ഫുട്‌ബോള്‍ മിശിഹാ കണ്ണീരണഞ്ഞു! ലാ ബോംബോനെറ ഒപ്പം വിതുമ്പി; അര്‍ജന്റീനന്‍ മണ്ണില്‍ അവസാന മത്സരത്തില്‍ ഗോളടിച്ചും ഗോളടിപ്പിച്ചും ആരാധകരെ ത്രസിപ്പിച്ച് ലയണല്‍ മെസി; ദേശീയഗാനത്തിനിടെ വികാരാധീനനായി പൊട്ടിക്കരഞ്ഞപ്പോള്‍ നിശ്ചലമായി ഗാലറി; ലോകം സാക്ഷ്യം വഹിച്ച ആ വൈകാരിക നിമിഷം; സാംബിയയെ അഞ്ചു ഗോളിന് തകര്‍ത്ത് അര്‍ജന്റീന; ലോകകപ്പ് മുന്നൊരുക്കം പൂര്‍ത്തിയാക്കി ലയണല്‍ സ്‌കലോണിയുടെ സംഘം

Update: 2026-04-01 08:07 GMT

ബ്യൂണസ് അയേഴ്‌സ്: കണ്ണീരണിഞ്ഞ് ഫുട്‌ബോള്‍ മിശിഹ... ആ കാഴ്ച കണ്ട ആരാധകരുടെ മനസ് ഒരു നിമിഷം നിശ്ചലമായി. ഒപ്പം വിതുമ്പി... പിന്നെ മെസി... മെസി... എന്നുള്ള ഹൃദയം തൊടുന്ന വിളികള്‍... അര്‍ജന്റീന മണ്ണില്‍ തങ്ങളുടെ പ്രിയപ്പെട്ട നായകന്‍ കളിക്കുന്ന അവസാന മത്സരമായിരിക്കും ഇതെന്ന് ഏറെക്കുറെ ഉറപ്പായതോടെ സ്റ്റേഡിയം മുഴുവന്‍ മെസി ചാന്റുകളാല്‍ മുഖരിതമായി. തനിക്ക് ലഭിച്ച സ്‌നേഹപ്രകടനങ്ങള്‍ കണ്ട് കണ്ണുനീര്‍ തുടയ്ക്കുന്ന മെസിയുടെ വീഡിയോ നിമിഷങ്ങള്‍ക്കകമാണ് ഫുട്‌ബോള്‍ ലോകത്ത് വൈറലായത്.

അര്‍ജന്റീനയിലെ ലാ ബോംബോനെറ സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ ലോകം ഇന്നുവരെ സാക്ഷ്യം വഹിച്ചിട്ടില്ലാത്ത വൈകാരിക നിമിഷങ്ങളാണ് അരങ്ങേറിയത്. സ്വന്തം രാജ്യത്തെ ആരാധകര്‍ക്ക് മുന്നില്‍ അവസാനമായി അര്‍ജന്റീനയുടെ ജേഴ്‌സിയണിഞ്ഞ് മൈതാനത്തിറങ്ങിയ ഇതിഹാസ താരം ലയണല്‍ മെസ്സി വികാരമടക്കാനാവാതെ പൊട്ടിക്കരഞ്ഞത് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകരുടെ കണ്ണ് നിറച്ചു. സാംബിയക്കെതിരായ സൗഹൃദ മത്സരത്തിന് മുന്നോടിയായി ദേശീയഗാനം ആലപിക്കുമ്പോഴാണ് മുപ്പത്തിയെട്ടുകാരനായ മെസ്സി വികാരാധീനനായത്. തന്റെ കരിയറിലെ സമാനതകളില്ലാത്ത യാത്രയ്ക്ക് സ്വന്തം മണ്ണില്‍ വിരാമമിടുമ്പോള്‍ ആ ഇതിഹാസത്തിന്റെ കണ്ണുകളില്‍ തെളിഞ്ഞത് ഒരു ജനതയുടെ മുഴുവന്‍ സ്‌നേഹമായിരുന്നു.

