''സ്റ്റുപിഡ്, സ്റ്റുപിഡ്, സ്റ്റൂപിഡ്.. നിങ്ങള്‍ വിക്കറ്റ് വലിച്ചെറിഞ്ഞു'; റിഷഭ് പന്തിനെ കടുത്ത ഭാഷയിൽ വിമർശിച്ച് സുനിൽ ഗവാസ്കർ; സാഹചര്യം മനസിലാക്കി കളിക്കണമായിരുന്നെന്നും വിമർശനം

Update: 2024-12-28 08:34 GMT

മെൽബൺ: മോശം പ്രകടനം കാഴ്ചവെക്കുന്ന ഇന്ത്യൻ കളിക്കാരെ കടുത്ത ഭാഷയിൽ മുൻ താരങ്ങൾ വിമർശിക്കുന്നത് വലിയ വാർത്തകളാവാറുണ്ട്. ഓസ്‌ട്രേലിയക്കെതിരായ ബോർഡർ ഗവാസ്കർ ട്രോഫിയിലെ നിർണായകമായ നാലാം ടെസ്റ്റില്‍ റിഷഭ് പന്ത് അനാവശ്യ ഷോട്ടിന് ശ്രമിച്ച് പുറത്തായതോടെ കടുത്ത ഭാഷയിൽ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ ഇതിഹാസ താരം സുനിൽ ഗാവസ്‌കർ. ഇന്ത്യ മോശം നിലയിൽ നിൽക്കവെ താരം വിക്കറ്റ് കളഞ്ഞുകുളിച്ചതാണ് ഗാവസ്‌കറെ ചൊടിപ്പിച്ചത്. ഓസീസ് പേസര്‍ സ്‌കോട്ട് ബോളണ്ടിനെ സ്‌കൂപ്പ് ചെയ്യാനുള്ള പന്തിന്റെ ശ്രമം വിഭലമായിരുന്നു. അടുത്ത പന്തിലും അതേ ഷോട്ടിന് അതേ ഷോട്ടിന് അദ്ദേഹം ശ്രമിച്ചു. എന്നാല്‍ എഡ്ജായി തേര്‍ഡ് മാനിലേക്ക്, ലിയോണിന് അനായാസ് ക്യാച്ച്. 28 റണ്‍സുമായിട്ടാണ് പന്ത് പുറത്താവുന്നത്.

''സ്റ്റുപിഡ്, സ്റ്റുപിഡ്, സ്റ്റൂപിഡ്... നിങ്ങളുടെ ക്യാച്ചെടുക്കാന്‍ രണ്ട് ഫീല്‍ഡര്‍മാര്‍ അവിടെയുണ്ട്. എന്നിട്ടും നിങ്ങള്‍ ആ ഷോട്ട് തന്നെ കളിച്ചു. അതും തൊട്ടുമുമ്പുള്ള പന്തില്‍ നിങ്ങള്‍ കണക്റ്റ് ചെയ്യാതെ പോയ ഷോട്ട്. നിങ്ങള്‍ വിക്കറ്റ് വലിച്ചെറിയുകയാണ് ചെയ്തത്. ഇത്തരത്തിലുള്ള ഷോട്ട് കളിക്കേണ്ട സമയമല്ല ഇത്. സാഹചര്യം മനസിലാക്കണമായിരുന്നു. ഇതാണ് നിങ്ങളുടെ സ്വതസിദ്ധമായ ശൈലിയെന്ന് പറയരുത്. ക്ഷമിക്കണം, ഇതല്ല നിങ്ങളുടെ സ്വതസിദ്ധമായ ശൈലി. ആ ഷോട്ട് വലിയ മണ്ടത്തരമാണ്. നിങ്ങള്‍ ടീമിനെ പിന്നോട്ടടിപ്പിക്കുകയാണ് ചെയ്തത്.'' ഗവാസ്‌കര്‍ കടുത്ത ഭാഷയിൽ പറഞ്ഞു.

അതേസമയം ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 474 മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ മൂന്നാം ദിനം മഴയെ തുടര്‍ന്ന് കളി നിര്‍ത്തിവെക്കുമ്പോള്‍ ഒൻപതിന് 358 എന്ന നിലയിലാണ്. 105 റണ്‍സുമായി നിതീഷും രണ്ട് റണ്‍സോടെ മുഹമ്മദ് സിറാജും ക്രീസില്‍. ഒരു വിക്കറ്റ് മാത്രം ശേഷിക്കെ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 474 റണ്‍സിന് 116 റണ്‍സ് പിന്നിലാണ് ഇപ്പോള്‍ ഇന്ത്യ. ഓസീസിനുവേണ്ടി പാറ്റ് കമിന്‍സും സ്കോട് ബോളണ്ടും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ നഥാന്‍ ലിയോണ്‍ രണ്ട് വിക്കറ്റെടുത്തു.

നേരത്തെ, സ്റ്റീവന്‍ സ്മിത്തിന്റെ (140) സെഞ്ചുറിയാണ് ഓസീസിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. പുറമെ മര്‍നസ് ലബുഷെയ്ന്‍ (72), സാം കോണ്‍സ്റ്റാസ് (60), ഉസ്മാന്‍ ഖവാജ (57) എന്നിവരും അര്‍ധ സെഞ്ചുറികളും ഗുണം ചെയ്തിരുന്നു. പരമ്പരയില്‍ സ്മിത്തിന്റെ രണ്ടാം സെഞ്ചുറിയാണിത്. കരിയറില്‍ 34-ാം സെഞ്ചുറിയും. ജസ്പ്രിത് ബുമ്ര നാലും രവീന്ദ്ര ജഡേജ മൂന്നും വിക്കറ്റും വീഴ്ത്തി.

Tags:    

Similar News