കഴിഞ്ഞ വര്‍ഷം ഒരു ഗോളിന് നഷ്ടമായ കിരീടം തിരികെ പിടിക്കുമോ? സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു നയിക്കും, ഒമ്പത് പുതുമുഖങ്ങള്‍
കൊച്ചി: 79-ാമത് സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. കേരള പൊലീസിന്റെ പ്രതിരോധ താരം ജി. സഞ്ജുവാണ് ക്യാപ്റ്റന്‍. 22അംഗ ടീമില്‍ ഒന്‍പത് പേര്‍ പുതുമുഖങ്ങളാണ്. എറണാകുളത്ത് നിന്നുള്ള കേരള പൊലീസ് താരമാണ് ജി.സഞ്ജു. കഴിഞ്ഞ വര്‍ഷം ഫൈനലില്‍ ഒരു ഗോളിന് നഷ്ടമായ കിരീടം ലക്ഷ്യമിട്ടാണ് കേരളം ഇത്തവണ ഇറങ്ങുന്നത്.
അസ്സമിലാണ് ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍. ഈമാസം 22നാണ് കേരളത്തിന്റെ ആദ്യകളി. ഏഴുതവണ ചാമ്പ്യന്മാരായ പഞ്ചാബുമായാണ് മത്സരം. 24ന് റെയില്‍വേസ്, 26ന് ഒഡിഷ, 29ന് മേഘാലയ, 31ന് സര്‍വിസസ് ടീമുകളുമായി ഗ്രൂപ്പ് റൗണ്ട് മത്സരങ്ങള്‍ നടക്കും. നിലവിലെ റണ്ണേഴ്‌സപ്പണ് കേരളം. ഫൈനലില്‍ പശ്ചിമ ബംഗാളിനോടാണ് തോറ്റത്.
അസ്സമിലെ തണുത്തകാലാവസ്ഥയുമായി പൊരുത്തപ്പെടാനായി കല്‍പറ്റ മരവയലിലെ എം.കെ. ജിനചന്ദ്രന്‍ സ്മാരക ജില്ല സ്റ്റേഡിയത്തിലായിരുന്നു ടീമിന്റെ പരിശീലനം. സമുദ്രനിരപ്പില്‍നിന്ന് വളരെ ഉയരത്തിലുള്ള സ്റ്റേഡിയത്തില്‍ (ഹൈ ആള്‍ട്ടിറ്റിയൂഡ് സ്റ്റേഡിയം) കളിക്കുമ്പോഴുള്ള ബുദ്ധിമുട്ടുകള്‍ മറികടക്കുന്നതിനാണ് ഇവിടെ പരിശീലനം നടത്തുന്നത്. അസ്സമില്‍ സന്തോഷ് ട്രോഫി മത്സരം നടക്കുന്നതും ഹൈ ആള്‍ട്ടിറ്റിയൂഡ് സ്റ്റേഡിയത്തിലാണ്.
വയനാട് സ്വദേശി ഷഫീഖ് ഹസനാണ് ടീമിന്റെ മുഖ്യപരിശീലകന്‍. വയനാട്ടില്‍ 18 വരെ പരിശീലനം തുടരും. കണ്ണൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഡിസംബര്‍ ആറുമുതല്‍ ജനുവരി എട്ടുവരെ നടത്തിയ ക്യാമ്പിനുശേഷമാണ് ടീം വയനാട്ടിലെത്തിയത്.
കേരള ടീം
ഗോള്‍കീപ്പര്‍മാര്‍ -ടി.വി. അല്‍കേഷ് രാജ് (തൃശൂര്‍), എസ്. അജ്മല്‍ (പാലക്കാട്), എം. മുഹമ്മദ് ജസീന്‍ (മലപ്പുറം)
പ്രതിരോധ താരങ്ങള്‍ -ജി. സഞ്ജു (എറണാകുളം), എം. മനോജ് (തിരുവനന്തപുരം), അജയ് അലക്‌സ് (എറണാകുളം), ബിബിന്‍ അജയന്‍ (എറണാകുളം), എസ്. സന്ദീപ് (മലപ്പുറം), അബ്ദുല്‍ ബാദിഷ് (മലപ്പുറം), തേജസ് കൃഷ്ണ (പാലക്കാട്)
മധ്യനിര താരങ്ങള്‍ -എം.എം. അര്‍ജുന്‍ (തൃശൂര്‍), വി. അര്‍ജുന്‍ (കോഴിക്കോട്), ഒ.എം. ആസിഫ് (എറണാകുളം), എം. വിഘ്‌നേഷ് (തിരുവനന്തപുരം), എം.എല്‍. അബൂബക്കര്‍ ദില്‍ഷാദ് (കാസര്‍കോട്)
മുന്നേറ്റതാരങ്ങള്‍ -ടി. ഷിജിന്‍ (തിരുവനന്തപുരം), മുഹമ്മദ് അജ്‌സല്‍ (കോഴിക്കോട്), ഇ. സജീഷ് (പാലക്കാട്), പി.ടി. മുഹമ്മദ് റിയാസ് (പാലക്കാട്), എ.പി. മുഹമ്മദ് സിനാന്‍ (കണ്ണൂര്‍), കെ. മുഹമ്മദ് ആഷിഖ് (മലപ്പുറം), എന്‍.എ. മുഹമ്മദ് അസ്ഹര്‍ (തൃശൂര്‍)
ടീം ഒഫിഷ്യല്‍സ്
ഷഫീഖ് ഹസന്‍ (മുഖ്യപരിശീലകന്‍)
ഡി. എബിന്‍ റോസ് (സഹ പരിശീലകന്‍)
പി.കെ. ഷാജി (മാനേജര്‍)
കെ.ടി. ചാക്കോ (ഗോള്‍കീപ്പര്‍ പരിശീലകന്‍)
അഹ്‌മദ് നിഹാല്‍ റഷീദ് (ഫിസിയോ)
കിരണ്‍ നാരായണന്‍ (വിഡിയോ അനലിസ്റ്റ്)
