രഞ്ജിയിലെ തകര്‍പ്പന്‍ പ്രകടനം കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ച ഐപിഎല്‍ 'ദൈവങ്ങള്‍'! ഒടുവില്‍ മുംബൈയുടെ നട്ടെല്ലൊടിച്ച് സല്‍മാന്റെ പ്രതികാരം; അവഗണനയ്ക്ക് കൂറ്റന്‍ സിക്‌സുകളിലൂടെ മറുപടി നല്‍കി റോഹനും; സഞ്ജുവിന്റെ നാട്ടില്‍ വേറേയും ബാറ്റിംഗ് പവര്‍ഹൗസുകളുണ്ട്; മുംബൈയെ കേരളം കീഴടക്കുമ്പോള്‍
തിരുവനന്തപുരം: ഐപിഎല്‍ താര ലേലത്തില്‍ കേരളത്തിന്റെ ബാറ്റിംഗ് കരുത്തുകളെ കണ്ടില്ലെന്ന് നടിച്ചവര്‍ക്കുളള മറുപടിയാണ് മുംബൈയെ തോല്‍പ്പിച്ച് ട്വന്റി ട്വന്റി ക്രിക്കറ്റില്‍ കേരളം നല്‍കുന്നത്. രഞ്ജി ട്രോഫിയിലെ പ്രകടനമികവില്‍ ഏതെങ്കിലും ഒരു ഐപിഎല്‍ ടീമിലെത്തുമെന്ന് കരുതിയ സല്‍മാന്‍ നിസാര്‍. പക്ഷേ ഈ യുവതാരത്തെ ഐപിഎല്ലിലെ 'ദൈവങ്ങള്‍' കണ്ടില്ലെന്ന് നടിച്ചു. അവര്‍ക്ക് തന്റെ ബാറ്റിന്റെ കരുത്ത് കാട്ടിക്കൊടുക്കുകയായിരുന്നു സല്‍മാന്‍ നിസാര്‍. 49 പന്തില്‍ 99 റണ്‍സ്. അതും പുറത്താകാതെ എട്ടു സിക്‌സും അഞ്ചു ഫോറും. അക്ഷരാര്‍ത്ഥത്തില്‍ മുംബൈ നായകന്‍ ശ്രേയസ് അയ്യരെ ഞെട്ടിച്ച ഇന്നിംഗ്. ഈ ഇന്നിംഗ്‌സാണ് മുംബൈയ്‌ക്കെതിരെ കേരളത്തിന് മറ്റൊരു ജയം നല്‍കുന്നത്. കുറേ കാലമായി കേരളത്തിന്റെ ബാറ്റിംഗില്‍ ശോഭിക്കുന്ന ഒരു താരം രോഹന്‍ കുന്നുമ്മലാണ്. പക്ഷേ ഐപിഎല്ലില്‍ ആര്‍ക്കും ഈ രോഹനെ വേണ്ട. മുംബൈ ബൗളിംഗിനെ അടിച്ചു തകര്‍ത്ത് ഈ അവഗണനയ്ക്ക് പ്രതികാരം തീര്‍ത്തു രോഹനും. 48 പന്തില്‍ 87 റണ്‍സ്. ഏഴു സിക്‌സും അഞ്ചു ഫോറും. അങ്ങനെ മുംബൈയ്‌ക്കെതിരെ കേരളം അഞ്ചു വിക്കറ്റിന് 234 റണ്‍സെടുത്തു. മുംബൈ മറുപടി ബാറ്റിംഗില്‍ 191 റണ്‍സിലൊതുങ്ങി. അങ്ങനെ സഞ്ജു വി സാംസണിനെ സമ്മാനിച്ച കേരളത്തില്‍ ഇനിയും ബാറ്റിംഗ് പവര്‍ ഹൗസുകളുണ്ടെന്ന് ദേശീയ ക്രിക്കറ്റ് തിരിച്ചറിയുകയാണ്. ഹൈദരാബാദില്‍ വിസ്മയം കാട്ടുകയായിരുന്നു കേരളം. സല്‍മാന്‍ നിസാറിനും രോഹന്‍ കുന്നുമ്മലിനും അര്‍ഹതയ്ക്കുള്ള അംഗീകാരമായി ഐപിഎല്‍ വിളി അവസാന നിമിഷമെങ്കിലും എത്തുമെന്ന് കരുതുന്നവരുമുണ്ട്. ഈ സെയ്ദ് മുഷ്താഖ് അലിയില്‍ ഇനിയും കേരളം മുമ്പോട്ട് കുതിച്ചാല്‍ അത് സംഭവിക്കുക തന്നെ ചെയ്യും.