ഗാലറികളില്‍ നിന്ന് ഉയര്‍ന്ന സ്‌നേഹപ്രകടനങ്ങള്‍ കണ്ട് കണ്ണുനീര്‍ തുടയ്ക്കുന്ന മെസ്സിയുടെ ദൃശ്യങ്ങള്‍ നിമിഷങ്ങള്‍ക്കകമാണ് ആഗോളതലത്തില്‍ തരംഗമായത്. മത്സരത്തിലുടനീളം കാണികള്‍ എഴുന്നേറ്റു നിന്ന് കൈയടിച്ചാണ് തങ്ങളുടെ നായകന് ആദരവ് നല്‍കിയത്. വികാരത്തള്ളിച്ചയിലും തന്റെ മാസ്മരിക പ്രകടനത്തിന് ഒട്ടും കുറവുണ്ടാവില്ലെന്ന് മെസ്സി ഗ്രൗണ്ടില്‍ തെളിയിച്ചു. സാംബിയക്കെതിരായ മത്സരത്തില്‍ അര്‍ജന്റീന എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് വിജയിച്ചപ്പോള്‍ ഒരു ഗോളും ഒരു അസിസ്റ്റുമായി മെസ്സി തിളങ്ങി.

മത്സരത്തിന്റെ നാലാം മിനിറ്റില്‍ തന്നെ ജൂലിയന്‍ അല്‍വാരസിന് ഗോളടിക്കാന്‍ വഴിയൊരുക്കി മെസ്സി തന്റെ സാന്നിധ്യം അറിയിച്ചു. തുടര്‍ന്ന് 43-ാം മിനിറ്റില്‍ സ്റ്റേഡിയത്തെ ഇളക്കിമറിച്ചുകൊണ്ട് മെസ്സി സ്വന്തം പേരില്‍ ഒരു ഗോള്‍ കൂടി കുറിച്ചതോടെ ആരാധകരുടെ ആവേശം ഉച്ചസ്ഥായിയിലായി. മെസിക്കും അല്‍വാരസിനും പുറമെ 50ാം മിനിറ്റില്‍ പെനല്‍റ്റിയില്‍ നിന്ന് നിക്കൊളാസ് ഒട്ടമെന്‍ഡിയും ഇഞ്ചുറി ടൈമില്‍ വാലന്റൈന്‍ ബാര്‍ക്കോയും അര്‍ജന്റീനക്കായി ലക്ഷ്യം കണ്ടപ്പോള്‍ 68-ാം മിനിറ്റില്‍ ഡൊമനിക്ക് ചന്ദ നേടിയ സെല്‍ഫ് ഗോള്‍ സാംബിയയുടെ തോല്‍വിഭാരം കൂട്ടി.

ജൂണ്‍ 11-ന് വടക്കേ അമേരിക്കയില്‍ ആരംഭിക്കുന്ന ലോകകപ്പിന് മുന്നോടിയായുള്ള അര്‍ജന്റീനയുടെ അവസാന ഹോം മത്സരമായിരുന്നു ഇത്. കഴിഞ്ഞ മത്സരത്തില്‍ മൗറിറ്റാനക്കെതിരെ നേടിയ നേരിയ വിജയത്തിന് പിന്നാലെ കോച്ച് ലയണല്‍ സ്‌കലോണി നല്‍കിയ കര്‍ശന മുന്നറിയിപ്പ് ഉള്‍ക്കൊണ്ട പ്രകടനമാണ് ടീം പുറത്തെടുത്തത്. 2022 ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെതിരെ ഇറങ്ങിയതിന് സമാനമായ കരുത്തുറ്റ ടീമിനെയാണ് സാംബിയക്കെതിരെയും കോച്ച് സ്വന്തം മണ്ണില്‍ അണിനിരത്തിയത്.

പരിക്കേറ്റ റോഡ്രിഗോ ഡി പോളും വിരമിച്ച എയ്ഞ്ചല്‍ ഡി മരിയയും ഇല്ലാതെയിറങ്ങിയ ടീം തങ്ങള്‍ ലോകകപ്പിന് പൂര്‍ണ്ണ സജ്ജരാണെന്ന് വിളിച്ചോതുന്നതായിരുന്നു സാംബിയക്കെതിരായ പ്രകടനം. ജൂണ്‍ 11-ന് അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളിലായി തുടങ്ങുന്ന ലോകകപ്പിന് മുന്നോടിയായുള്ള അവസാന ഹോം മത്സരമായിരുന്നു ഇത്. മത്സരത്തിലുടനീളം കാണികള്‍ എഴുന്നേറ്റു നിന്ന് കൈയടിച്ചാണ് തങ്ങളുടെ ഇതിഹാസത്തിന് ആദരവ് നല്‍കിയത്. വരാനിരിക്കുന്ന ലോകകപ്പില്‍ കിരീടം നിലനിര്‍ത്തുക എന്ന വലിയ ദൗത്യവുമായാണ് ഇനി മെസ്സിയും സംഘവും ലാറ്റിനമേരിക്കന്‍ മണ്ണില്‍ നിന്നും വിമാനം കയറുന്നത്.

Similar News