അന്ന് ഗ്രൗണ്ടില്‍വച്ച് പരസ്യമായ ശാസന നേരിട്ടത് കെ എല്‍ രാഹുല്‍; ആദ്യമത്സരത്തിലെ തോല്‍വിക്ക് പിന്നാലെ ഋഷഭ് പന്തിനും ഗോയങ്കയുടെ 'ക്ലാസ്സ്'! പന്തുമായും പരിശീലകന്‍ ജസ്റ്റിന്‍ ലാംഗറുമായും ഗ്രൗണ്ടില്‍ നീണ്ടചര്‍ച്ച; സഞ്ജീവ് ഗോയങ്ക ഹാപ്പിയല്ലെന്ന് പരിഹസിച്ച് ആരാധകര്‍

Update: 2026-04-02 07:28 GMT

ലക്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പുതിയ സീസണിലെ ആദ്യ പോരാട്ടത്തില്‍ തോല്‍വി ഏറ്റുവാങ്ങിയതോടെ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് നായകന്‍ ഋഷഭ് പന്തിന്മേല്‍ സമ്മര്‍ദ്ദവുമായി ടീം ഉടമ സഞ്ജീവ് ഗോയങ്കയുടെ ഇടപെടല്‍. സ്വന്തം തട്ടകമായ ഏകന സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് ആറ് വിക്കറ്റിനാണ് ലക്‌നൗ പരാജയപ്പെട്ടത്. ലക്‌നൗ ഉയര്‍ത്തിയ 142 റണ്‍സ് വിജയലക്ഷ്യം 17.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി മറികടന്നു. 47 പന്തില്‍ 70 റണ്‍സുമായി പുറത്താകാതെ നിന്ന യുവതാരം സമീര്‍ റിസ്വിയാണ് ഡല്‍ഹിയുടെ വിജയശില്പി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ലക്‌നൗവിന് തുടക്കം മുതലേ പിഴച്ചു. ക്യാപ്റ്റന്‍ ഋഷഭ് പന്ത് ഉള്‍പ്പെടെയുള്ള മുന്‍നിര ബാറ്റര്‍മാര്‍ പെട്ടെന്ന് പുറത്തായതോടെ ലക്‌നൗ ചെറിയ സ്‌കോറില്‍ ഒതുങ്ങി. 18.4 ഓവറില്‍ 141 റണ്‍സിനാണ് ടീം ഓള്‍ഔട്ടായത്. 25 പന്തില്‍ 36 റണ്‍സെടുത്ത അബ്ദുല്‍ സമദും, 28 പന്തില്‍ 35 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷും മാത്രമാണ് ലക്‌നൗ നിരയില്‍ അല്പമെങ്കിലും പോരാട്ടവീര്യം കാട്ടിയത്. മറുപടി ബാറ്റിങ്ങില്‍ ഒരു ഘട്ടത്തില്‍ 26 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയില്‍ തകര്‍ന്ന ഡല്‍ഹിയെ സമീര്‍ റിസ്വിയുടെ തകര്‍പ്പന്‍ ഇന്നിങ്സാണ് വിജയതീരത്തെത്തിച്ചത്.

മത്സരത്തിന് ശേഷം ലക്‌നൗ സ്റ്റേഡിയത്തില്‍ നിന്നുള്ള ഒരു ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കടുത്ത ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. ടീം ഉടമ സഞ്ജീവ് ഗോയങ്ക, ക്യാപ്റ്റന്‍ ഋഷഭ് പന്ത്, പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍ എന്നിവര്‍ മൈതാനത്ത് വെച്ച് ദീര്‍ഘനേരം ഗൗരവമായി സംസാരിക്കുന്നതാണ് വീഡിയോയിലുള്ളത്. തോല്‍വിക്ക് പിന്നാലെ ഗോയങ്ക ഇരുവരോടും അതൃപ്തി പ്രകടിപ്പിക്കുകയായിരുന്നു എന്നാണ് സൂചന.

