ലോകത്തെ കൈകളില്‍ താങ്ങിനിര്‍ത്തുന്നത് ട്രംപിസം! ജീവിതത്തില്‍ ഏറ്റവും വലിയ ബഹുമതികളിലൊന്ന് ട്രംപിന് കിട്ടി; സമാധാന പുരസ്‌കാരം ഫിഫ പ്രഖ്യാപിച്ചത് ജിയാനി ഇന്‍ഫന്റീനോയുടെ സുഹൃത്തിന് തന്നെ; ഗാസാ സമാധാന കരാര്‍ നിര്‍ണ്ണായകമായി; ട്രംപിന് ഫിഫയുടെ സമാധാന പുരസ്‌കാരം; 2026 ലോകകപ്പിലെ ഗ്രൂപ്പുകള്‍ അറിയാം

Update: 2025-12-06 00:25 GMT

വാഷിങ്ടന്‍: ഒടുവില്‍ ആഗ്രഹിച്ചത് അമേരിക്കന്‍ പ്രസിഡന്റിന് കിട്ടി. ആഗോള സമാധാന പുരസ്‌കാരം. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ഫിഫ സമാധാന പുരസ്‌കാരം കിട്ടുകയാണ്. ട്രംപിന്റെ അടുത്ത സുഹൃത്തുകൂടിയായ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റീനോയാണ് പുരസ്‌കാരം സമ്മാനിച്ചത്. ഫിഫ ചരിത്രത്തിലാദ്യമായാണ് സമാധാന പുരസ്‌കാരം ഏര്‍പ്പെടുത്തുന്നത്. നോബല്‍ സമധാന പുരസ്‌കാരം പ്രതീക്ഷിച്ച ട്രംപിന് ആശ്വാസമാണ് ഈ പുരസ്‌കാരം. ഇതു ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതികളിലൊന്നാണെന്ന് ട്രംപ് പറഞ്ഞു.

യുഎസ്, മെക്‌സിക്കോ, കാനഡ എന്നിവിടങ്ങളിലുമായി അടുത്ത വര്‍ഷം ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിന്റെ നറുക്കെടുപ്പ് നടക്കുന്ന വാഷിങ്ടനിലെ കെന്നഡി സെന്ററില്‍ വച്ചാണ് ട്രംപിന് പുരസ്‌കാരം നല്‍കിയത്. ലോകത്തെ കൈകളില്‍ താങ്ങിനിര്‍ത്തുന്നതായി ചിത്രീകരിക്കുന്ന, ട്രംപിന്റെ പേര് ആലേഖനം ചെയ്ത സ്വര്‍ണ ട്രോഫിയും മെഡലുമാണ് സമ്മാനിച്ചത്. ഗാസ സമാധാനക്കരാറിനു നേതൃത്വം നല്‍കിയത് ഉള്‍പ്പെടെയുള്ളവ പരിഗണിച്ചാണു പുരസ്‌കാരവും മെഡലും സമ്മാനിക്കുന്നതെന്ന് ഇന്‍ഫന്റീനോ പറഞ്ഞു.

നൊബേല്‍ സമാധാന പുരസ്‌കാരത്തിനായി പരസ്യ പ്രചാരണം നടത്തിയിരുന്ന ട്രംപിന്, ഫിഫ പുതുതായി ഏര്‍പ്പെടുത്തിയ ഈ പുരസ്‌കാരം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇന്‍ഫാന്റിനൊയുമായി അടുത്തസൗഹൃദമുള്ള ട്രംപിനായിരിക്കും പുരസ്‌കാരമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. നോബേല്‍ സമാധാന പുരസ്‌കാരത്തിന് ട്രംപ് അര്‍ഹനാണെന്ന് ഇന്‍ഫാന്റിനൊ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. 48 ടീമുകള്‍ പങ്കെടുക്കുന്ന ആദ്യ ലോകകപ്പാണ് 2026ല്‍ അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലായി അരങ്ങേറുക.

2026 ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പുകള്‍ നറുക്കെടുത്തു. 42 ടീമുകളെ 12 ഗ്രൂപ്പുകളിലായി നറുക്കെടുത്തു. നിലവിലെ ചാമ്പ്യന്മാരായ ടീം അര്‍ജന്റീന ഗ്രൂപ്പ് 'ജെ'യിലാണ് ഉള്‍പ്പെടുക. അള്‍ജീരിയ, ഓസ്ട്രിയ, ജോര്‍ദാന്‍ എന്നീ ടീമുകളാണ് ഗ്രൂപ്പ് 'ജെ'യിലെ മറ്റംഗങ്ങള്‍. നിലവിലെ റണ്ണേഴ്സ് അപ്പായ ഫ്രാന്‍സ് ഗ്രൂപ്പ് 'ഐ'ലാണ്. സെനഗല്‍, നോര്‍വേ എന്നീ ടീമുകളാണ് മറ്റംഗങ്ങള്‍. ഗ്രൂപ്പ് 'സി'യിലാണ് ബ്രസീല്‍. മൊറോക്കോ, ഹൈതി, സ്‌കോട്ട്ലന്‍ഡ് എന്നിവരാണ് മറ്റ് ടീമംഗങ്ങള്‍. ഗ്രൂപ്പ് 'എ'യിലെ ആദ്യ രണ്ട് ടീമുകളായ മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ആദ്യമത്സരം. സ്പെയിന്‍, യുറഗ്വായ് ടീമുകള്‍ ഗ്രൂപ്പ് എച്ചിലും ഇംഗ്ലണ്ട്, ക്രൊയേഷ്യ ടീമുകള്‍ ഗ്രൂപ്പ് 'എല്ലി'ലും ഏറ്റുമുട്ടും.

