പത്ത് പേരായി ചുരുങ്ങിയിട്ടും സ്വന്തം തട്ടകത്തിൽ പൊരുതി; ലണ്ടൻ ഡെർബിയിലെ ആവേശപ്പോരിൽ സമനില പിടിച്ച് ചെൽസി; ആഴ്സണലിന്റേത് പ്രീമിയൽ ലീഗിൽ തോൽവിയറിയാത്ത പത്താം മത്സരം
ലണ്ടൻ: ആവേശകരമായ പ്രീമിയർ ലീഗ് ലണ്ടൻ ഡെർബി പോരാട്ടത്തിൽ പത്തുപേരുമായി കളിച്ച ചെൽസി ആഴ്സണലിനെ 1-1 സമനിലയിൽ തളച്ചു. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ, പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ ആഴ്സണൽ അഞ്ച് പോയിന്റ് വ്യക്തമായ ലീഡോടെ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ട്രെവോ ചാലോബയിലൂടെ ചെൽസി മുന്നിലെത്തിയപ്പോൾ, മിക്കൽ മെറിനോ ആഴ്സണലിനായി സമനില ഗോൾ നേടി. മത്സരത്തിന്റെ 38-ാം മിനിറ്റിൽ മോയിസസ് കൈസെഡോ ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ചെൽസിക്ക് തിരിച്ചടിയായി.
കളിയുടെ 38-ാം മിനിറ്റിൽ ആഴ്സണൽ താരം മിക്കൽ മെറിനോയെ ഫൗൾ ചെയ്തതിനാണ് വിഎആർ പരിശോധനയ്ക്ക് ശേഷം ചെൽസിയുടെ മധ്യനിര താരം കൈസെഡോയ്ക്ക് റഫറി ആന്റണി ടെയ്‌ലർ ചുവപ്പ് കാർഡ് നൽകിയത്. ഇതോടെ 10 പേരായി ചുരുങ്ങിയെങ്കിലും, രണ്ടാം പകുതിയുടെ തുടക്കത്തിൽ ചെൽസി ലീഡെടുത്തു. 48-ാം മിനിറ്റിൽ ക്യാപ്റ്റൻ റീസ് ജെയിംസ് എടുത്ത മനോഹരമായ കോർണർ കിക്കിൽ നിന്ന് ഹെഡറിലൂടെ ട്രെവോ ചാലോബയാണ് ചെൽസിക്ക് ലീഡ് സമ്മാനിച്ചത്.
എന്നാൽ, 59-ാം മിനിറ്റിൽ ബുക്കായോ സാക്കയുടെ കൃത്യതയാർന്ന ക്രോസിൽ നിന്ന് മിക്കൽ മെറിനോയുടെ തകർപ്പൻ ഹെഡർ ആഴ്സണലിന് സമനില നൽകി. വിജയഗോളിനായി ആഴ്സണൽ പിന്നീട് തീവ്രശ്രമങ്ങൾ നടത്തി. പകരക്കാരനായി ഇറങ്ങിയ മാർട്ടിൻ ഓഡെഗാർഡ് രണ്ടുതവണ ഗോളിന് അടുത്തെത്തിയെങ്കിലും ചെൽസി പ്രതിരോധം തടഞ്ഞു. അവസാന നിമിഷങ്ങളിൽ മെറിനോയുടെ ഒരു ശക്തമായ ഷോട്ട് ചെൽസി ഗോൾകീപ്പർ റോബർട്ട് സാഞ്ചസ് മികച്ചൊരു സേവിലൂടെ തട്ടിയകറ്റി.
ചെൽസി നന്നായി പ്രതിരോധിച്ചെന്നും മികച്ച കളിക്കാരുണ്ടെന്നും മെറിനോ ബിബിസിയോട് പ്രതികരിച്ചു. ഗോൾ വഴങ്ങിയ ശേഷവും ടീം മികച്ച പ്രതികരണമാണ് നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സമനിലയോടെ 30 പോയിന്റോടെ ആഴ്സണൽ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്ത് അഞ്ച് പോയിന്റ് ലീഡ് നിലനിർത്തി. 25 പോയിന്റോടെ മാഞ്ചസ്റ്റർ സിറ്റി രണ്ടാം സ്ഥാനത്തും 24 പോയിന്റോടെ ചെൽസി മൂന്നാം സ്ഥാനത്തുമാണ്.