ഐപിഎല്‍ മെഗാ ലേലത്തില്‍ കേരളത്തില്‍ നിന്നുള്ള 14 കളിക്കാരാണ് ഇത്തവണ ഉള്‍പ്പെട്ടത്. നേരത്തേ ഐപിഎല്ലില്‍ കളിച്ചവര്‍ മാത്രമല്ല, ഇനിയും ടൂര്‍ണമെന്റില്‍ അരങ്ങേറിയിട്ടില്ലാത്തവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ലേലത്തിലുള്ള 14 മലയാളി താരങ്ങളില്‍ ഒരാളൊഴികെ ബാക്കിയുള്ളവരുടെയെല്ലാം അടിസ്ഥാന വില 30 ലക്ഷം രൂപയായിരുന്നു. യുവ ബാറ്റര്‍ ഷോണ്‍ റോജറിനാണ് 40 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്നത്. ഓള്‍റൗണ്ടര്‍മാരായ വിഘ്‌നേശ് പൂത്തൂര്‍, വൈശാഖ് ചന്ദ്രന്‍, എസ് മിഥുന്‍, അബ്ദുള്‍ ബാസിത് എന്നിവരുടെയെല്ലം അടിസ്ഥാന വില 30 ലക്ഷം രൂപയായിരുന്നു. ബാറ്റര്‍മാരായ അഭിഷേക് നായര്‍, സല്‍മാന്‍ നിസാര്‍, രോഹന്‍ കുന്നുമ്മല്‍, സച്ചിന്‍ ബേബി എന്നിവരുടെയും അടിസ്ഥാന വില ഇതു തന്നെയായിരുന്നു. വിക്കറ്റ് കീപ്പര്‍മാരായ എം അജ്നാസ്, മുഹമ്മദ് അസറുദ്ദീന്‍, വിഷ്ണു വിനോദ് എന്നിവരെയും ഇതേ തുകയ്ക്കു ലേലത്തിന്റെ പൂളില്‍ ഉണ്ടായിരുന്നു. ഇതില്‍ വിഷ്ണുവിനും സച്ചിനും വിഘ്‌നേഷിനും വിളി കിട്ടി. എന്നാല്‍ സല്‍മാന്‍ നിസാറും അസ്‌റുദ്ദീനും രോഹനം തഴയപ്പെട്ടു. മുംബൈയ്‌ക്കെതിരായ കേരളത്തിന്റെ വിജയം ഐപിഎല്‍ ഫ്രാഞ്ചൈസികളുടേയും കണ്ണു തുറക്കും. ഈ സീസണില്‍ ഇനിയും മികച്ച ട്വന്റി ട്വന്റി വിജയങ്ങള്‍ക്ക് കേരളത്തിന് കഴിഞ്ഞാല്‍ കൂടുതല്‍ താരങ്ങളെ എടുക്കാന്‍ ഐപിഎല്‍ ടീമുകളും നിര്‍ബന്ധിതരാകും.
