യൂറോപ്പ ഫുട്‌ബോൾ ലീഗിൽ ഇസ്രായേലി ക്ലബ്ബിന്റെ ആരാധകർക്ക് പ്രവേശനമില്ല; വിലക്ക് ആസ്റ്റൺ വില്ലയ്‌ക്കെതിരായ മത്സരത്തിൽ; തീരുമാനം സുരക്ഷാ കാരണങ്ങൾ മുൻനിർത്തി
തെൽ അവീവ്: യൂറോപ്പ ഫുട്‌ബോൾ ലീഗിൽ ഇസ്രായേലി ക്ലബായ മക്കാബി തെൽ അവീവിന്റെ കാണികൾക്ക് സ്റ്റേഡിയത്തിൽ പ്രവേശനം നിഷേധിച്ചു. അടുത്ത മാസമാദ്യം നടക്കുന്ന ആസ്റ്റൺ വില്ലയ്‌ക്കെതിരെയുള്ള മത്സരത്തിനാണ് ഈ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് തീരുമാനമെന്ന് ഇംഗ്ലീഷ് ക്ലബ്ബ് വിശദീകരിച്ചു.
ബിർമിങ്ഹാം സേഫ്റ്റി അഡ്വൈസറി ഗ്രൂപ്പാണ് ഈ വിഷയത്തിൽ തീരുമാനമെടുത്തത്. വില്ല പാർക്കിൽ നടക്കുന്ന മത്സരങ്ങൾക്ക് സുരക്ഷാ സർട്ടിഫിക്കറ്റ് നൽകുന്ന ഗ്രൂപ്പ്, ഇസ്രായേൽ കാണികളെ പ്രവേശിപ്പിക്കുന്നത് കടുത്ത സുരക്ഷാഭീഷണിയുയർത്തുമെന്ന് വിലയിരുത്തി. ഇതു സംബന്ധിച്ച് ഇസ്രായേലി ക്ലബിനെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്ന് ആസ്റ്റൺ വില്ല സ്ഥിരീകരിച്ചു. വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പോലീസ് മത്സരവുമായി ബന്ധപ്പെട്ട് കനത്ത ജാഗ്രത പുലർത്തുന്നുണ്ട്.
കഴിഞ്ഞ വർഷം യുവേഫ യൂറോപ്പ ലീഗ് മത്സരത്തിനിടെ ആംസ്റ്റർഡാമിൽ അജാക്സും മക്കാബിയും തമ്മിൽ നടന്ന കളിയുടെ പശ്ചാത്തലത്തിലാണ് ഈ വിലക്ക്. അന്ന് ഫലസ്തീനെ അനുകൂലിക്കുന്നവരും ഇസ്രായേൽ ക്ലബിന്റെ ആരാധകരും തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഈ വിഷയത്തിൽ നിരവധി പേരെ അറസ്റ്റ് ചെയ്യുകയും അഞ്ചുപേരെ ജയിലിലടക്കുകയും ചെയ്‌തിരുന്നു. ഇസ്രായേൽ കാണികൾ മനപ്പൂർവം പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിച്ചുവെന്ന് അന്ന് കണ്ടെത്തുകയും ചെയ്‌തിരുന്നു. സമാനമായ സാഹചര്യം ഇവിടെയും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് പോലീസ് വിലയിരുത്തുന്നത്.