കാത്തിരിപ്പിന് വിരാമം..മെസ്സിയെ വരവേല്‍ക്കാന്‍ ഒരുങ്ങി രാജ്യം; ലയണല്‍ മെസ്സിയും സംഘവും ശനിയാഴ്ച കൊല്‍ക്കത്തയിലെത്തും; ത്രിദിന സന്ദര്‍ശനത്തില്‍ ലോകത്തിലെ ഏറ്റവും വലിയ മെസ്സി പ്രതിമയുടെ അനാഛാദനവും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയും; ആരാധകര്‍ക്ക് ഒരുമിച്ച് ഫോട്ടോയെടുക്കാം പക്ഷെ മുടക്കേണ്ടത് ലക്ഷങ്ങള്‍
മെസ്സിയെ വരവേല്‍ക്കാന്‍ ഒരുങ്ങി രാജ്യം
കൊല്‍ക്കത്ത: കേരളത്തിലേക്ക് മെസ്സിയുടെ വരവ് കാത്തിരുന്ന ആരാധകര്‍ക്ക് ഒടുവില്‍ പകുതി ആശ്വാസം.. ഫുട്ബോള്‍ ഇതിഹാസം ഒടുവില്‍ ഇന്ത്യ സന്ദര്‍ശനത്തിനെത്തു.മെസ്സിയുടെയും സംഘത്തിന്റെ ത്രിദിന സന്ദര്‍ശനത്തിന് ശനിയാഴ്ച്ച കൊല്‍ക്കത്തിയില്‍ തുടക്കമാകും.നാലുനഗരങ്ങളില്‍ മൂന്നുദിവസം വിവിധ പരിപാടികളില്‍ മെസ്സി പങ്കെടുക്കും.ലോകത്തിലെ ഏറ്റവും വലുതെന്ന് അവകാശപ്പെടുന്ന മെസി ശില്‍പ്പത്തിന്റെ അനാഛാദനവും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയമൊക്കെ സന്ദര്‍ശനത്തിന്റെ ഭാഗമാണ്.സ്പോര്‍ട്‌സ് പ്രമോട്ടറും ബിസിനസ് കണ്‍സള്‍ട്ടന്റുമായ ശതാദ്രു ദത്തയുടെ നേതൃത്വത്തിലാണ് 'ഗോട്ട്' (ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ടൈം) ഇന്ത്യ ടൂര്‍ 2025' എന്നുപേരിട്ട ത്രിദിന ഇന്ത്യാസന്ദര്‍ശനം സംഘടിപ്പിക്കുന്നത്.
'ആനന്ദത്തിന്റെ നഗരം' എന്നറിയപ്പെടുന്ന കൊല്‍ക്കത്തയുടെ ആവേശം ഇരട്ടിയാക്കി ലോക ഫുട്‌ബോളിലെ ഇതിഹാസം സാക്ഷാല്‍ ലയണല്‍ മെസ്സിയും സംഘവും ശനിയാഴ്ച കൊല്‍ക്കത്തയുടെ മണ്ണില്‍ പറന്നിറങ്ങും.സിറ്റി ഓഫ് ജോയ് എന്നറിയപ്പെടുന്ന കൊല്‍ക്കത്ത നഗരം മെസ്സിയുടെ 70 അടി ഉയരമുള്ള പ്രതിമ നിര്‍മിച്ച് അദ്ദേഹത്തെ കാത്തിരിക്കുകയാണ്.ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ കൊല്‍ക്കത്തയിലാണ് മെസ്സി വിമാനമിറങ്ങുക.ഇപ്പോഴത്തെ ക്ലബ്ബായ ഇന്റര്‍ മയാമിയിലെ സഹതാരങ്ങളായ ലൂയി സുവാരസ്,റോഡ്രിഗോ ഡി പോള്‍ എന്നിവരും കൂടെയുണ്ടാകും.
കൊല്‍ത്തയില്‍ വച്ചാണ് ശില്‍പ്പം അനാഛാദനം.കൊല്‍ക്കത്തയിലെ ശ്രീഭൂമി സ്പോര്‍ട്ടിങ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ലേക്ക് ടൗണ്‍ ഏരിയയിലാണ് ഭീമന്‍ മെസ്സി പ്രതിമ നിര്‍മിച്ചത്.20 അടിയുള്ള തറ ഉള്‍പ്പെടെ 70 അടിയുള്ള നിര്‍മിതി ലോകത്തെ ഏറ്റവും വലിയ മെസ്സി പ്രതിമയാണെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്.2022 ഖത്തര്‍ ലോകകപ്പില്‍ ജേതാക്കളായ അര്‍ജന്റീനാ ടീമിനുവേണ്ടി കിരീടം ഏറ്റുവാങ്ങി സന്തോഷം പ്രകടിപ്പിക്കുന്ന മെസ്സിയുടെ ദൃശ്യമാണ് പ്രതിമയിലുള്ളത്.ശില്പി മോണ്ടി പോളിന്റെ നേതൃത്വത്തിലുള്ള 45 അംഗ സംഘം 27 ദിവസം ജോലിചെയ്താണ് പ്രതിമ നിര്‍മിച്ചത്.