ജൂണ്‍ 11 മുതല്‍ ജൂലായ് 19 വരെ നടക്കുന്ന ലോകകപ്പില്‍ 48 ടീമുകളാണ് മത്സരിക്കുന്നത്. ഇതിനകം 42 ടീമുകള്‍ യോഗ്യതനേടിക്കഴിഞ്ഞു. ബാക്കിയുള്ള ആറുടീമുകള്‍ക്കായി പ്ലേ ഓഫ് മത്സരങ്ങള്‍ നടക്കാനുണ്ട്. കഴിഞ്ഞ ലോകകപ്പില്‍ 32 ടീമുകളാണുണ്ടായിരുന്നത്.

മൂന്നു രാജ്യങ്ങളിലെ 16 വേദികളിലായാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നത്. യുഎസില്‍ ന്യൂയോര്‍ക്ക്, ഡാലസ്, കന്‍സാസ് സിറ്റി, ഹൂസ്റ്റണ്‍, അറ്റ്‌ലാന്റ, ലോസ് ആഞ്ജലിസ്, ഫിലാഡെല്‍ഫിയ, സിയാറ്റില്‍, സാന്‍ ഫ്രാന്‍സിസ്‌കോ, ബോസ്റ്റണ്‍, മിയാമി എന്നിവിടങ്ങളിലായി 11 സ്റ്റേഡിയങ്ങളില്‍ ലോകകപ്പ് മത്സരം നടക്കും.കാനഡയില്‍ രണ്ടും (വാന്‍കൂവര്‍, ടൊറന്റോ) മെക്സിക്കോയില്‍ മൂന്നും (മെക്സിക്കോ സിറ്റി, മോണ്ടെറി, ഗൗതലജാറ) വേദികളുണ്ട്.

ഇനി ആറു ടീമുകള്‍കൂടി

48 ടീമുകള്‍ അണിനിരക്കുന്ന ലോകകപ്പിന് 42 ടീമുകള്‍ യോഗ്യതനേടിക്കഴിഞ്ഞു. ബാക്കി ആറു ടീമുകള്‍ പ്ലേ ഓഫിലൂടെ യോഗ്യതനേടും. യൂറോപ്പില്‍നിന്നാണ് നാലു ടീമുകള്‍. നാലു ഗ്രൂപ്പുകളിലായി 16 ടീമുകളാണ് മത്സരിക്കുന്നത്. ഇന്റര്‍ കോണ്ടിനെന്റല്‍ പ്ലേ ഓഫിലൂടെ രണ്ടു ടീമുകള്‍ക്കാണ് യോഗ്യത. ആറു ടീമുകള്‍ മത്സരിക്കുന്നു. മാര്‍ച്ച് 26-നും 31-നുമാണ് പ്ലേ ഓഫ് മത്സരങ്ങള്‍.

യൂറോപ്യന്‍ പ്ലേ ഓഫ്

എ: വെയില്‍സ്, ബോസ്‌നിയ, ഇറ്റലി, വടക്കന്‍ അയര്‍ലന്‍ഡ്, ബി: യുക്രൈന്‍, സ്വീഡന്‍, പോളണ്ട്, അല്‍ബേനിയ, സി: സ്ലൊവാക്യ, കൊസാവൊ, തുര്‍ക്കി, റൊമാനിയ, 1ഡി: ചെക് റിപ്പബ്ലിക്, അയര്‍ലന്‍ഡ്, ഡെന്‍മാര്‍ക്ക്, നോര്‍ത്ത് മാസിഡോണിയ

ഇന്റര്‍ കോണ്ടിനെന്റല്‍ പ്ലേ ഓഫ്

1: ന്യൂ കാലിഡോണിയ, ജമൈക്ക, ഡിആര്‍ കോംഗൊ, 2: ബൊളീവിയ, സുരിനാം, ഇറാഖ്.


