- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയുടെ ബോക്സിങ് ഇതിഹാസം മേരി കോം വിരമിച്ചു; പ്രായപരിധി കഴിഞ്ഞതോടെ വിരമിക്കൽ പ്രഖ്യാപനം; റിങിനോട് വിട പറയുന്നത് ആറ് തണവ ലോകചാമ്പ്യനായ ഇന്ത്യയുടെ ഉരുക്കുവനിത; ഒളിമ്പിക്സിൽ മെഡൽ നേടിയത് ഇരട്ടക്കുട്ടികളുടെ അമ്മയായ ശേഷം അസാമാന്യമായ തിരിച്ചുവരവ് നടത്തി
ഗുവാഹാട്ടി: ഇന്ത്യയുടെ ബോക്സിങ് ഇതിഹാസം മേരി കോം വിരമിച്ചു. ഒളിമ്പിക് മെഡൽ ജേതാവും ആറുതവണ ലോക ചാമ്പ്യനുമാണ് മേരി കോം. രാജ്യാന്തര ബോക്സിങ് അസോസിയേഷന്റെ നിയമപ്രകാരം പുരുഷ - വനിതാ ബോക്സർമാർ എലൈറ്റ് മത്സരങ്ങളിൽ 40 വയസ്സ് മാത്രമേ മത്സരിക്കാൻ പാടുള്ളൂ. ഇതിന്റെ അടിസ്ഥാനത്തിലാണ് 41-കാരിയായ താരം വിരമിച്ചത്.
ബോക്സിങ് മത്സരങ്ങളിൽ ഇനിയും പങ്കെടുക്കാൻ ആഗ്രഹമുണ്ടെന്നും പ്രായപരിധി കാരണമാണ് വിരമിക്കുന്നതെന്നും മേരി കോം വ്യക്തമാക്കി. ജീവിതത്തിൽ എല്ലാം നേടിയെന്നും അവർ പറഞ്ഞു. ആറുതവണ ലോക ചാമ്പ്യനായ ഒരേയൊരു ബോക്സിങ് താരമാണ് മേരി കോം. അഞ്ച് തവണ ഏഷ്യൻ ചാമ്പ്യനുമായി. 2014-ൽ ഏഷ്യൻ ഗെയിംസിൽ സ്വർണ മെഡൽ നേടിയതിലൂടെ, ഏഷ്യൻ ഗെയിംസിൽ സ്വർണം ഇന്ത്യയിൽനിന്നുള്ള ആദ്യ വനിതാ ബോക്സറായി മാറി.
2005, 2006, 2008, 2010 വർഷങ്ങളിൽ ലോകചാമ്പ്യനായ താരം 2012-ലെ ലണ്ടൻ ഒളിമ്പിക്സിൽ വെങ്കല മെഡലും നേടി. 2008-ൽ ലോക ചാമ്പ്യനായതിനു പിന്നാലെ ഇരട്ടക്കുട്ടിളുടെ അമ്മയായി. ഇതോടെ ബോക്സിങ്ങിൽനിന്ന് തത്കാലം വിട്ടുനിന്നു. പിന്നീട് 2012-ൽ മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകുന്നതിനായും കളിക്കളത്തിൽനിന്ന് വിട്ടുനിന്നു. തുടർന്ന് തിരിച്ചെത്തിയ മേരി കോം, 2018-ൽ ഡൽഹിയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പും നേടി.
ലോക ചാമ്പ്യൻഷിപ്പിൽ എട്ട് മെഡൽ നേടുന്ന ആദ്യ ബോക്സറെന്ന ചരിത്ര നേട്ടം അടക്കം അവർ സ്വന്തമാക്കിയിരുന്ു. ലോക വനിതാ ബോക്സിങ്ങ് ചാമ്പ്യൻഷിപ്പിൽ 51 കിലോഗ്രാം വിഭാഗത്തിൽ വെങ്കലം നേടിയാണ് മണിപ്പൂരുകാരിയായ ഈ മുപ്പത്താറുകാരി രാജ്യത്തിന്റെ അഭിമാനമാകുന്നത്. ക്യൂബയുടെ പുരുഷ ബോക്സർ ഫെലിക്സ് സാവോണിനെ (ഏഴ് മെഡൽ) പിന്തള്ളിയാണ് മേരികോം ചരിത്രനേട്ടം കൈവരിച്ചത്.