ബാറ്റിങ് നിരയ്ക്ക് അവസരങ്ങള്‍ മുതലാക്കാന്‍ സാധിക്കാത്തതാണ് തോല്‍വിക്ക് കാരണമായതെന്ന് മത്സരശേഷം ക്യാപ്റ്റന്‍ ഋഷഭ് പന്ത് പ്രതികരിച്ചു. പുതിയ പന്തില്‍ ബൗളര്‍മാര്‍ക്ക് മികച്ച പിന്തുണ ലഭിച്ചിരുന്നുവെന്നും എന്നാല്‍ ബാറ്റിങ്ങില്‍ മികച്ച പാര്‍ട്ണര്‍ഷിപ്പുകള്‍ ഉണ്ടാക്കാന്‍ തങ്ങള്‍ക്ക് സാധിച്ചില്ലെന്നും പന്ത് പറഞ്ഞു. 140 റണ്‍സ് എന്നത് പ്രതിരോധിക്കാന്‍ പ്രയാസമുള്ള സ്‌കോറാണെന്നും എങ്കിലും വിജയത്തിനായി തങ്ങള്‍ പരമാവധി ശ്രമിച്ചുവെന്നും പന്ത് കൂട്ടിച്ചേര്‍ത്തു. ആദ്യ മത്സരത്തിലെ തോല്‍വി ടീമിന് വലിയ പാഠമാണെന്നും വരും മത്സരങ്ങളില്‍ ശക്തമായി തിരിച്ചുവരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

മുന്‍നിര വിക്കറ്റുകള്‍ അതിവേഗം വീഴ്ത്തിയിട്ടും യുവതാരം സമീര്‍ റിസ്വി ഡല്‍ഹിയെ അനായാസം ജയത്തിലെത്തിച്ചതാണ് അതൃപ്തി കാരണമെന്നാണ് സൂചന. ഋഷഭ് പന്തിന്റെ ബൗളിംഗ് ചേഞ്ചുകള്‍ കാര്യമായി ഫലം കണ്ടില്ല. ബൗളര്‍മാരെ വേണ്ടവിധത്തില്‍ നായകന്‍ വിനിയോഗിച്ചില്ലെന്ന വിമര്‍ശനം നായകന്‍ നേരിടേണ്ടി വന്നേക്കും.

അതേ സമയം മുന്‍പ് സമാനമായ രീതിയില്‍ തോല്‍വിക്ക് ശേഷം അന്നത്തെ ക്യാപ്റ്റന്‍ കെ.എല്‍. രാഹുലിനെ ഗോയങ്ക പരസ്യമായി ശാസിച്ചത് വലിയ വിവാദമായിരുന്നു. ആ സംഭവത്തിന് പിന്നാലെയാണ് രാഹുല്‍ ലക്‌നൗ വിട്ട് ഡല്‍ഹി ക്യാപിറ്റല്‍സില്‍ ചേര്‍ന്നത്. ഇപ്പോള്‍ പന്തിനോടുള്ള ഗോയങ്കയുടെ പെരുമാറ്റവും സമാനമായ രീതിയിലാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. മത്സരഫലത്തിന് അനുസരിച്ച് ടീം ഉടമ ഇടപെടുന്നത് നായകനും താരങ്ങള്‍ക്കും സമ്മര്‍ദ്ദം വര്‍ധിപ്പിക്കുമെന്നാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്. സ്വതസിദ്ധമായ പ്രതിഭ പുറത്തെടുത്ത് ടീം മുന്നോട്ട് പോകാന്‍ സ്വാതന്ത്ര്യം താരങ്ങള്‍ക്കും നായകനും ടീം ഉടമ അനുവദിക്കണമെന്ന ആവശ്യം ഉയര്‍ന്നുകഴിഞ്ഞു.

Similar News