വാംഖഡെയിൽ റൺമഴ പെയ്യിച്ച് കൊൽക്കത്ത; മുംബൈ ബൗളർമാരെ അടിച്ച് പരത്തി രഹാനെയും രഘുവൻഷിയും; ഷാർദുൽ താക്കൂറിന് മൂന്ന് വിക്കറ്റ്; മുംബൈ ഇന്ത്യൻസിന് 221 റൺസ് വിജയലക്ഷ്യം
മുംബൈ: വാംഖഡെ സ്റ്റേഡിയത്തിലെ ബാറ്റിംഗ് വിരുന്നിൽ മുംബൈ ഇന്ത്യൻസിന് കൂറ്റൻ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നിശ്ചിത ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 220 റൺസെടുത്തു. അജിൻക്യ രഹാനെയുടെയും അംഗ്ക്രിഷ് രഘുവൻഷിയുടെയും അർധ സെഞ്ചുറികളാണ് കൊൽക്കത്തയ്ക്ക് കരുത്തായത്.
മികച്ച തുടക്കമാണ് കൊൽക്കത്തയ്ക്ക് ലഭിച്ചത്. ഓപ്പണിംഗ് വിക്കറ്റിൽ രഹാനെയും അലനും ചേർന്ന് 69 റൺസ് അടിച്ചുകൂട്ടി. 6 ഫോറും 2 സിക്സുമായി കളം നിറഞ്ഞ അലൻ ആറാം ഓവറിൽ പുറത്തായെങ്കിലും രഹാനെ ഒരറ്റത്ത് നങ്കൂരമിട്ടു. 40 പന്തിൽ നിന്ന് 5 സിക്സും 3 ഫോറുമടക്കം 67 റൺസാണ് രഹാനെ അടിച്ചെടുത്തത്.
പിന്നീടെത്തിയ യുവതാരം അംഗ്ക്രിഷ് രഘുവൻഷി മുംബൈ ബൗളർമാരെ കടന്നാക്രമിച്ചു. വെറും 29 പന്തിൽ 51 റൺസെടുത്ത രഘുവൻഷിയും റിങ്കു സിംഗും (21 പന്തിൽ 33*) ചേർന്ന് കൊൽക്കത്തയെ സുരക്ഷിത തീരത്തെത്തിച്ചു. കാമറൂൺ ഗ്രീൻ 18 റൺസെടുത്ത് മടങ്ങി.
മുംബൈ നിരയിൽ ഷാർദുൽ താക്കൂർ മാത്രമാണ് കൊൽക്കത്തൻ ബാറ്റിംഗ് നിരയ്ക്ക് വെല്ലുവിളിയുയർത്തിയത്. 4 ഓവറിൽ 39 റൺസ് വഴങ്ങിയെങ്കിലും മൂന്ന് നിർണ്ണായക വിക്കറ്റുകൾ ഷാർദുൽ വീഴ്ത്തി. എന്നാൽ നായകൻ ഹാർദിക് പാണ്ഡ്യ വഴങ്ങിയത് 3 ഓവറിൽ 39 റൺസാണ്. ജസ്പ്രീത് ബുമ്ര 4 ഓവറിൽ 35 റൺസും വിട്ടുകൊടുത്തു.
മറുപടി ബാറ്റിംഗിൽ രോഹിത് ശർമ മുഴുവൻ സമയവും കളിക്കാനിറങ്ങുമ്പോൾ ഇംപാക്ട് പ്ലെയറായി സൂര്യകുമാർ യാദവും മുംബൈ നിരയിലുണ്ട്. റൺമല പിന്നിടാൻ ഹിറ്റ്മാനും സംഘവും കച്ചമുറുക്കുമ്പോൾ വാംഖഡെയിൽ ആവേശം വാനോളമാണ്.
മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ്മ, റയാന്‍ റിക്കല്‍ട്ടണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ഷെഫാനെ റുഥര്‍ഫോര്‍ഡ്, നമന്‍ ധീര്‍, ശാര്‍ദൂല്‍ താക്കൂര്‍, മയാങ്ക് മാര്‍ക്കണ്ഡെ, അല്ലാഹ് ഗസന്‍ഫര്‍, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: ഫിന്‍ അലന്‍, അജിന്‍ക്യ രഹാനെ (സി), കാമറൂണ്‍ ഗ്രീന്‍, അംഗ്കൃഷ് രഘുവംശി (വിക്കറ്റ് കീപ്പര്‍), റിങ്കു സിംഗ്, രമണ്‍ദീപ് സിംഗ്, അനുകുല്‍ റോയ്, സുനില്‍ നരെയ്ന്‍, വരുണ്‍ ചക്രവര്‍ത്തി, വൈഭവ് അറോറ, മുസാറബാനി.