മൂന്നു കുഞ്ഞുങ്ങളുടെ അമ്മയായും ഇടിക്കൂട്ടിലെ തളരാത്ത പോരാളിയായും ഡബിൾ റോളിൽ തിളങ്ങുകയാണ് മേരി കോം. മണിപ്പൂരിലെ ദരിദ്ര കർഷക കുടുംബത്തിലായിരുന്നു ജനനം. ഇല്ലായ്മകളോട് പോരടിച്ചാണ് വളർന്നത്. ബോക്സിങ്ങ് റിങ്ങിലും പ്രതിസന്ധികളോടു പോരടിക്കേണ്ടി വന്നു. പൊക്കമില്ലെന്നും ബോക്സർക്കുവേണ്ട ശരീരഘടനയില്ലെന്നും പറഞ്ഞ് പലരും പിന്തിരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ നിശ്ചയദാർഢ്യം എല്ലാ പ്രതിബന്ധങ്ങളെയും നിഷ്പ്രഭമാക്കി. ഇടിച്ചു നേടി രാജ്യത്തിന്റെ നെറുകയിലെത്തി. ഇപ്പോൾ രാജ്യത്തിനഭിമാനമായി ലോകത്തിന്റെ നെറുകയിൽ. അപൂർവ പ്രതിഭാസം എന്നുവേണം മേരി കോമിനെ വിശേഷിപ്പിക്കാൻ.
വിവാഹം കഴിഞ്ഞാൽ കായികരംഗത്തോടു വിടപറയുന്ന ഇന്ത്യയിലെ പതിവുശൈലി മാറ്റിമറിച്ചു താരം. ഒപ്പം റിങ്ങിലെത്തിയ പലരും വിരമിച്ചിട്ടും പൊരുതാനുള്ള വാശിയും ഊർജവും നൽകിയത് ജീവിത സാഹചര്യമാണ്. രാജ്യസഭാ എംപിയായും മേരികോ കുറച്ചുകാലം പ്രവർത്തിച്ചു. അടുത്തകാലത്ത് മണിപ്പൂരിലെ കലാപത്തിൽ അടക്കം അവർ തീർത്തും ദുഃഖിതയായിരുന്നു.
മണിപ്പൂരിലെ കോം ഗ്രാമങ്ങളുടെ സംരക്ഷണത്തിനായി കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് ബോക്സിങ് താരം എം.സി മേരി കോം. ആക്രമണങ്ങളിൽ നിന്ന് കോം ഗ്രാമങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മേരികോം ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കത്തയച്ചിരുന്നു. കോം സമുദായം മണിപ്പൂരിലെ തദ്ദേശീയ ഗോത്രമാണെന്നും ന്യൂനപക്ഷങ്ങളിൽ ഏറ്റവും ചെറിയ വിഭാഗമാണെന്നും കത്തിൽ പറയുന്നു. നമ്മളെല്ലാം എതിരാളികളായ രണ്ട് വിഭാഗങ്ങൾക്കിടയിൽ ചിതറിക്കിടക്കുകയാണ്. സമുദായത്തിനെതിരെ ഇരുവശത്തുനിന്നും എപ്പോഴും ഊഹാപോഹങ്ങളും സംശയങ്ങളും ഉണ്ട്. ദുർബലമായ ആഭ്യന്തര ഭരണവും എണ്ണക്കുറവും കാരണം അധികാരപരിധിയിലേക്ക് നുഴഞ്ഞുകയറുന്ന ഒരു ശക്തിക്കെതിരെയും നിലകൊള്ളാൻ കോം വിഭാഗത്തിന് കഴിഞ്ഞിട്ടില്ലെന്നും മേരികോം പറഞ്ഞിരുന്നു.
ഇന്ത്യൻ സൈന്യം, അർദ്ധസൈനിക വിഭാഗം, സംസ്ഥാന സേന എന്നിവയിലെ എല്ലാ അംഗങ്ങളും ജനസംഖ്യ സംരക്ഷിക്കുന്നതിനും സംസ്ഥാനത്ത് സമാധാനം നിലനിർത്തുന്നതിനും ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിൽ നിഷ്പക്ഷത പുലർത്തണം. അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ച് സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കണമെന്ന് മണിപ്പൂരിലെ എല്ലാവരോടും മേരികോം അഭ്യർത്ഥിക്കുകയുണ്ടായി.
സ്പോർട്സ് ഡെസ്ക്