വെടിക്കെട്ട് താരങ്ങളായ മുഹമ്മദ് അസറുദ്ദീന്‍, രോഹന്‍ കുന്നുമ്മലും വലിയ പ്രതീക്ഷയോടെയാണ് ഇത്തവണത്തെ ലേലത്തെ കാത്തിരിന്നത്. നേരത്തേ റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരു ടീമിന്റ ഭാഗമായിട്ടുള്ള താരമാണ് അസ്ഹറെങ്കിലും അരങ്ങേറാന്‍ ഭാഗ്യമുണ്ടായില്ല. രോഹനാവട്ടെ കഴിഞ്ഞ രണ്ടു ലേലത്തിലും പേര് രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും ഒരു ടീമും വാങ്ങാന്‍ തയ്യാറായിരുന്നില്ല. കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്നു വെടിക്കെട്ട് താരമായ വിഷ്ണു വിനോദ്. ബേസില്‍ തമ്പിയും നേരത്തേ മുംബൈ, സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമുകള്‍ക്കു വേണ്ടി കളിച്ചിട്ടുണ്ട്. ഇതില്‍ വിഷ്ണുവിനെ പഞ്ചാബ് ടീമെടുത്തു. കേരളാ പ്രിമിയര്‍ ലീഗ് ഹീറോയായ സച്ചിന്‍ ബേബിയെ ഹൈദരാബാദ് ടീമുമെടുത്തു. കേരളാ പ്രീമിയര്‍ ലീഗിലെ മികവ് തന്നെയാണ് വിഘ്‌നേഷിനെ മുംബൈയിലും എത്തിച്ചത്. സച്ചിന്‍ ബേബിയും വിഷ്ണുവും നേരത്തെ ഐപിഎല്‍ കളിച്ചവരാണ്. അതുകൊണ്ട് തന്നെ വിഘ്‌നേഷിന് മാത്രമാണ് ആദ്യ സീസണിലെ കെപിഎല്‍ കൊണ്ടു ഗുണമുണ്ടായത്.
കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ കൊച്ചിയിലെ ക്രിക്കറ്റ് അക്കാദമി വളര്‍ത്തിയെടുത്ത താരമാണ് സല്‍മാന്‍ നിസാര്‍. 19 വയസ്സില്‍ രഞ്ജി ടീമിലെത്തിയ തലശ്ശേരിക്കാരന്‍. പക്ഷേ കേരളാ ക്രിക്കറ്റിന്റെ ഭാവിയായി മാറാന്‍ പിന്നേയും വര്‍ഷങ്ങളെടുത്തു. കേരളാ പ്രിമിയര്‍ ലീഗിലെ തകര്‍പ്പന്‍ അടികളുമായി ഈ സീസണില്‍ രഞ്ജി ടീമിലെത്തിയ ഇടതു കൈയ്യന്‍ താരം നിരാശനാക്കിയില്ല. ബാറ്റിംഗ് ഓര്‍ഡറില്‍ ഏഴാമനായി എത്തി പുറത്താകാതെ നേടിയ 95 റണ്‍സാണ് ബംഗാളിനെതിരെ കേരളത്തിന് മുന്‍തൂക്കം നല്‍കിയത്. ഈ പ്രകടനം ഇല്ലായിരുന്നുവെങ്കില്‍ ബംഗാളിന് ആ കളിയില്‍ അനായാസ വിജയം പോലും നേടാമായിരുന്നു. അസാധ്യമെന്ന് കേരളം പോലും കരുതിയ ഇടത്തു നിന്നാണ് ആ മത്സരത്തില്‍ രണ്ടു പോയിന്റെ സല്‍മാന്‍ ടീമിന് സമ്മാനിച്ചത്. അതിന് ശേഷം തുമ്പയില്‍ ഉത്തര്‍പ്രദേശിനെതിരേയും മികവ് കാട്ടി. 233 റണ്‍സിന്റെ ആദ്യ ഇന്നിംഗ്സ് ലീഡ് യുപിക്കെതിരെ ഇന്ത്യ നേടുമ്പോള്‍ ടോപ് സ്‌കോററായത് ഈ കണ്ണൂരുകാരനാണ്. 93 റണ്‍സെടുത്ത് സല്‍മാന്‍ പുറത്തായത് ഏറ്റവും അവസാനം. ഈ രണ്ട് ഇന്നിംഗ്‌സുകളുടെ പിന്തുണയില്‍ സല്‍മാന്‍ ഐപിഎല്‍ ടീമിലെത്തുമെന്ന് ഏവരും കരുതി. പക്ഷേ അത് സംഭവിച്ചില്ല.
