സ്പിൻ കെണിയിൽ വീണ് സിക്കന്ദർ റാസയും സംഘവും; സിംബാബ്‌വെയെ ചുരുട്ടിക്കെട്ടി മോട്ടിയും ഹോസൈനും; ടി20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിന് കൂറ്റൻ ജയം; നെറ്റ് റൺറേറ്റിൽ വിൻഡീസ് തലപ്പത്ത്; ഇന്ത്യയുടെ സെമി ഫൈനൽ സാധ്യതകൾ തുലാസിൽ
മുംബൈ: ടി20 ലോകകപ്പിൽ കരുത്ത് കാട്ടി മുൻ ചാമ്പ്യൻമാരായ വെസ്റ്റ് ഇൻഡീസ്. ഏകപക്ഷീയമായ പോരാട്ടത്തിൽ 107 റൺസിന്റെ കൂറ്റൻ ജയമാണ് വിൻഡീസ് സ്വന്തമാക്കിയത്. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ ആധിപത്യം പുലർത്തിയ കരീബിയൻ പടയ്ക്ക് മുന്നിൽ എതിരാളികൾക്ക് മറുപടിയുണ്ടായിരുന്നില്ല. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 254 റൺസെന്ന പടുകൂറ്റൻ സ്കോറാണ് അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്‌വെയുടെ പോരാട്ടം 17.4 ഓവറിൽ 147 റൺസിൽ അവസാനിച്ചു.
255 റൺസെന്ന ഹിമാലയൻ ലക്ഷ്യം പിന്തുടർന്നിറങ്ങിയ സിംബാബ്‌വെയ്ക്ക് തുടക്കം മുതൽ തന്നെ പിഴച്ചു. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി വിൻഡീസ് ബൗളർമാർ കളം നിറഞ്ഞതോടെ സിംബാബ്‌വെ നിര ചീട്ടുകൊട്ടാരം പോലെ തകർന്നു. 4 വിക്കറ്റുകൾ വീഴ്ത്തിയ ഗുഡകേഷ് മോട്ടിയും 3 വിക്കറ്റുകൾ സ്വന്തമാക്കിയ അഖീൽ ഹോസൈനുമാണ് സിംബാബ്‌വെയുടെ നട്ടെല്ലൊടിച്ചത്.
സിംബാബ്‌വെ നിരയിൽ 21 പന്തിൽ നിന്ന് 43 റൺസ് നേടിയ ബ്രാഡ് ഇവാൻസിന് മാത്രമാണ് അൽപ്പമെങ്കിലും ചെറുത്തുനിൽപ്പ് നടത്താനായത്. ക്യാപ്റ്റൻ സിക്കന്ദർ റാസ 27 റൺസും ഡിയോൺ മിയേഴ്സ് 28 റൺസും നേടി പുറത്തായി. സിംബാബ്‌വെ നിരയിലെ നാല് താരങ്ങൾ റണ്ണൊന്നുമെടുക്കാതെയാണ് മടങ്ങിയത്. മാത്യു ഫോർഡ് രണ്ടും ജേസൺ ഹോൾഡർ ഒരു വിക്കറ്റും നേടി വിജയത്തിൽ പങ്കാളികളായി.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സാണ് അടിച്ചെടുത്തത്. അര്‍ധ സെഞ്ച്വറി നേടിയ ഷിംറോണ്‍ ഹെറ്റ്മെയറുടെയും റോവ്മന്‍ പവലിന്റെയും വെടിക്കെട്ട് ഇന്നിങ്സാണ് വിന്‍ഡീസിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്.
34 പന്തില്‍ 85 റണ്‍സെടുത്ത ഹെറ്റ്മെയറാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. 35 പന്തില്‍ 59 റണ്‍സെടുത്ത പവലും മികച്ച സംഭാവന നല്‍കി. സിംബാബ്വെയ്ക്ക് വേണ്ടി റിച്ചാര്‍ഡ് നഗാരവ, ബ്ലെസിങ് മുസറബാനി എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.
ഏഴ് വീതം സിക്സറുകളും ഫോറുകളും അടങ്ങിയ ഇന്നിങ്സായിരുന്നു ഹെറ്റ്മയറുടേത്. ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ അര്‍ദ്ധ സെഞ്ചുറി നേടിയ വെസ്റ്റ് ഇന്‍ഡീസ് താരം എന്ന റെക്കോര്‍ഡ് ഹെറ്റ്മെയര്‍ സ്വന്തം പേരില്‍ കുറിച്ചു. 19 പന്തില്‍ നിന്ന് ഒരു മിന്നല്‍ അര്‍ദ്ധസെഞ്ച്വറി നേടിയ ഹെറ്റ്മെയര്‍ 34 പന്തില്‍നിന്ന് 85 റണ്‍സ് നേടി. 35 പന്തില്‍നിന്ന് 59 റണ്‍സടിച്ച് റോവ്മാന്‍ പവലും വെടിക്കെട്ടില്‍ പങ്കാളിയായി. 2026 ട്വന്റി20 ലോകകപ്പിലെ ഏറ്റവും വലിയ സ്‌കോര്‍ ആണ് വെസ്റ്റ് ഇന്‍ഡീസ് നേടിയത്.
