സീസണിലെ ആദ്യ വിദേശ സൈനിങ്; കോൾഡോ ഒബിയേറ്റയെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്; സ്പാനിഷ് സ്‌ട്രൈക്കർ എത്തുന്നത് ഒരു വർഷത്തെ കരാറിൽ; മുന്നേറ്റനിര ശക്തമാക്കാൻ കൊമ്പന്മാർ കൂടാരത്തിലെത്തിച്ചത് പരിചയസമ്പന്നനായ താരത്തെ
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐ.എസ്.എൽ) പുതിയ സീസണിന് മുന്നോടിയായി സ്പാനിഷ് സെന്റർ ഫോർവേഡ് കോൾഡോ ഒബിയേറ്റയെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി. ഒരു വർഷത്തെ കരാറിലാണ് 31-കാരനായ താരം ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. സ്പാനിഷ് നാലാം ഡിവിഷൻ ക്ലബ്ബായ റയൽ യൂണിയനിൽ നിന്നാണ് താരം കേരള ബ്ലാസ്റ്റേഴ്സിലെത്തുന്നത്. ഈ സീസണിലെ ആദ്യ വിദേശ സൈനിങ്ങിലൂടെ മുന്നേറ്റനിരയുടെ കരുത്ത് വർദ്ധിപ്പിക്കുകയാണ് ക്ലബ്ബിന്റെ ലക്ഷ്യം.
ബ്ലാസ്റ്റേഴ്സ് കുടുംബത്തിൽ അംഗമാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് കോൾഡോ പ്രതികരിച്ചു. ക്ലബ്ബിനെക്കുറിച്ചും അവിടുത്തെ ആരാധകരെക്കുറിച്ചും ഇന്റർനെറ്റിൽ നിന്ന് മനസ്സിലാക്കിയെന്നും, ഈ കുടുംബത്തിന്റെ ഭാഗമാകാൻ സാധിച്ചതിൽ വളരെയധികം അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൈതാനത്ത് മികച്ച പ്രകടനം കാഴ്ചവെക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും സ്പാനിഷ് താരം പറഞ്ഞു. 'ഒബിയെറ്റ വിവിധ സ്പാനിഷ് ക്ലബ്ബുകളിൽ കളിച്ച പരിചയസമ്പന്നനായ മുന്നേറ്റനിരക്കാരനാണ്. അദ്ദേഹത്തിന്റെ കളി മികവ് നമ്മുടെ ടീമിന് ആക്രമണത്തിൽ കൂടുതൽ ഓപ്ഷനുകൾ നൽകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,' സ്പോർട്ടിംഗ് ഡയറക്ടർ കരോളിസ് സ്കിങ്കിസ് പറഞ്ഞു.
ശാരീരികക്ഷമത, തലകൊണ്ട് പന്ത് നേടുന്നതിലെ വൈദഗ്ദ്ധ്യം, ബോക്സിനുള്ളിലെയും മുന്നേറ്റങ്ങൾ, മികച്ച ഫിനിഷിങ് എന്നിവയെല്ലാം കോൾഡോയുടെ പ്രത്യേകതകളാണ്. ഈ സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ വിദേശ താരമാണ് കോൾഡോ ഒബിയെറ്റ. സ്പാനിഷ് ക്ലബ്ബുകളിൽ കളിച്ചുള്ള അനുഭവസമ്പത്തുള്ള മികച്ച ഫോർവേഡ് താരമാണ് കോൾഡോ. ഗേർനികയിൽ ജനിച്ച കോൾഡോ, തന്റെ ഹോംടൗൺ ക്ലബ്ബായ ഗേർനിക ക്ലബ്ബിലൂടെയാണ് ഫുട്ബോൾ കരിയർ ആരംഭിച്ചത്.
2012 മുതൽ സീനിയർ ഫുട്‌ബോൾ കളിക്കുന്ന താരം സമൂദിയോ, എസ്.ഡി അമോറെബിയെറ്റ, സി.ഡി. ടുഡെലാനോ, എ.ഡി. അൽകോർക്കോൺ തുടങ്ങിയ ക്ലബ്ബുകൾക്കായി ബൂട്ടണിഞ്ഞിട്ടുണ്ട്. ആറടി ഉയരമുള്ള കോൾഡോയ്ക്ക് എയറിൽ പന്ത് കൈവശപ്പെടുത്താനുള്ള കഴിവിലും കൗണ്ടർ അറ്റാക്കുകളിലെ ഫിനിഷിങ്ങിലും മികവുണ്ട്. ഈ മാസം ഏഴിന് ഗോവയിൽ ആരംഭിക്കുന്ന ബ്ലാസ്റ്റേഴ്സിന്റെ പ്രീ-സീസൺ ക്യാമ്പിൽ കോൾഡോ ടീമിനൊപ്പം ചേരുമെന്ന് പ്രതീക്ഷിക്കുന്നു.