പ്രായം വെറും അക്കങ്ങൾ മാത്രം; 41-ാം വയസ്സിലും മൈതാനത്ത് തീയായി സുനിൽ ഛേത്രി; ഡൽഹിക്കെതിരെ വെടിക്കെട്ട് ഗോൾ; ഐഎസ്എല്ലിലെ റെക്കോർഡ് നേട്ടവുമായി വെറ്ററൻ സ്ട്രൈക്കർ
ബംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിൽ ഗോളുമായി തുടങ്ങിയ വെറ്ററൻ സ്ട്രൈക്കർ സുനിൽ ഛേത്രിയെ തേടി പുതിയ റെക്കോർഡ്. ഐ.എസ്.എല്ലിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന ബഹുമതിയാണ് ഛേത്രിക്ക് സ്വന്തമായത്. 41 വയസ്സും 196 ദിവസവും പ്രായമുള്ളപ്പോഴാണ് ഈ നേട്ടം. നേരത്തെ, 2014-15 സീസണിൽ എഫ്.സി ഗോവയ്‌ക്കായി ഗോൾ നേടിയ ഫ്രഞ്ച് താരം റോബർട്ട് പിറെസിന്റെ പേരിലായിരുന്നു ഈ റെക്കോർഡ്.
അന്ന് 41 വയസ്സും 15 ദിവസവുമായിരുന്നു പിറെസിന്റെ പ്രായം. ഈ റെക്കോർഡാണ് സുനിൽ ഛേത്രി പഴങ്കഥയാക്കിയത്. കഴിഞ്ഞ ദിവസം സ്പോർട്ടിങ് ഡൽഹിക്കെതിരെ നടന്ന മത്സരത്തിലാണ് ഛേത്രി ഈ റെക്കോർഡ് സ്വന്തമാക്കിയത്. കളിയുടെ 78-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ഛേത്രി, ഇൻജുറി ടൈമിൽ (90+4) ആണ് വലകുലുക്കിയത്. മത്സരത്തിൽ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് ബംഗളൂരു എഫ്.സി ഡൽഹിയെ തോൽപിച്ചു. ശിവശക്തി നാരായണനാണ് (45+1) ബംഗളൂരുവിന്റെ ആദ്യ ഗോൾ നേടിയത്.
ഐ.എസ്.എല്ലിലെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരൻ കൂടിയാണ് സുനിൽ ഛേത്രി. ഇതുവരെ 184 മത്സരങ്ങളിൽ നിന്ന് 76 ഗോളുകളാണ് താരം നേടിയത്. മുംബൈ സിറ്റി താരമായിരുന്ന 2016 സീസണിൽ മാത്രമാണ് ഛേത്രിക്ക് ഗോൾ നേടാൻ കഴിയാതിരുന്നത്. ബാക്കിയുള്ള 11 സീസണുകളിലും താരം ഗോൾ നേടിയിട്ടുണ്ട്. ഈ റെക്കോർഡ് നേട്ടത്തിലൂടെ ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസ താരം തന്റെ മികവ് ഒരിക്കൽ കൂടി തെളിയിക്കുകയാണ്.