അവസാന മിനുക്കുപണികള്‍ തുടരുന്നു. ബംഗാള്‍ കായികമന്ത്രിയും ശ്രീഭൂമി സ്പോര്‍ട്ടിങ് ക്ലബ്ബിന്റെ പ്രസിഡന്റുമായ സുജിത് ബോസും പിന്നണിയിലുണ്ട്.കൊല്‍ക്കത്തയില്‍വെച്ച് ഓണ്‍ലൈനായി മെസ്സി അനാച്ഛാദനം ചെയ്യും.കൊല്‍ക്കത്തയിലെ വിവിധ പരിപാടികള്‍ക്കുശേഷം ശനിയാഴ്ച ഉച്ചതിരിഞ്ഞ് ഹൈദരാബാദിലേക്കു തിരിക്കും.അവിടെ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പം ചില പരിപാടികളില്‍ പങ്കെടുത്തശേഷം ഞായറാഴ്ച ഉച്ചയോടെ മുംബൈയിലെത്തും.തിങ്കളാഴ്ച ഉച്ചയ്ക്ക് ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ചടങ്ങില്‍ പങ്കെടുത്തശേഷം മടങ്ങും.
ആരാധകര്‍ക്ക് ഒരുമിച്ച് ഫോട്ടൊയെടുക്കാം.. പക്ഷെ കൈപൊള്ളും
മൂന്നു ദിവസത്തെ സന്ദര്‍ശനത്തില്‍ ആരാധകര്‍ക്ക് മെസ്സിയെ കാണാനും കൂടെനിന്ന് ഫോട്ടോ എടുക്കാനുമുള്ള അവസരമുണ്ട്.എന്നാല്‍ ഇതിനായി പത്ത് ലക്ഷം രൂപയും ജിഎസ്ടിയും മുടക്കണമെന്ന് മാത്രം.10 ലക്ഷത്തിന്റെ പ്രീമിയം ടിക്കറ്റെടുത്താല്‍ ആരാധകര്‍ക്ക് മെസ്സിയെ കണ്ട് കൈകൊടുക്കുകയും കൂടെ നിന്ന് ഫോട്ടോ എടുക്കുകയും ചെയ്യാം.എന്നാല്‍ 100 പേര്‍ക്ക് മാത്രമേ ഈ അവസരമുള്ളൂ. ഇതിനായി പ്രീമിയം ടിക്കറ്റിന്റെ ബുക്കിങ് ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്.പത്ത് ലക്ഷത്തിന്റെ പാക്കേജില്‍ ഒട്ടേറെ അവസരങ്ങള്‍ ആരാധകരെ കാത്തിരിക്കുന്നുണ്ട്.
ഫോട്ടോക്കൊപ്പം മെസി കൈയൊപ്പിട്ട അര്‍ജന്റീന ജേഴ്സിയും ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ മെസിയുമായി കൂടിക്കാഴ്ച നടത്തുന്നതും മെസി പെനല്‍റ്റി കിക്ക് എടുക്കുന്നത് നേരില്‍ കാണാനുമുള്ള അവസരവും അത്താഴവിരുന്നും ലഭിക്കും.പരിപാടികള്‍ക്കുള്ള കുറഞ്ഞ ടിക്കറ്റ് നിരക്ക് 4,500 രൂപയായിരിക്കും.മുംബൈയിലെ പരിപാടികളില്‍ കുറഞ്ഞ നിരക്ക് 8250 ആയിരിക്കും.നിരക്ക് ഇങ്ങനെയൊക്കെയാണെങ്കിലും പൊതുജനങ്ങള്‍ക്ക് മുന്നില്‍ മെസി എത്തുന്ന ഗോട്ട് ടൂറിന്റെ ടിക്കറ്റുകള്‍ ചൂടപ്പം പോലെയാണ് വിറ്റഴിഞ്ഞത്.
ഇതുമാത്രമല്ല പാക്കേജുകള്‍ കേട്ടാല്‍ ഞെട്ടുന്ന തുകകള്‍ വേറെയുമുണ്ട്.12.50 ലക്ഷം രൂപയും ജിഎസ്ടിയും മുടക്കിയാല്‍ അച്ഛനും മകനും മെസിയെ ഒറ്റക്ക് കാണാനുള്ള അവസരം ലഭിക്കും. ആരെങ്കിലും ഒരാള്‍ക്ക് മാത്രമെ കൂടെ നിന്ന് ഫോട്ടോ എടുക്കാനാവു. രണ്ട് പേര്‍ക്കും മെസി കൈയൊപ്പിട്ട അര്‍ജന്റീന ജേഴ്സി ലഭിക്കും. മെസിയുടെ പെനല്‍റ്റി കിക്ക് കാണാനുള്ള അവസരവും അത്താഴവിരുന്നില്‍ പങ്കെടുക്കാനുള്ള അവസരവും ഉണ്ടാകും.