2018-2019 സീസണില്‍ ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫിയില്‍ സെമി ഫൈനലില്‍ പ്രവേശിച്ച കേരളാ ടീമില്‍ സല്‍മാന്‍ നിസാര്‍ ഉണ്ടായിരുന്നു. തലശ്ശേരി ബി.കെ.55 ക്രിക്കറ്റ് ക്ലബ് താരമായ സല്‍മാന്‍ ഏതാനും വര്‍ഷങ്ങളായി കേരളാ സീനിയര്‍ ടീം അണ്ടര്‍ 23 , അണ്ടര്‍ 19, അണ്ടര്‍ 16 , കേരളാ ടീമിലെ സ്ഥിര സാനിധ്യമാണ്. ബിനീഷ് കോടിയേരിയുടെ പിന്തുണയും സല്‍മാന് എക്കാലത്തും ഉണ്ടായിരുന്നു. സ്ഥിരതയാര്‍ന്ന പ്രകടനമാണ് ഇടം കയ്യന്‍ മധ്യനിര ബാറ്റ്സ്മാനായ സല്‍മാനെ കേരളാ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ സഹായിച്ചത്. തലശ്ശേരി പാലിശ്ശേരി പോലീസ് ക്വാട്ടേഴ്സിനടുത്ത് ബൈത്തൂല്‍ നൂറില്‍ മുഹമ്മദ് നിസാറിന്റെയും നിലോഫറിന്റെയും മകനാണ് സല്‍മാന്‍ നിസാര്‍. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കേരള സീനിയര്‍ ടീമിലെ സ്ഥിര സാന്നിദ്ധ്യമാണ് സല്‍മാന്‍ നിസാര്‍. അണ്ടര്‍ 14, അണ്ടര്‍ 16, അണ്ടര്‍ 19, അണ്ടര്‍ 23 കേരള ടീമിലെ സ്ഥിരസാന്നിദ്ധ്യമായിരുന്നു സല്‍മാന്‍. സ്ഥിരതയാര്‍ന്ന പ്രകടനമാണ് ഇടംകയ്യന്‍ മധ്യനിര ബാറ്റ്സ്മാനായ സല്‍മാനെ കേരള ടീമിലേക്ക് സ്ഥാനമുറപ്പിക്കാന്‍ സഹായിച്ചത്.
