസണുകളില്‍ ഐപിഎല്‍ കളിക്കാന്‍ സാധിക്കില്ല. താരലേലത്തില്‍ രണ്ടു കോടി രൂപയ്ക്കാണ് ഡക്കറ്റിനെ ഡല്‍ഹി ക്യാപിറ്റല്‍സ് വാങ്ങിയത്. എന്നാല്‍ ഐപിഎലിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ താരം പിന്‍വാങ്ങുകയായിരുന്നു. ആരാധകര്‍ ക്ഷമിക്കണമെന്നും ഇംഗ്ലണ്ട് ദേശീയ ടീമില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനാണു ശ്രമമെന്നുമാണ് ഡക്കറ്റ് വിശദീകരണമായി അറിയിച്ചത്.

ഇംഗ്ലണ്ടിനായി അടുത്തിടെ നടന്ന മത്സരങ്ങളിലൊന്നും മികച്ച സ്‌കോര്‍ കണ്ടെത്താന്‍ ഡക്കറ്റിനു സാധിച്ചിരുന്നില്ല. ആഷസ് പരമ്പരയില്‍ 220 റണ്‍സാണ് ഡക്കറ്റ് ആകെ നേടിയത്. ട്വന്റി20 ലോകകപ്പ് ടീമിലുണ്ടായിരുന്നെങ്കിലും ഇംഗ്ലണ്ടിനായി ഒരു മത്സരത്തിലും അവസരം ലഭിച്ചില്ല. ഏപ്രില്‍ മൂന്നിന് തുടങ്ങുന്ന ഇംഗ്ലിഷ് കൗണ്ടി ക്രിക്കറ്റില്‍ കളിച്ച് ഫോം കണ്ടെത്താനാണ് ഡക്കറ്റ് ശ്രമിക്കുന്നത്. നോട്ടിങ്ങാംഷെയറിനു വേണ്ടി താരം കളിക്കാനിറങ്ങും. ജൂണ്‍ ആദ്യം ആരംഭിക്കുന്ന ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ താരം ഇംഗ്ലണ്ടിനായി കളിച്ചേക്കും.

Similar News