വമ്പന്മാര്‍ക്ക് എളുപ്പം

ലോക ചാന്പ്യന്‍മാരായ അര്‍ജന്റീനയ്ക്കും ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനും ആദ്യ ഘട്ടം എളുപ്പമാണ്. ജെ ഗ്രൂപ്പിലാണ് അര്‍ജന്റീന. യൂറോപ്യന്‍ ടീം ഓസ്ട്രിയ, ആഫ്രിക്കന്‍ പ്രതിനിധികളായ അള്‍ജീരിയ, ഏഷ്യയില്‍നിന്നുള്ള ജോര്‍ദാന്‍ ടീമുകളാണ് ലയണല്‍ മെസിയുടെ സംഘത്തിന്റെ എതിരാളികള്‍. ബ്രസീലിന് നിലവിലെ സെമി ഫൈനലിസ്റ്റുകളായ മൊറോക്കോയെ നേരിടണം. സി ഗ്രൂപ്പില്‍ ആഫ്രിക്കന്‍ ടീമിനെ കൂടാതെ സ്‌കോട്ലന്‍ഡും ഹെയ്തിയുമാണ് ബ്രസീലിന്റെ മറ്റ് എതിരാളികള്‍.

കെ ഗ്രൂപ്പില്‍ പോര്‍ച്ചുഗലിനൊപ്പം ഉസ്ബെക്കിസ്ഥാന്‍, കൊളംബിയ ടീമുകള്‍ക്കൊപ്പം ഇന്റര്‍ കോണ്ടിനെന്റല്‍ ജേതാക്കളായ ഒരു ടീമും ഉള്‍പ്പെടും.എല്‍ ഗ്രൂപ്പില്‍ കരുത്തരായ ഇംഗ്ലണ്ടും ക്രൊയേഷ്യയും മുഖാമുഖം വരും. ഘാനയും പാനമയുമാണ് മറ്റ് ടീമുകള്‍. ഐ ഗ്രൂപ്പില്‍ കിലിയന്‍ എംബാപ്പെയുടെ ഫ്രാന്‍സും എര്‍ലിങ് ഹാലണ്ടിന്റെ നോര്‍വേയും ഏറ്റുമുട്ടും. സെനെഗലും പ്ലേ ഓഫ് ടീമുമാണ് മറ്റ് അംഗങ്ങള്‍.

ഗ്രൂപ്പ് എ: മെക്സിക്കോ, ദക്ഷിണ കൊറിയ, ദക്ഷിണാഫ്രിക്ക, ഡെന്‍മാര്‍ക്ക്/ചെക്ക് റിപ്പബ്ലിക്/നോര്‍ത്ത് മാസിഡോണിയ/അയര്‍ലന്‍ഡ്.

ഗ്രൂപ്പ് ബി: കാനഡ, സ്വിറ്റ്സര്‍ലന്‍ഡ്, ഖത്തര്‍, ഇറ്റലി/വെയ്ല്‍സ്/ ബോസ്നിയ ഹെര്‍സെഗോവിന/ വടക്കന്‍ അയര്‍ലന്‍ഡ്.

ഗ്രൂപ്പ് സി: ബ്രസീല്‍, മൊറോക്കോ, സ്‌കോട്ലന്‍ഡ്, ഹെയ്തി.

ഗ്രൂപ്പ് ഡി: അമേരിക്ക, ഓസ്ട്രേലിയ, പരാഗ്വേ, തുര്‍ക്കി/സ്ലൊവാക്യ/ കൊസോവോ/റുമാനിയ.

ഗ്രൂപ്പ് ഇ: ജര്‍മനി, ഇക്വഡോര്‍, ഐവറി കോസ്റ്റ്, കുറസാവോ.

ഗ്രൂപ്പ് എഫ്: നെതര്‍ലന്‍ഡ്സ്, ജപ്പാന്‍, ടുണീഷ്യ, ഉക്രയ്ന്‍/പോളണ്ട്/അല്‍ബേനിയ/സ്വീഡന്‍.

ഗ്രൂപ്പ് ജി: ബല്‍ജിയം, ഇറാന്‍, ഇൗജിപ്ത്, ന്യൂസിലന്‍ഡ്.

ഗ്രൂപ്പ് എച്ച്: സ്പെയ്ന്‍, ഉറുഗ്വേ, സൗദി അറേബ്യ, കേപ് വെര്‍ദെ.

ഗ്രൂപ്പ് ഐ: ഫ്രാന്‍സ്, സെനെഗല്‍, നോര്‍വേ, ഇറാഖ്/ബൊളീവിയ/സുരിനാം.

ഗ്രൂപ്പ് ജെ: അര്‍ജന്റീന, ഓസ്ട്രിയ, അള്‍ജീരിയ, ജോര്‍ദാന്‍.

ഗ്രൂപ്പ് കെ: പോര്‍ച്ചുഗല്‍, കൊളംബിയ, ഉസ്ബെക്കിസ്ഥാന്‍, കോംഗോ/ജമൈക്ക/ ന്യൂ കാലിഡോണിയ.

ഗ്രൂപ്പ് എല്‍: ഇംഗ്ലണ്ട്, ക്രൊയേഷ്യ, പാനമ, ഘാന.

Similar News