ക്രിക്കറ്റ് പ്രേമിയായ അച്ചനാണ് രോഹന്‍ എസ് കുന്നുമ്മല്‍ എന്ന താരദോയത്തിന് പിന്നലെ ചാലക ശക്തി. പതിനൊന്നാം വയസ്സില്‍ കളി തുടങ്ങിയ രോഹന്റെ പ്രിയ താരം സച്ചിന്‍ തെണ്ടുല്‍ക്കറും. നിവിന്‍ പോളിയുടെ 1983 എന്ന സിനിമയ്ക്ക് സമാനമാണ് രോഹന്റെ ക്രിക്കറ്റ് കഥയും. കേരളാ ക്രിക്കറ്റ് അക്കാദമിയുടെ കണ്ടെത്തലാണ് ഈ താരം. രഞ്ജി ട്രോഫിയില്‍ ആദ്യ മൂന്ന് കളികളില്‍ രണ്ടിലും സെഞ്ച്വറി നേടിയ താരം. ഏഴ് വയസ്സായപ്പോഴായിരുന്നു രോഹന് അച്ചന്‍ ബാറ്റ് കൈയില്‍ നല്‍കിയത്. കേരളാ ക്രിക്കറ്റ് അക്കാഡമിയുടെ വരവ് ഈ കൊയിലാണ്ടിയിലെ പയ്യനും ഗുണം ചെയ്തു. അക്കാഡമിയിലെ മികവുമായി ഗോഡ് ഫാദര്‍ ഇല്ലാതെ തന്നെ രോഹന്‍ മുന്നോട്ട് നീങ്ങി. അണ്ടര്‍ 14, അണ്ടര്‍ 16, അണ്ടര്‍ 19, അണ്ടര്‍ 24-അങ്ങനെ പാഡണിഞ്ഞിടത്തെല്ലാം താരമായി രോഹന്‍. അത് രഞ്ജിയിലും തുടരുന്നു. 2016ല്‍ കേരളത്തിലെ ഭാവി വാഗ്ദാനത്തിനുള്ള ക്രിക്കറ്റ് പുരസ്‌കാരം രോഹന് കിട്ടി. അസാധാരണ ക്രിക്കറ്റ് പരിശീലന കഥയാണ് സുശിലിനും മകനും പറയാനുള്ളത്. 1983 എന്ന സിനിമയില്‍ ക്രിക്കറ്റ് പന്തെറിയാനുള്ള മിഷിനാണ് രമേശ് മകന് വേണ്ടി ഉണ്ടാക്കിയത്. കൊയിലാണ്ടിയിലെ അച്ഛന് മകന് വേണ്ടി വീട്ടിനുള്ളില്‍ നെറ്റ്സ് ഉണ്ടാക്കി. കൊയിലാണ്ടിയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലത്തായിരുന്നു തുടക്കത്തില്‍ രോഹന്‍ പരിശീലനത്തിന് പോയിരുന്നത്. ഇത്രയും ദൂരത്തായതു കൊണ്ടു തന്നെ ആഴ്ചയില്‍ വല്ലപ്പോഴുമായിരുന്നു പരിശീലനം. ഇത് മകന്റെ ക്രിക്കറ്റ് ഭാവിക്ക് തിരിച്ചടിയാകുമെന്ന് അച്ഛന്‍ തിരിച്ചറിഞ്ഞു.
അങ്ങനെ വീടിന്റെ വരാന്തയെ തന്നെ പരിശീലന കളരിയാക്കി മാറ്റി. വീട്ടിലെ വരാന്തയില്‍ നെറ്റ്സ് ഇട്ടുള്ള പരിശീലനം. തുടക്കത്തില്‍ ക്രിക്കറ്റ് പന്തു തന്നെ ഉപയോഗിച്ചു. പക്ഷേ മകന് പരിക്കേല്‍ക്കുമെന്ന ആശങ്കയില്‍ ബോള്‍ മാറ്റി പരീക്ഷിച്ചു. ടെന്നിസ് ബോള്‍ വാങ്ങി അതിന് ചുറ്റും ടേപ്പ് ചുറ്റി പന്തിന്റെ ബൗണ്‍സ് സാധ്യത മാറ്റി. അതിന് ശേഷം എന്നും എപ്പോഴും പരിശീലനം. ഇതാണ് രോഹനെ മാറ്റി മറിച്ചത്. എത്ര വേഗതയില്‍ ചീറിപാഞ്ഞു വരുന്ന പന്തുകളേയും സധൈര്യം രോഹന്‍ നേരിട്ടു. ക്രിക്കറ്റ് അക്കാഡമിയിലേക്ക് വരുമ്പോള്‍ ഈ പരിശീലനം രോഹന് ഗുണമായി. അച്ഛന്റെ പ്രയത്നങ്ങള്‍ ഫലം കണ്ടു. ഇന്ന് ബാറ്റിന്റെ ചൂട് മുംബൈയും അറിഞ്ഞു.