ഇന്ത്യക്കെതിരെ നാണംകെട്ട് മടങ്ങിയതിനു പിന്നാലെ പരിശീലകൻ പുറത്ത്; ബംഗ്ളാദേശ് ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി ഫിൽ സിമ്മൺസ്; കരാർ അടുത്ത വർഷം നടക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫി വരെ
ധാക്ക: ബംഗ്ളാദേശ് ക്രിക്കറ്റ് ടീമിന് പുതിയ പരിശീലകനെ നിയമിച്ചു. 61 കാരനായ മുൻ വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ സിമ്മൺസിനെയാണ് പരിശീലക സ്ഥാനത്തേക്ക് കൊണ്ട് വരുന്നതെന്ന് ബംഗ്ളാദേശ് ക്രിക്കറ്റ് ബോർഡ് അദ്ധ്യക്ഷൻ ഫറൂഖ് അഹമ്മദ് അറിയിച്ചു. അടുത്ത വർഷം പാകിസ്ഥാനിൽ നടക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫി മത്സരം വരെ പ്രവർത്തിക്കാൻ സിമ്മൺസ് ധാരണയിൽ എത്തിയതായി ബിസിബി പ്രസ്താവനയിൽ പറയുന്നു. ശ്രീലങ്കയുടെ ചണ്ഡിക ഹതുരുസിംഗയുടെ സ്ഥാനത്താണ് സിമ്മൺസ് എത്തുക.
2023 ജനുവരി മുതൽ ബംഗ്ലാദേശിൻ്റെ മുഖ്യ പരിശീലകനായിരുന്നു ചണ്ഡിക ഹതുരുസിംഗയെ. അടുത്തിടെ നടന്ന ഐസിസി ഏകദിന, ടി20 ലോകകപ്പുകൾ മികച്ച പ്രകടനം കാഴ്ച വെക്കാൻ ബംഗ്ളാദേശിനായില്ലെങ്കിലും. ഇന്ത്യൻ പര്യടനത്തിന് എത്തുന്നതിനു മുൻപ് പാക്കിസ്ഥാനെതിരായ ചരിത്രപരമായ 2-0 ടെസ്റ്റ് പരമ്പര വിജയം സ്വന്തമാക്കാൻ അവർക്കായിരുന്നു.
എന്നാൽ ആ ആത്മവിശ്വാസത്തിൽ ഇന്ത്യയിലെത്തിയ ബംഗ്ളാദേശ് തകർന്നടിഞ്ഞു. ടെസ്‌റ്റ് പരമ്പര 2-0നും ട്വന്റി 20 പരമ്പര 3-0നുമാണ് ബംഗ്ളാ കടുവകൾ പരാജയപ്പെട്ടത്. ഇതാണ് ബംഗ്ളാദേശ് ക്രിക്കറ്റ് ബോർഡിന് പുതിയ പരിശീലകനെ നിയമിക്കേണ്ട അവസ്ഥയിലെത്തിച്ചത്.
സിമ്മൺസിന് ധാരാളം അന്താരാഷ്ട്ര പരിശീലക പരിചയമുണ്ട്. മുമ്പ് സിംബാബ്‌വെ, അയർലൻഡ്, അഫ്ഗാനിസ്ഥാൻ, വെസ്റ്റ് ഇൻഡീസ് ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. 2016 ലെ ഐസിസി പുരുഷ ടി20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസ് ഇന്ത്യയിൽ വെച്ച് രണ്ടാം തവണ കിരീടം ചൂടുമ്പോൾ സിമ്മൺസായിരുന്നു ടീമിന്റെ പരിശീലിലാകൻ.