കടലാസില്‍ വമ്പനടിക്കാര്‍: പക്ഷേ, കളത്തില്‍ കടലാസു പുലികള്‍; ടി 20 ലോകകപ്പില്‍ ഓസീസ് പുറത്താകലിന്റെ വക്കില്‍: അയര്‍ലന്‍ഡിന്റെ കാരുണ്യം കാത്ത് കങ്കാരുപ്പട
കടലാസില്‍ വമ്പനടിക്കാര്‍: പക്ഷേ, കളത്തില്‍ കടലാസു പുലികള്‍
കൊളംബോ: ലോക ക്രിക്കറ്റില്‍ ടെസ്റ്റിലും ഏകദിനത്തിലും വമ്പന്മാരാണ് ഓസ്ട്രേലിയ. ഏത് പ്രതികൂല സാഹചര്യത്തിലും ശക്തമായി തിരിച്ചടിച്ച് കയറി വരുന്ന കാര്യത്തില്‍, ആ പോരാട്ട വീര്യത്തില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍, കുട്ടിക്രിക്കറ്റില്‍ ഓസ്ട്രേലിയ വെറും ശിശുക്കളായി തുടരുകയാണ്. പ്രത്യേകിച്ചും ടി 20 ലോകകപ്പില്‍. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ ലോകകിരീടം നേടിയവരാണ്. കങ്കാരുക്കള്‍. പക്ഷേ, അവര്‍ക്ക് ടി 20 ലോകകപ്പില്‍ ഒരു തവണ മാത്രമാണ് കിരീടം നേടാനായത്. ഒരിക്കല്‍ റണ്ണര്‍ അപ്പുമായി. ശേഷിച്ച ലോകകപ്പുകളില്‍ ഗ്രൂപ്പ് ഘട്ടം കടക്കുന്നതു പോലും പലപ്പോഴും ഉണ്ടായിട്ടില്ല.
ടി 20 ലോകകപ്പിലെ ഓസീസിന്റെ ദുരവസ്ഥയ്ക്ക് ഇക്കുറിയും മാറ്റമില്ല. പതിവു പോലെ പ്രാഥമിക റൗണ്ടില്‍ തന്നെ പുറത്താകലിന്റെ വക്കിലാണ്. ഇന്ന് നടക്കുന്ന സിംബാബ്വേ-അയര്‍ലന്‍ഡ് മത്സരം ആശ്രയിച്ചാകും ഓസീസ് നിക്കണോ പോണോ എന്ന് തീരുമാനിക്കുക. സിംബാബ്വേ ജയിച്ചാല്‍ ഓസീസ് പുറത്താകും. അയര്‍ലന്‍ഡാണ് ജയിക്കുന്നതെങ്കില്‍ നേരിയ പ്രതീക്ഷ നിലനിര്‍ത്താം.
ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെ 67 റണ്‍സിന് പരാജയപ്പെടുത്തി ഓസ്ട്രേലിയ മികച്ച തുടക്കം കുറിച്ചു. മാത്യു റെന്‍ഷായും ജോഷ് ഇംഗ്ലിസും ബാറ്റിംഗില്‍ തിളങ്ങി. രണ്ടാം മത്സരത്തിലാകട്ടെ ടൂര്‍ണമെന്റിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നില്‍ സിംബാബ്വെയോട് 23 റണ്‍സിന് ഓസ്ട്രേലിയ തോറ്റു. 2007ന് ശേഷം ഇതാദ്യമായാണ് സിംബാബ്വെ ഒരു ലോകകപ്പില്‍ ഓസ്ട്രേലിയയെ തോല്‍പ്പിക്കുന്നത്. ഇന്നലെ നടന്ന നിര്‍ണായക മത്സരത്തില്‍ ശ്രീലങ്കയോട് 8 വിക്കറ്റിന് ഓസ്ട്രേലിയ പരാജയപ്പെട്ടു. ട്രാവിസ് ഹെഡ് (56), ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് (54) എന്നിവര്‍ മികച്ച തുടക്കം നല്‍കിയെങ്കിലും മധ്യനിര തകര്‍ന്നതോടെ ഓസ്ട്രേലിയ 181 റണ്‍സിന് പുറത്തായി. ശ്രീലങ്കന്‍ താരം പാതും നിസ്സങ്കയുടെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ (100*) കരുത്തില്‍ ശ്രീലങ്ക വിജയം കണ്ടു.
പരിക്ക് മൂലം ആദ്യ രണ്ട് മത്സരങ്ങള്‍ നഷ്ടമായ മിച്ചല്‍ മാര്‍ഷ് ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലൂടെ തിരിച്ചെത്തി. പേസ് ബൗളര്‍ ജോഷ് ഹേസല്‍വുഡ് പരിക്കേറ്റ് പുറത്തായതിനെത്തുടര്‍ന്ന്, സീനിയര്‍ താരം സ്റ്റീവ് സ്മിത്തിനെ പകരക്കാരനായി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാത്യു റെന്‍ഷാ, സേവ്യര്‍ ബാര്‍ട്ട്ലെറ്റ്, കൂപ്പര്‍ കോണോളി എന്നിവര്‍ ഈ ലോകകപ്പില്‍ ഓസ്ട്രേലിയന്‍ നിരയിലെ ശ്രദ്ധേയമായ സാന്നിധ്യങ്ങളാണ്.
