വിക്ടർ ബെർട്ടോമിയു ബ്ലാസ്റ്റേഴ്‌സിലേക്ക്; ടീമിലെത്തുന്നത് യൂറോപ്പിലും ഏഷ്യയിലും പന്തുതട്ടിയ അനുഭവസമ്പത്തോടെ; കൊമ്പന്മാരുടെ ആക്രമണനിരയിൽ ഇനി 'സ്പാനിഷ് ടച്ച്'

Update: 2026-01-29 11:19 GMT

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിന് മുന്നോടിയായി ആക്രമണനിര ശക്തമാക്കാൻ സ്പാനിഷ് താരം വിക്ടർ ബെർട്ടോമിയുവിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. 33 വയസ്സുകാരനായ താരം സെന്റർ ഫോർവേഡായും വിങ്ങറായും ഒരുപോലെ തിളങ്ങാൻ കെൽപ്പുള്ളവനാണ്. ഹോങ്കോങ്ങ് പ്രീമിയർ ലീഗിലെ ഈസ്റ്റേൺ എഫ്.സിയിൽ നിന്നാണ് താരം മഞ്ഞപ്പടയുടെ ഭാഗമാകുന്നത്.

അനുഭവസമ്പത്തുള്ള താരം:

യൂറോപ്പിലും ഏഷ്യയിലുമായി വിവിധ ക്ലബ്ബുകളിൽ കളിച്ച അനുഭവസമ്പത്തുമായാണ് ബെർട്ടോമിയു എത്തുന്നത്. സ്പെയിനിലെ ജിംനാസ്റ്റിക് ഡി ടരാഗോണ, സി.എഫ് അസ്കോ തുടങ്ങിയ ക്ലബ്ബുകൾക്ക് പുറമെ ഇന്തോനേഷ്യൻ ക്ലബ്ബായ ഗ്രെസിക് യുണൈറ്റഡിനായും അദ്ദേഹം പന്തുതട്ടിയിട്ടുണ്ട്. ആക്രമണശൈലിയും വേഗതയുമാണ് ബെർട്ടോമിയുവിന്റെ പ്രധാന പ്രത്യേകതകൾ. ടീമിന് പുതിയൊരു ഊർജ്ജം നൽകാൻ അദ്ദേഹത്തിന് കഴിയുമെന്ന് ബ്ലാസ്റ്റേഴ്‌സ് സിഇഒ അഭിക് ചാറ്റർജി പറഞ്ഞു.

ഹോം മത്സരങ്ങൾ കോഴിക്കോട്ട്:

ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് മറ്റൊരു വലിയ വാർത്ത കൂടിയുണ്ട്. ടീമിന്റെ ഹോം ഗ്രൗണ്ട് കൊച്ചിയിൽ നിന്നും കോഴിക്കോട് ഇ.എം.എസ് കോർപ്പറേഷൻ സ്റ്റേഡിയത്തിലേക്ക് മാറ്റി. സാമ്പത്തിക ചിലവുകൾ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ മലബാറിലെ ഫുട്ബോൾ ആരാധകർക്ക് ഐഎസ്എൽ ആവേശം നേരിട്ട് അനുഭവിക്കാനുള്ള അവസരമൊരുങ്ങും.

സീസൺ ഫെബ്രുവരി 14 മുതൽ:

ഫെബ്രുവരി 14-ന് കൊൽക്കത്തയിൽ മോഹൻ ബഗാൻ സൂപ്പർ ജയിന്റിനെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഈ സീസണിലെ ആദ്യ മത്സരം. ആദ്യ ഹോം മത്സരം: ഫെബ്രുവരി 22-ന് മുംബൈ സിറ്റി എഫ്.സിക്കെതിരെ കോഴിക്കോട്ട് നടക്കും.

മറ്റ് ഹോം മത്സരങ്ങൾ: ഫെബ്രുവരി 28, മാർച്ച് 7, 21, ഏപ്രിൽ 15, 18, 23, മെയ് 10, 17 തീയതികളിൽ കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിൽ വെച്ച് ബ്ലാസ്റ്റേഴ്‌സ് വിവിധ ടീമുകളെ നേരിടും.

Tags:    

Similar News