പന്ത് ചുരണ്ടിയല്ല വിക്കറ്റ് വീഴ്ത്തിയത്; പാന്റ്സ് കാലിയാണെന്ന് കോലിയുടെ ആംഗ്യം; പന്ത് ചുരണ്ടല്‍ വിവാദം ഓര്‍മിപ്പിച്ച് ഓസ്‌ട്രേലിയൻ കാണികളെ ട്രോളി വിരാട് കൊഹ്ലി
സിഡ്നി: ഓസ്‌ട്രേലിയൻ കാണികളും വിരാട് കൊഹ്ലിയും തമ്മിൽ പോരടിക്കുന്നത് സാധാരണമായ സംഭവമാണ്. പ്രകോപിക്കാൻ ശ്രമിക്കുന്ന കാണികൾക്ക് ചുട്ട മറുപടി നൽകുന്ന കൊഹ്ലിയുടെ വാർത്തകൾ മുൻപും ചർച്ചയായിട്ടുണ്ട്. ഇന്ന് അവസാനിച്ച ബോർഡർ ഗാവസ്‌കർ ടെസ്റ്റ് പരമ്പരയിലും മാറ്റമുണ്ടായിരുന്നില്ല. യുവ താരം കോസ്റ്റസ്സുമായി ഏറ്റുമുട്ടിയ കൊഹ്‌ലിയെ കൂവിയും കളിയാക്കിയും ഓസ്‌ട്രേലിയൻ കാണികൾ രംഗത്തുണ്ടായിരുന്നു.
എന്നാൽ ഇത്തരം സന്ദർഭങ്ങളോട് പ്രതികരിക്കാൻ ഒട്ടും മടിയില്ലാത്ത താരം കൂടിയാണ് കൊഹ്‌ലിയെന്ന് ആരാധകർക്കറിയാം. സിഡ്‌നി ടെസ്റ്റിനിടെ ഓസീസ് ആരാധകരെ പന്ത് ചുരണ്ടല്‍ വിവാദം ഓര്‍മിപ്പിച്ചാണ് താരം വീണ്ടും കാണികളെ ട്രോളിയിരിക്കുന്നത്. ഇന്ത്യ ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസിന് സ്റ്റീവ് സ്മിത്തിന്‍റെ വിക്കറ്റ് നഷ്ടമായതിന് പിന്നാലെയാണ് പന്ത് ചുരണ്ടിയല്ല വിക്കറ്റ് വീഴ്ത്തിയതെന്ന് കാണിക്കാനായി ഓസീസ് ആരാധകര്‍ക്ക് നേരെ പാന്‍റ്സിന്‍റെ ഇരു പോക്കറ്റുകളിലും കൈയിട്ട് അതിനകത്ത് ഒന്നുമില്ലെന്നും കാലിയാണെന്നും കോലി ആംഗ്യം കാണിച്ചത്.
2018ല്‍ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റില്‍ സാന്‍ഡ് പേപ്പര്‍ ഉപയോഗിച്ച് പന്ത് ചുരണ്ടി കൃത്രിമം കാണിച്ചതിന് ഓസീസ് നായകനായിരുന്ന സ്റ്റീവ് സ്മിത്തിനെയും ഓപ്പണര്‍ ഡേവിഡ് വാര്‍ണറെയും ഒരുവര്‍ഷത്തേക്കും ഓപ്പണര്‍ കാമറൂണ്‍ ബാന്‍ക്രോഫ്റ്റിനെ ഒമ്പത് മാസത്തേക്കും വിലക്കിയിരുന്നു. ഡേവിഡ് വാര്‍ണര്‍ക്ക് ക്രിക്കറ്റ് ഓസ്ട്രേലിയ ക്യാപ്റ്റന്‍ സ്ഥാനത്ത് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ സ്മിത്തിന് പിന്നീട് ക്യാപ്റ്റൻ സ്ഥാനം തിരിച്ചു നല്‍കിയില്ല. സിഡ്നി ടെസ്റ്റില്‍ 162 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 58 റണ്‍സില്‍ നില്‍ക്കെയാണ് പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ സ്റ്റീവ് സ്മിത്ത് യശസ്വി ജയ്സ്വാളിന് ക്യാച്ച് നല്‍കി മടങ്ങിയത്.