ഫാമിലി പാക്കേജിന് 25 ലക്ഷം രൂപയും ജിഎസ്ടിയുമാണ് മുടക്കേണ്ടത്. രണ്ട് പേര്‍ക്ക് മെസിയുടെ കൂടെ ഫോട്ടോ എടുക്കാം. രണ്ട് പേര്‍ക്ക് മെസിയുടെ കൈയൊപ്പോടെയുള്ള ജേഴ്സിയും നാലു പേര്‍ക്ക് മെസി പെനല്‍റ്റി കിക്ക് എടുക്കുന്നത് കാണാനുള്ള അവസരവും അത്താഴവിരുന്നില്‍ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും.
കോര്‍പറേറ്റ് പാക്കേജില്‍ 95 ലക്ഷം രൂപയും ജിഎസ്ടിയും മുടക്കിയാല്‍ കോര്‍പറേറ്റ് തലത്തിലുള്ള ആദരം, മെസിയില്‍ നിന്ന് മൊമെന്റോ വാങ്ങാനുള്ള അവസരം, കോര്‍പറേറ്റ് ടീമുകള്‍ക്ക് മെസിക്കൊപ്പം ഫോട്ടോ എടുക്കാനുള്ള അവസരം ടീം അംഗങ്ങള്‍ക്ക് മെസി കൈയൊപ്പിട്ട ജേഴ്സി എന്നിവയും ലഭിക്കും.
സന്ദര്‍ശനത്തിന്റെ ക്രമങ്ങള്‍ ഇങ്ങനെ..
മയാമിയില്‍ നിന്നാണ് മെസി ഇന്ത്യയിലേയ്ക്ക് വരുന്നത്.ദീര്‍ഘദൂര യാത്രയായതിനാല്‍ അദ്ദേഹം ദുബായില്‍ ഒരു ചെറിയ സ്റ്റോപ്പ് എടുത്ത ശേഷം പുലര്‍ച്ചെ 1:30ന് കൊല്‍ക്കത്തയില്‍ എത്തും.കൊല്‍ക്കത്തയില്‍ രാവിലെ 9:30 മുതല്‍ മെസിയുടെ പരിപാടികള്‍ക്ക് ഔദ്യോഗികമായി തുടക്കമാകും. സെലിബ്രിറ്റി സൗഹൃദ മത്സരം ഉള്‍പ്പെടെ നിരവധി പരിപാടികള്‍ക്ക് ശേഷം സൗരവ് ഗാംഗുലിയുമായും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.ഇതിന് ശേഷം മെസി ഉച്ചയ്ക്ക് 2 മണിക്ക് ഹൈദരാബാദിലേക്ക് പോകും. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന സെവന്‍സ് ഫുട്ബോള്‍ മത്സരത്തില്‍ താരം പങ്കെടുക്കും. മെസിയോടുള്ള ബഹുമാനാര്‍ത്ഥം വൈകുന്നേരം ഒരു സംഗീത പരിപാടിയും ഉണ്ടായിരിക്കും.
ഹൈദരാബാദിന് ശേഷം മെസി മുംബൈയിലേക്ക് പോകും. അവിടെ വെച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സ്വരൂപിക്കുന്നതിനായി ഒരു ഫാഷന്‍ ഷോയില്‍ അദ്ദേഹം പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ലൂയിസ് സുവാരസ് അവതരിപ്പിക്കുന്ന ഒരു സ്പാനിഷ് സംഗീത ഷോയും മുംബൈ ടൂറില്‍ ഉള്‍പ്പെടുന്നു. തുടര്‍ന്ന്, ഗോട്ട് ടൂര്‍ ദില്ലിയില്‍ സമാപിക്കും. അവിടെ വെച്ച് മെസി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുകയും അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടക്കുന്ന ഒരു ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്യും.
ഇത് രണ്ടാം തവണയാണ് മെസി ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഇതിന് മുമ്പ് 2011ല്‍ വെനിസ്വേലയ്‌ക്കെതിരെ അര്‍ജന്റീനയുടെ സൗഹൃദ മത്സരത്തില്‍ കളിക്കുന്നതിനായാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മെസി മികച്ച പ്രകടനം കാഴ്ചവെക്കുകയും അര്‍ജന്റീനയുടെ 1-0 വിജയത്തില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്തിരുന്നു.
ഇതിഹാസതാരങ്ങളായ പെലെയും മാറഡോണയും കൊല്‍ക്കത്ത സന്ദര്‍ശിച്ചിട്ടുണ്ട്.ഫുട്‌ബോളിനെ ഹൃദയത്തിലേറ്റിയ ആരാധകര്‍ക്ക് അതിനൊപ്പം ചേര്‍ത്തുവെക്കാവുന്ന മുഹൂര്‍ത്തമാകും മെസ്സിയുടെ വരവ്
