ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചെലവ് കുറയ്ക്കാൻ അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ; ഹോം-എവേ മത്സരങ്ങൾ ഒഴിവാക്കും; കളികൾ രണ്ടോ മൂന്നോ വേദികളിൽ നടത്താൻ ധാരണ

Update: 2025-12-29 09:50 GMT

ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗ് (ഐ.എസ്.എൽ) ഫുട്‌ബോളിന്റെ 2025-26 സീസൺ രണ്ടോ മൂന്നോ വേദികളിൽ നടത്താൻ ധാരണ. പരമ്പരാഗതമായ ഹോം-എവേ മത്സരരീതി ഇത്തവണ ഒഴിവാക്കും. ഞായറാഴ്ച അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷനും (എ.ഐ.എഫ്.എഫ്) ക്ലബുകളും തമ്മിൽ നടന്ന യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്.

സാധാരണയായി സെപ്റ്റംബറിൽ ആരംഭിക്കേണ്ടിയിരുന്ന സീസൺ വിവിധ കാരണങ്ങളാൽ നീണ്ടുപോവുകയായിരുന്നു. ഐ.എസ്.എൽ സംഘാടകരായ ഫുട്‌ബോൾ സ്പോർട്‌സ് ഡെവലപ്‌മെന്റ് (എഫ്.എസ്.ഡി.എൽ) ഫുട്‌ബോൾ ഫെഡറേഷനുമായുള്ള മാസ്റ്റർ റൈറ്റ്‌സ് കരാർ പുതുക്കാത്തതാണ് പ്രധാന കാരണം. കൂടാതെ, പുതിയൊരു വാണിജ്യ പങ്കാളിയെ കണ്ടെത്താനുള്ള എ.ഐ.എഫ്.എഫിന്റെ ശ്രമങ്ങളും വിജയം കണ്ടില്ല. ഈ സാഹചര്യത്തിൽ, ഫെഡറേഷൻ നേരിട്ടാണ് മത്സരങ്ങൾ സംഘടിപ്പിക്കാനൊരുങ്ങുന്നത്.

ഫെബ്രുവരി അഞ്ചിന് ഐ.എസ്.എൽ ആരംഭിക്കുമെന്ന റിപ്പോർട്ടുകൾ മുൻപ് പുറത്തുവന്നിരുന്നെങ്കിലും, മത്സരത്തീയതികളുടെ കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. ഐ.എസ്.എല്ലിന്റെ നടത്തിപ്പ് ചെലവുകൾ, ഏഷ്യൻ മത്സരങ്ങൾക്കുള്ള യോഗ്യത എന്നിവയുമായി ബന്ധപ്പെട്ട് ക്ലബുകൾ ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്. 

Tags:    

Similar News