ബാറ്റിങ്ങിന് പിന്നാലെ ബൗളിങ്ങിലും ഉദിച്ചുയര്‍ന്ന് ഹൈദരാബാദ്; കൊല്‍ക്കത്തയെ എറിഞ്ഞിട്ട് സണ്‍റൈസേഴ്സ് ബൗളര്‍മാര്‍; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ തോല്‍വി 65 റണ്‍സിന്; മൂന്ന് വിക്കറ്റുമായി തിളങ്ങി ജയദേവ് ഉനദ്ഘട്ട്; കൊല്‍ക്കത്തയ്ക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി
കൊല്‍ക്കത്തയ്ക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി
കൊല്‍ക്കത്ത: കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെ 65 റണ്‍സിന് തകര്‍ത്ത് സീസണിലെ ആദ്യജയം സ്വന്തമാക്കി സണ്‍റൈസേഴ്സ് ഹൈദരാബാദ്.227 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയെ 16 ഓവറില്‍ 161 റണ്‍സിന് ഹൈദരാബാദ് ഓള്‍ഔട്ടാക്കുകയായിരുന്നു.ഹൈദരാബാദിനായി ജയ്ദേവ് ഉനദ്കട്ട് മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഈഷന്‍ മല്ലിംഗ, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.മറുപടി ബാറ്റിങ്ങില്‍, അര്‍ധസെഞ്ചറി നേടിയ അംഗ്ക്രിഷ് രഘുവംശി (29 പന്തില്‍ 52), റിങ്കു സിങ് (25 പന്തില്‍ 35), ഫിന്‍ അലന്‍ (7 പന്തില്‍ 28) എന്നിവര്‍ മാത്രമാണ് തിളങ്ങിയത്.
227 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ കൊല്‍ക്കത്തക്ക് ഓപ്പണര്‍ ഫിന്‍ അലന്‍ വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. ആദ്യ പന്തില്‍ സിംഗിളെടുത്ത ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെ അലന് സ്ട്രൈക്ക് കൈമാറി. പിന്നീട് നേരിട്ട അഞ്ച് പന്തില്‍ 24 റണ്‍സാണ് അലന്‍ അടിച്ചെടുത്തത്. ആദ്യ ഓവറില്‍ 25 റണ്‍സടിച്ചെങ്കിലും രണ്ടാം ഓവറില്‍ ഹര്‍ഷ് ദുബെയുടെ പന്തില്‍ റിട്ടേണ്‍ ക്യാച്ച് നല്‍കി അലന്‍ മടങ്ങിയത് കൊല്‍ക്കത്തക്ക് തിരിച്ചടിയായി. ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെ(10 പന്തില്‍ 8) നിരാശപ്പെടുത്തിയപ്പോള്‍ കാമറൂണ്‍ ഗ്രീന്‍(2) റണ്ണൗട്ടായി മടങ്ങിയത് കൊല്‍ക്കത്തയുടെ പ്രതീക്ഷ തകര്‍ത്തു.
അംഗ്രിഷ് രഘുവംശിയും റിങ്കു സിംഗും ചേര്‍ന്ന് 46 റണ്‍സ് കൂട്ടുകെട്ടിലൂടെ പ്രതീക്ഷ നല്‍കിയെങ്കിലും രഘുവംശിയും റണ്ണൗട്ടായി മടങ്ങിയത് കൊല്‍ക്കത്തക്ക് പ്രഹരമായി.അവസാന പ്രതീക്ഷയായ റിങ്കു സിംഗും(35) നിതീഷിന് മുന്നില്‍ വീണതോടെ കൊല്‍ക്കത്തയുടെ പോരാട്ടം അവസാനിച്ചു. നേരിട്ട ആദ്യ രണ്ട് പന്തും സിക്സിന് പറത്തിയ സുനില്‍ നരെയ്നിന്റെ(4 പന്തില്‍ 12) വെടിക്കെട്ടും അധികം നീണ്ടില്ല. രമണ്‍ദീപ് സിംഗ്(10) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സെടുത്തു. 35 പന്തില്‍ 52 റണ്‍സെടുത്ത ഹെന്റിച്ച് ക്ലാസനാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍.അഭിഷേക് ശര്‍മ 21 പന്തില്‍ 48 റണ്‍സെടുത്തപ്പോള്‍ മറ്റൊരു ഓപ്പണറായ ട്രാവിസ് ഹെഡ് 21 പന്തില്‍ 46 റണ്‍സെടുത്തു. കൊല്‍ക്കത്തക്കായി ബ്ലെസിംഗ് മുസറബാനി നാലും വൈഭവ് അറോറയും രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.
