'ലേലത്തിന് ശേഷം പിന്മാറുന്ന രീതി ശരിയല്ല'; രണ്ടു വർഷത്തെ വിലക്ക് കൊണ്ട് കാര്യമില്ല, കടുത്ത നടപടി എടുക്കണം; ബെൻ ഡക്കറ്റിന്റെ ഐപിഎൽ പിന്മാറ്റത്തിൽ രൂക്ഷവിമർശനവുമായി സുനിൽ ഗാവസ്കർ
ഡൽഹി: ഐപിഎല്ലിൽ നിന്നും പിന്മാറ്റം പ്രഖ്യാപിച്ച ഇംഗ്ലണ്ട് ഓപ്പണർ ബെൻ ഡക്കറ്റിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ നായകൻ സുനിൽ ഗാവസ്കർ. അന്താരാഷ്ട്ര മത്സരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പിന്മാറ്റമെന്നാണ് ഡക്കറ്റിന്റെ വിശദീകരണം. എന്നാൽ, അവസാന നിമിഷം പിന്മാറുന്ന വിദേശ താരങ്ങൾക്കെതിരെ ബിസിസിഐ കർശന നടപടി സ്വീകരിക്കണമെന്ന് ഗാവസ്കർ ആവശ്യപ്പെട്ടു.
ലേലത്തിൽ 2 കോടി രൂപയ്ക്ക് ഡൽഹി ക്യാപ്പിറ്റൽസ് സ്വന്തമാക്കിയ ഡക്കറ്റ്, കെ.എൽ. രാഹുലിനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്യുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. സീസൺ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ എത്തിനിൽക്കെ ഡക്കറ്റിന്റെ പിന്മാറ്റം ഡൽഹിക്ക് വലിയ തിരിച്ചടിയായി. ലേലത്തിൽ വിറ്റുപോയ ശേഷം വ്യക്തിപരമായ കാരണങ്ങളാൽ പിന്മാറുന്ന വിദേശ താരങ്ങൾക്ക് നിലവിൽ ബിസിസിഐ രണ്ടു വർഷത്തെ വിലക്ക് ഏർപ്പെടുത്തുന്നുണ്ട്. എന്നാൽ ഇതൊന്നും ഫലപ്രദമാകുന്നില്ലെന്നാണ് ഗാവസ്കറുടെ പക്ഷം.
"ബെൻ ഡക്കറ്റിന് ആഷസിൽ മികച്ച പ്രകടനം നടത്താനായിട്ടുണ്ട്. 'ദി ഹൺഡ്രഡ്' ടൂർണമെന്റിൽ വലിയ തുകയ്ക്ക് കരാർ ലഭിച്ചതും ഇത്തരമൊരു തീരുമാനത്തിന് ഇയാളെ പ്രേരിപ്പിച്ചിട്ടുണ്ടാകാം. ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്ന് പറയാം. പക്ഷേ, ലേലത്തിന് ശേഷം പിന്മാറുന്ന രീതി ശരിയല്ല.'' - ഗാവസ്കർ പറഞ്ഞു.
''ഇക്കാര്യത്തിൽ ബിസിസിഐ ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു. കാരണം രണ്ടു വർഷത്തെ വിലക്ക് കൊണ്ട് വലിയ ഗുണമൊന്നുമില്ലെന്ന് വ്യക്തമാണ്. താരങ്ങളെ ശരിക്കും ബാധിക്കുന്ന തരത്തിലുള്ള ശക്തമായ നടപടികൾ തന്നെ വേണം. താരത്തിന്റെ ഐപിഎല്ലിലേക്കുള്ള തിരിച്ചുവരവിനെയും കരിയറിനെയും ബാധിക്കാത്ത തരത്തിലുള്ള ശിക്ഷാ നടപടികൾ കൊണ്ട് ഒരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ല.'' ഗാവസ്കർ പറഞ്ഞു
അടുത്തിടെ നടന്ന ആഷസ് പരമ്പരയിൽ ഇംഗ്ലണ്ട് 1-4 ന് തകർന്നിരുന്നു. പരമ്പരയിലുടനീളം ഫോം കണ്ടെത്താൻ പ്രയാസപ്പെട്ട ഡക്കറ്റ്, ഇടവേളയ്ക്കിടെ മദ്യപിച്ചു വിവാദത്തിലാവുകയും ചെയ്തിരുന്നു. ഇതിലുള്ള കുറ്റബോധം ഡക്കറ്റിന്റെ വാക്കുകളിലുണ്ട്. "ഓസ്ട്രേലിയയിൽ സംഭവിച്ച കാര്യങ്ങളിൽ എനിക്ക് അഭിമാനമില്ല. വലിയ തുക വേണ്ടെന്നു വെച്ച് ഐപിഎല്ലിൽ നിന്ന് പിന്മാറുന്നത് ഇംഗ്ലണ്ടിന് വേണ്ടി കളിക്കുന്നത് എത്രത്തോളം വിലപ്പെട്ടതാണെന്ന് തെളിയിക്കാനാണ്," ഡക്കറ്റ് വ്യക്തമാക്കി. നോട്ടിങ്ങാംഷെയറിന് വേണ്ടി കൗണ്ടി ക്രിക്കറ്റിൽ സജീവമാകാനാണ് ഡക്കറ്റിന്റെ തീരുമാനം.
