തുടക്കത്തിലേ പ്രിയാൻഷ് വീണു; പവർപ്ലേയിൽ 'പവർ' കാട്ടി പ്രഭ്സിമ്രാനും കൊണോളിയും; ഗുജറാത്തിനെതിരെ 63 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന പഞ്ചാബിന് മിന്നും തുടക്കം

Update: 2026-03-31 16:48 GMT

മുല്ലൻപൂർ: ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ 163 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന പഞ്ചാബ് കിംഗ്സിന് മിന്നും തുടക്കം. പവർപ്ലേ ഓവറുകൾ പൂർത്തിയാകുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 55 റൺസ് എന്ന ശക്തമായ നിലയിലാണ് പഞ്ചാബ്. തകർപ്പൻ ഫോമിലുള്ള പ്രഭ്സിമ്രാൻ സിംഗും കൂപ്പർ കൊണോളിയും ചേർന്നാണ് പഞ്ചാബിനെ മികച്ച സ്കോറിലേക്ക് നയിക്കുന്നത്.

രണ്ടാം ഓവറിൽ തന്നെ ഓപ്പണർ പ്രിയാൻഷ് ആര്യയെ (7) നഷ്ടമായത് പഞ്ചാബിന് ചെറിയൊരു തിരിച്ചടിയായെങ്കിലും പകരമെത്തിയ കൂപ്പർ കൊണോളി കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. കാഗിസോ റബാഡയുടെ പന്തിൽ അശോക് ശർമയ്ക്ക് ക്യാച്ച് നൽകിയാണ് പ്രിയാൻഷ് മടങ്ങിയത്. എന്നാൽ പിന്നീട് ഗുജറാത്ത് ബൗളർമാരെ കടന്നാക്രമിക്കുന്ന കാഴ്ചയാണ് കണ്ടത്. നിലവിൽ 12 പന്തിൽ രണ്ട് സിക്സറുകളടക്കം 20 റൺസുമായി പ്രഭ്സിമ്രാൻ സിംഗും, 16 പന്തിൽ 27 റൺസുമായി (2 ഫോർ, 2 സിക്സ്) കൂപ്പർ കൊണോളിയും ക്രീസിലുണ്ട്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിന് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുക്കാനേ സാധിച്ചുള്ളൂ. തകർപ്പൻ സ്പെല്ലുമായി പഞ്ചാബ് ബൗളർമാർ കളം നിറഞ്ഞതോടെ വമ്പൻ സ്കോറെന്ന ഗുജറാത്തിന്റെ മോഹം പൊലിഞ്ഞു. 3 വിക്കറ്റ് വീഴ്ത്തിയ വിജയ്കുമാർ വൈശാഖും രണ്ട് നിർണ്ണായക വിക്കറ്റുകൾ നേടിയ യുസ്‌വേന്ദ്ര ചാഹലുമാണ് ഗുജറാത്തിന്റെ നടുവൊടിച്ചത്.

നല്ല തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാൻ ഗുജറാത്തിന് കഴിഞ്ഞില്ല. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും സായ് സുദർശനും ചേർന്ന് മൂന്ന് ഓവറിൽ 37 റൺസടിച്ച് വെടിക്കെട്ടിന് തിരികൊളുത്തിയെങ്കിലും നാലാം ഓവറിൽ സുദർശൻ (12) പുറത്തായതോടെ ഗുജറാത്തിന്റെ താളം തെറ്റി. 27 പന്തിൽ 39 റൺസെടുത്ത ഗില്ലാണ് ടോപ് സ്കോറർ. രണ്ടാം വിക്കറ്റിൽ ജോസ് ബട്‌ലറെ കൂട്ടുപിടിച്ച് ഗിൽ മികച്ച അടിത്തറയിടാൻ ശ്രമിച്ചെങ്കിലും മധ്യ ഓവറുകളിൽ പഞ്ചാബ് ബൗളർമാർ പിടിമുറുക്കി. 33 പന്തിൽ 38 റൺസെടുത്ത ബട്‌ലർക്കും സ്കോറിംഗ് വേഗത കൂട്ടാനായില്ല.

അരങ്ങേറ്റ മത്സരത്തിനിറങ്ങിയ ഗ്ലെൻ ഫിലിപ്സ് (17 പന്തിൽ 25) പ്രതീക്ഷ നൽകിയെങ്കിലും പതിനാലാം ഓവറിൽ വീണത് തിരിച്ചടിയായി. അവസാന ഓവറുകളിൽ തകർത്തടിക്കുമെന്ന് കരുതിയ വാഷിംഗ്ടൺ സുന്ദർ (18), ഷാരൂഖ് ഖാൻ (6), രാഹുൽ തെവാത്തിയ (10*) എന്നിവരെ പഞ്ചാബ് ബൗളർമാർ നിഷ്പ്രഭരാക്കി. തന്റെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന പ്രകടനമാണ് യുസ്‌വേന്ദ്ര ചാഹൽ പുറത്തെടുത്തത്.

നാല് ഓവറിൽ വെറും 28 റൺസ് മാത്രം വഴങ്ങി ഗില്ലിന്റെയും ബട്‌ലറുടെയും വിക്കറ്റുകൾ പിഴുത ചാഹൽ മത്സരത്തിന്റെ ഗതി മാറ്റി. ഡെത്ത് ഓവറുകളിൽ കൃത്യതയാർന്ന പന്തുകളുമായി എത്തിയ വിജയ്കുമാർ വൈശാഖ് 34 റൺസിന് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. പവർപ്ലേയിൽ മാർക്കോ യാൻസനും അവസാന ഓവറുകളിൽ സേവ്യർ ബാർട്ട്ലെറ്റും റൺസ് വിട്ടുനൽകുന്നതിൽ പിശുക്ക് കാണിച്ചതോടെ ഗുജറാത്ത് ഇന്നിംഗ്സ് 162-ൽ അവസാനിച്ചു.

Tags:    

Similar News