വമ്പന്‍ അടിക്കാരുടെ നിര തന്നെയാണ് ഓസീസിനുളളത്. ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, ടിം ഡേവിഡ്, കാമറൂണ്‍ ഗ്രീന്‍, മാക്സ്വെല്‍, മാറ്റ് റെന്‍ഷാ, ജോഷ് ഇംഗ്ലിസ്, മാര്‍ക്കസ് സ്റ്റോയിനിസ് തുടങ്ങിയവര്‍ ഏതു കളിയും തങ്ങളുടേതായ ദിവസം തങ്ങള്‍ക്ക് അനുകൂലമായി മാറ്റാന്‍ കഴിവുള്ളവരാണ്. ശ്രീലങ്കയ്ക്ക് എതിരായ മത്സരത്തില്‍ ഓസ്ട്രേലിയ 250 റണ്‍സില്‍ ഏറെ നേടുമെന്നാണ് ആദ്യം കളി കണ്ടപ്പോള്‍ തോന്നിയത്. മിച്ചല്‍ മാര്‍ഷും ട്രാവിസ് ഹെഡും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 8.3 ഓവറില്‍ 104 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഇരുവരും അര്‍ധ സെഞ്ച്വറി നേടി. ഹെഡ് ആണ് ആദ്യം പുറത്തായത്. പിന്നാലെ മിച്ചല്‍ മാര്‍ഷും മടങ്ങി. ഇരുവരും അര്‍ധസെഞ്ച്വറിയും നേടി. ഓവറില്‍ 12 ന് മുകളിലായിരുന്നു ഇവര്‍ നില്‍ക്കുമ്പോള്‍ റണ്‍ നിരക്ക്.
സ്പിന്‍ ആക്രമണം വന്നതോടെ പേരു കേട്ട വമ്പന്‍ അടിക്കാര്‍ മുഴുവന്‍ ബാറ്റ് അനക്കാന്‍ പോലും കഴിയാതെ കൂടാരം കയറി. ജോഷ് ഹേസില്‍വുഡ് അടക്കമുള്ള ബൗളര്‍മാരില്ലാത്തത് ഓസീസിന് വലിയ തിരിച്ചടിയായി. ബൗളിങ് ഡിപ്പാര്‍ട്ട്മെന്റ് തീര്‍ത്തും ദുര്‍ബലമാണ്. മാരക പ്രഹരശേഷിയുള്ള ഒരൊറ്റ ബൗളറും ഓസീസിനൊപ്പമില്ല. ഇതുകാരണം ശ്രീലങ്കന്‍ ബാറ്റ്സ്മാന്‍മാര്‍ വാരി വലിച്ചു തൂക്കിയടിച്ചു.
2007 ല്‍ ടി 20 ലോകകപ്പ് തുടങ്ങുമ്പോള്‍ ഏറ്റവും സാധ്യത കല്‍പ്പിച്ചിരുന്ന ടീമായിരുന്നു ഓസ്ട്രേലിയ. ഹെയ്ഡന്‍, ഗില്‍ക്രിസ്റ്റ്, റിക്കി പോണ്ടിങ്, ആന്‍ഡ്രൂ സൈമണ്ട്സ്, ബ്രെറ്റ്ലീ തുടങ്ങി കുട്ടിക്രിക്കറ്റിന് വേണ്ട മാരക ചേരുവകള്‍ ഉള്ള ടീം. സെമിഫൈനലില്‍ ഇന്ത്യയോട് തോറ്റു. 2009 ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായി. 2010 ല്‍ മൈക്കല്‍ ക്ലാര്‍ക്ക് നയിച്ച ഓസീസ് റണ്ണര്‍ അപ്പായി. 2012 ല്‍ സെമിഫൈനലില്‍ എത്തി. 2014, 16 വര്‍ഷങ്ങളില്‍ സൂപ്പര്‍ 10 വരെ എത്തി. 2021 ല്‍ ആരോണ്‍ ഫിഞ്ചിന്റെ ക്യാപ്ടന്‍സിയില്‍ ആദ്യമായി ലോകചാമ്പ്യന്മാരായി. 2022 ല്‍ ലോകകപ്പിന് ആതിഥേയത്വം വഹിച്ചെങ്കിലും സൂപ്പര്‍ 12 ല്‍ പുറത്തായി. 2024 ല്‍ സൂപ്പര്‍ എട്ട് വരെ എത്തി.
ലോകകപ്പില്‍ വീഴുമെങ്കിലും രാജ്യങ്ങള്‍ തമ്മിലുള്ള സീരിസുകളില്‍ പലപ്പോഴും ഓസ്ട്രേലിയ മേല്‍ക്കൈ നേടാറുണ്ട്. ടി 20 ലോകകപ്പുകളില്‍ മാത്രമാണ് ടീമിന് കാലിടറുന്നത്. അതിശക്തമായ ടീമാണ് ഓസീസിന്റേത്. പക്ഷേ, ഇക്കുറി ടീം സെലക്ഷനില്‍ പിഴച്ചിട്ടുണ്ട്. മാക്സ്വെല്‍ ഒക്കെ വല്ലപ്പോഴും മാത്രമാണ് ഫോമില്‍ എത്തുന്നത്. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ അഫ്ഗാനെതിരേ ഒറ്റക്കാലില്‍ നിന്നു കളിച്ച ഒരൊറ്റ ഇന്നിങ്സിന്റെ പേരിലാണ് മാക്സ്വെല്‍ ഇപ്പോഴും ടീമില്‍ ഉള്ളത്. 26 വയസുള്ള സ്റ്റോയിനിസ് ഒക്കെ വിരമിക്കലിന്റെ വക്കില്‍ നില്‍ക്കുകയാണ്. വിക്കറ്റ് എടുക്കാന്‍ ശേഷിയുള്ള കുമ്മിന്‍സിനെ പോലെ ഉള്ള ബൗളര്‍മാര്‍ ഇല്ലാത്തതും തിരിച്ചടിയാണ്.
