സെലക്ടർമാർക്ക് ബാറ്റുകൊണ്ട് മറുപടി; ദുലീപ് ട്രോഫി സെമിഫൈനലിൽ സെഞ്ചുറിയുമായി ഋതുരാജ് ഗെയ്ക്‌വാദ്; ശ്രേയസ് അയ്യരും യശസ്വി ജയ്‌സ്വാളും നിരാശപ്പെടുത്തി; വെസ്റ്റ് സോൺ ശക്തമായ നിലയിൽ
ബെംഗളൂരു: ഏഷ്യാ കപ്പ് ടീം സെലക്ഷനിൽ അവഗണിക്കപ്പെട്ടതിനു പിന്നാലെ ദുലീപ് ട്രോഫി സെമിഫൈനലിൽ വെസ്റ്റ് സോണിനായി സെഞ്ച്വറി നേടി ഋതുരാജ് ഗെയ്ക്‌വാദ്. സെൻട്രൽ സോണിനെതിരായ മത്സരത്തിൽ 206 പന്തുകളിൽ 25 ഫോറുകളുടെയും ഒരു സിക്സിന്റെയും അകമ്പടിയോടെ 184 റൺസെടുത്ത ഋതുരാജ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. നിർഭാഗ്യവശാൽ, ഇരട്ട സെഞ്ച്വറി നേടുന്നതിന് തൊട്ടുമുമ്പ് താരം പുറത്താവുകയായിരുന്നു.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വെസ്റ്റ് സോൺ ഒന്നാം ദിനം കളി നിർത്തുമ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 363 റൺസെന്ന ശക്തമായ നിലയിലാണ്. ഏഷ്യാ കപ്പ് ടീമിൽ റിസർവ് താരമായി മാത്രം ഇടം നേടിയ യശസ്വി ജയ്‌സ്വാളിന് വെറും 4 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഏഷ്യാ കപ്പ് ടീമിൽ ഇടം ലഭിക്കാത്ത ശ്രേയസ് അയ്യർ 25 റൺസെടുത്തു പുറത്തായത് വെസ്റ്റ് സോണിന് തിരിച്ചടിയായി. തനുഷ് കൊടിയ (65) ക്യാപ്റ്റൻ ശാർദുൽ താക്കൂർ (24) എന്നിവരാണ് ഒന്നാം ദിനം ക്രീസിൽ തുടർന്നത്.
മറ്റൊരു സെമിഫൈനലിൽ സൗത്ത് സോൺ 3 വിക്കറ്റ് നഷ്ടത്തിൽ 297 റൺസെന്ന നിലയിലാണ്. നാരായൺ ജഗദീശന്റെ പുറത്താകാതെ നേടിയ 148 റൺസാണ് സൗത്ത് സോണിന് മികച്ച സ്കോർ സമ്മാനിച്ചത്. 260 പന്തുകളിൽ 13 ഫോറുകളും 2 സിക്സറുകളും ഇതിലുണ്ടായിരുന്നു. ദേവ്ദത്ത് പടിക്കൽ 57 റൺസും ഓപ്പണർ തന്മയ് അഗർവാൾ 43 റൺസുമെടുത്തു. സൗത്ത് സോൺ ക്യാപ്റ്റനും മലയാളി താരവുമായ മുഹമ്മദ് അസ്ഹറുദ്ദീൻ 11 റൺസുമായി ജഗദീശന് കൂട്ടായി ക്രീസിലുണ്ട്.