കണ്ഠീരവയിൽ ചരിത്രമെഴുതി മഞ്ഞപ്പട; ബംഗളൂരുവിനെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സിന് സീസണിലെ ആദ്യ ജയം; അരങ്ങേറ്റത്തിൽ തിളങ്ങി ഫ്രാഞ്ചു

Update: 2026-04-12 06:52 GMT

ബംഗളൂരു: കാത്തിരിപ്പിന് ഇരട്ടി മധുരം.. ഏഴു മത്സരങ്ങളുടെ ജയമില്ലാക്കഥകൾക്ക് വിരാമമിട്ട് ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് സീസണിലെ ആദ്യ ജയം. ബംഗളൂരു എഫ്.സിയുടെ കോട്ടയായ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മഞ്ഞപ്പട ആതിഥേയരെ തകർത്തുവിട്ടത്. കണ്ഠീരവയിൽ ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിലെ ആദ്യ ജയമാണിത്. ടീമിലെ അരങ്ങേറ്റക്കാരൻ അർജന്റൈൻ താരം ഫ്രാഞ്ചു വിജയഗോൾ കുറിച്ചപ്പോൾ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് അത് ഇരട്ടി ആവേശമായി.

കളിയുടെ 27-ാം മിനിറ്റിൽ ആരാധകരെ നിശബ്ദരാക്കി ബ്ലാസ്റ്റേഴ്സ് താരം ഫാലോ എൻഡിയായെ വഴങ്ങിയ സെൽഫ് ഗോളിലൂടെ ബംഗളൂരുവാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ 34-ാം മിനിറ്റിൽ ബംഗളൂരു മിഡ്ഫീൽഡർ ബ്രയാൻ സാഞ്ചെസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായത് മത്സരഗതി മാറ്റിമറിച്ചു. പത്തുപേരായി ചുരുങ്ങിയ ആതിഥേയരുടെ ദൗർബല്യം ബ്ലാസ്റ്റേഴ്സ് കൃത്യമായി മുതലെടുത്തു. രണ്ടാം പകുതിയിൽ ആക്രമിച്ചു കളിച്ച ബ്ലാസ്റ്റേഴ്സ് 61-ാം മിനിറ്റിൽ സമനില പിടിച്ചു. മലയാളി താരം എബിൻദാസ് നൽകിയ കൃത്യമായ പാസ് വലയിലെത്തിച്ച് വിക്ടർ ബെർട്ടോമ്യൂ ടീമിന് ജീവൻ നൽകി.

തുടർന്ന് 74-ാം മിനിറ്റിൽ ബെർട്ടോമ്യൂവിന് പകരം അർജന്റൈൻ താരം ഫ്രാഞ്ചുവിനെ പരിശീലകൻ ആഷ്‌ലി വെസ്റ്റ്‌വുഡ് മൈതാനത്തിറക്കി. കളത്തിലിറങ്ങി ആറാം മിനിറ്റിൽ തന്നെ ഫ്രാഞ്ചു തന്റെ അരങ്ങേറ്റം ഗംഭീരമാക്കി. എബിൻദാസിന്റെ രണ്ടാം അസിസ്റ്റിൽ ഫ്രാഞ്ചു തൊടുത്ത ഷോട്ട് വല തുളച്ചതോടെ കണ്ഠീരവയിൽ മഞ്ഞപ്പട വിജയമുറപ്പിച്ചു. അവസാന നിമിഷം വരെ പൊരുതിയിട്ടും ഗോൾ മടക്കാൻ ബംഗളൂരുവിനായില്ല.

വിജയത്തോടെ എട്ട് മത്സരങ്ങളിൽ നിന്ന് നാല് പോയന്റായെങ്കിലും ബ്ലാസ്റ്റേഴ്സ് പട്ടികയിൽ 13-ാം സ്ഥാനത്ത് തുടരുകയാണ്. തോൽവി വഴങ്ങിയെങ്കിലും 14 പോയന്റുള്ള ബംഗളൂരു നാലാം സ്ഥാനത്തുണ്ട്. ചെന്നൈയിൽ നടന്ന മറ്റൊരു മത്സരത്തിൽ ഈസ്റ്റ് ബംഗാൾ 3-1ന് ചെന്നൈയിൻ എഫ്.സിയെ പരാജയപ്പെടുത്തി.

Tags:    

Similar News