ഭാരം 150 ഗ്രാം കൂടുതല്‍; മുടി മുറിച്ച് മത്സരത്തിനെത്തി; സ്വര്‍ണത്തില്‍ മുത്തമിട്ട് സുഫ്ന ജാസ്മിന്‍; ദേശീയ ഗെയിംസില്‍ ഗെയിംസില്‍ കേരളത്തിന്റെ ആദ്യ സ്വര്‍ണം

Update: 2025-01-30 09:33 GMT

ഡെറാഢൂണ്‍: ദേശീയ ഗെയിംസില്‍ രണ്ടാംദിനം കേരളത്തിന് ആദ്യ സ്വര്‍ണം. ഭാരോദ്വഹനത്തില്‍ സുഫ്ന ജാസ്മിനാണ് സ്വര്‍ണം നേടിയത്. വനിതകളുടെ 45കിലോ വിഭാഗത്തിലാണ് നേട്ടം.

തൃശൂര്‍ വേലുപാടം സ്വദേശിയാണ് സുഫ്ന ജാസ്മിന്‍. നേരത്തെ സര്‍വകലാശാല വിഭാഗത്തില്‍ ദേശീയ റെക്കോര്‍ഡിന് ഉടമ കൂടിയാണ് സുഫ്ന. മത്സരത്തിന്റെ തൊട്ടുമുന്‍പ് ഭാരപരിശോധനയില്‍ 150 ഗ്രാം കൂടുതലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മുടി മുറിച്ചാണ് ഇവര്‍ മത്സരത്തിനെത്തിയത്. ബീച്ച് ഹാന്‍ഡ് ബോളില്‍ കേരളം മെഡല്‍ ഉറപ്പിച്ചിട്ടുണ്ട്. അസമിനെ തോല്‍പ്പിച്ചാണ് കേരളം ഫൈനലില്‍ എത്തിയത്.

ഗെയിംസിന്റെ ആദ്യ ദിനമായ ഇന്നലെ നീന്തലില്‍ കേരളത്തിനായി സജന്‍ പ്രകാശ് ഇരട്ടവെങ്കലം നേടിയിരുന്നു. 200 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍, 100 മീറ്റര്‍ ബട്ടര്‍ഫ്‌ലൈ എന്നിവയിലാണു സജന്‍ വെങ്കലം നേടിയത്. പുരുഷന്മാരുടെ 200 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ മത്സരിക്കേണ്ടിവന്നത് നിലവിലെ റെക്കോഡുകാരന്‍ ശ്രീഹരി നടരാജനോടും കര്‍ണാടകത്തിന്റെ മറ്റൊരു കരുത്തന്‍ അനീഷ് ഗൗഡയോടും. പൊരുതി നീന്തി. 1: 53.73 സമയത്തില്‍ മൂന്നാമതായി.

100 മീറ്റര്‍ ബട്ടര്‍ഫ്‌ലൈയില്‍ അപ്രതീക്ഷിത ഫലമായിരുന്നു. അവസാന 30 മീറ്ററില്‍ സ്വര്‍ണം കൈവിട്ടു. 54.52 സെക്കന്‍ഡില്‍ മൂന്നാംസ്ഥാനം. തമിഴ്നാടിന്റെ ബനഡിക്ടന്‍ രോഹിത് 53.89 സെക്കന്‍ഡില്‍ സ്വര്‍ണവും മഹാരാഷ്ട്രയുടെ മഹീര്‍ ആംബ്രെ 54.24 സെക്കന്‍ഡില്‍ വെള്ളിയും നേടി. ദേശീയ ഗെയിംസില്‍ സജന്റെ 28-ാം മെഡലാണിത്.

Tags:    

Similar News