'താന്‍ 200 റണ്‍സ് നേടിയാലും അച്ഛന് തൃപ്തിയാവില്ല, പക്ഷേ അമ്മ എപ്പോഴും സന്തോഷവതിയാണ്'; മനസ് തുറന്ന് ഇന്ത്യയുടെ കൗമാരതാരം വൈഭവ് സൂര്യവംശി

'താന്‍ 200 റണ്‍സ് നേടിയാലും അച്ഛന് തൃപ്തിയാവില്ല, പക്ഷേ അമ്മ എപ്പോഴും സന്തോഷവതിയാണ്'

Update: 2025-11-17 11:13 GMT

ദോഹ: ഐപിഎല്ലിലെ രാഹുല്‍ ദ്രാവിഡിന്റെ കണ്ടുപിടുത്തമാണ് വൈഭവ് സൂര്യവംശിയെന്ന ഇന്ത്യയുടെ കൗമാരതാരം. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഇന്ത്യയുടെ ഭാവിതാരമായി വൈഭവ് മാറിയിട്ടുണ്ട്. ഇപ്പോഴിതാ റൈസിംഗ് സ്റ്റാര്‍സ് ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ ഫോം തുടരുകയാണ് സൂര്യവംശി. ടൂര്‍ണമെന്റില്‍ യുഎഇക്കെതിരെ റെക്കോര്‍ഡ് സെഞ്ച്വറി നേടിയ വൈഭവ് പാക്കിസ്താനെതിരെയും മിന്നും പ്രകടനം പുറത്തെടുത്തിരുന്നു. ഇപ്പോഴിതാ വൈഭവ് സൂര്യവംശി തന്റെ മാതാപിതാക്കളെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

താന്‍ 200 റണ്‍സ് എടുത്താലും അച്ഛനെ സംതൃപ്തനാവില്ലെന്നും എന്നാല്‍ അമ്മ എപ്പോഴും സന്തോഷവതിയാണെന്നുമാണ് വൈഭവ് പറയുന്നത്. എന്റെ പ്രകടനത്തില്‍ അച്ഛന്‍ ഒരിക്കലും തൃപ്തനല്ല, ഞാന്‍ 200 റണ്‍സ് നേടിയാലും; എനിക്ക് പത്ത് കൂടി നേടാമായിരുന്നുവെന്ന് പറയും. പക്ഷേ, സെഞ്ച്വറി നേടിയാലും ഡക്ക് ആയാലും ഞാന്‍ ബാറ്റ് ചെയ്യുന്നത് കാണുമ്പോള്‍ അമ്മ സന്തോഷിക്കും. നന്നായി കളിക്കുന്നത് തുടരുക എന്ന് മാത്രമേ പറയൂ- ബിസിസിഐ പങ്കിട്ട വീഡിയോയില്‍ വൈഭവ് പറഞ്ഞു.

യുഎഇ സീനിയര്‍ ടീമിനെതിരായ ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ 32 പന്തില്‍ സൂര്യവംശി സെഞ്ച്വറി നേടി റെക്കോര്‍ഡിട്ടിരുന്നു. 42 പന്തില്‍ 144 റണ്‍സ് നേടിയാണ് 14കാരന്‍ പുറത്തായത്. പാകിസ്താനെതിരെയും താരം വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തു. 28 പന്തില്‍ മൂന്ന് സിക്സറും അഞ്ച് ഫോറുകളും അടക്കം 45 റണ്‍സ് നേടിയാണ് വൈഭവ് പുറത്തായത്.

Tags:    

Similar News